‘ബാവ്‌രാ മന്‍’, ‘അലി മൊരേ അങ്കനാ’, ‘അബ്കെ സാവന്‍’, ‘പ്യാര്‍ കേ ഗീത്’, തുടങ്ങിയ ഗാനങ്ങളിലൂടെയാണ് ശുഭാ മുദ്ഗൽ എന്ന ഗായിക നമ്മുടെ മനസ്സില്‍ നിറഞ്ഞു നില്കുന്നത്. അവരെ എക്കാലവും ഓര്‍മ്മിക്കാന്‍ ഇത്തരം ചില ഗാനങ്ങള്‍ മതി എന്ന് കൂടി അവരെ ഓര്‍മ്മിപ്പിച്ചപ്പോള്‍ അവര്‍ മറുപടി പറഞ്ഞതിങ്ങനെ.

“ഈ പാട്ടുകളുടെ പേരിൽ ഞാൻ ഓര്‍മ്മിക്കപ്പെടുന്നുണ്ടെങ്കിൽ അതാ സംഗീതത്തിന്‍റെ മഹത്വമാണ്. ഞാൻ അതിൽ ഏറെ സന്തുഷ്ടയുമാണ്. ഒരു പാട്ടു എല്ലാവരുടെയും ഓർമയിൽ സാധാരണ ഗതിയിൽ തങ്ങി നിൽക്കുമെന്ന് നാം കരുതുന്ന കാലത്തിനുമപ്പുറം ഒരു നല്ല പാട്ടിനു ആയുസ്സുണ്ടാവും എന്നാണ് ഇത് തെളിയിക്കുന്നത്.”

​വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുന്ന, പണ്ഡിതർ നിറഞ്ഞ ഒരു കുടുംബത്തിൽ ജനിച്ച ശുഭാ മുദ്ഗൽ, ചെറുപ്പത്തിലേ ഹിന്ദുസ്ഥാനി സംഗീതത്തിൽ തല്പരയായിരുന്നു. 1980കളിൽ പൊതുവേദികളിൽ പാടാൻ തുടങ്ങിയ അവർ, 1990 ളിൽ ശാസ്ത്രീയ സംഗീതം, പോപ് അടക്കമുള്ള മറ്റു സംഗീതരീതികളുമായി സംയോജിപ്പിച്ചു കൊണ്ടുള്ള പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. മൂന്നു പതിറ്റാണ്ടോളം സംഗീത മേഖലയിൽ നിറഞ്ഞു നിന്ന അവരോട്, നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സംഗീത കാലഘട്ടം ഏതാണെന്നു ചോദിച്ചപ്പോള്‍ അവരുടെ മറുപടി ഇതായിരുന്നു.

“ഈ യാത്രയിലെ ഓരോ വളവും തിരിവും പ്രധാനമായിരുന്നു. അതു കൊണ്ട് തന്നെ ഏറ്റവും പ്രിയപ്പെട്ട ഘട്ടം ഏതെന്നു പറയുക വിഷമമാണ്. പോപ്പുലർ സംഗീതത്തിന് ഉള്ള പോലെയൊരു കേള്‍വിക്കാര്‍ ശാസ്ത്രീയ സംഗീതത്തിന് ഏറെക്കാലമായില്ല. അതിന്‍റെ ആവശ്യവുമില്ല എന്ന് ഞാൻ കരുതുന്നു.”

“നമുക്ക് കിട്ടുന്ന ആസ്വാദകർ, അല്ലെങ്കിൽ കേള്‍വിക്കാര്‍, പലപ്പോഴും പ്രവചനാതീതരാണ്. ശാസ്ത്രീയ സംഗീതം മുതിർന്ന തലമുറകളുടേതാണ് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ, പൊടുന്നനെ വളരെ സമർത്ഥരായ, ബുദ്ധിയുള്ള ഒരു കൂട്ടം ചെറുപ്പക്കാർ, ശാസ്ത്രീയ സംഗീതം കേൾക്കാൻ വരികയും അത്ഭുതകരമായ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു. സംഗീതത്തിന് മനുഷ്യരുമായി സംവദിക്കാനുള്ള തനതായ ചില രീതികളുണ്ട്. അതിനെ നാം മുൻവിധിയോടെ സമീപിക്കരുത്”, അവർ വിശദീകരിച്ചു.

​കേൾവിക്കാരുടെ താല്പര്യമനുസരിച്ച് എപ്പോഴെങ്കിലും ശുഭാ മുദ്ഗലിനു തന്‍റെ സംഗീതശൈലികൾ മാറ്റേണ്ടി വന്നിട്ടുണ്ടോ?

“ഇല്ല, ഞാൻ ഒരിക്കലും അത് ചെയ്തിട്ടില്ല. അമിതവണ്ണമുള്ള ഒരു സ്ത്രീ സാരി ഉടുത്തുകൊണ്ട് പോപ്പുലർ സംഗീതം പാടിയാൽ ആര് കേൾക്കാനാണ്? അത്തരം ഡിമാന്റുകൾ പ്രധാനമായിരുന്നെങ്കിൽ, വല്ല തടികുറയ്ക്കൽ പരിപാടിയിലും ചേർന്ന്, കൂടുതൽ മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞു ഞാൻ വേദിയിൽ വന്നേനെ, അല്ലെ? എന്‍റെ സംഗീതം തന്നെ അതിന്‍റെ ജോലി ചെയ്യന്നതുകൊണ്ട് എനിക്ക് അത്തരം നടപടികളുടെ ആവശ്യം വന്നിട്ടേയില്ല.”

“അമിതവണ്ണമുള്ള ഒരു സ്ത്രീ സാരി ഉടുത്തുകൊണ്ട് പോപ്പുലർ സംഗീതം പാടിയാൽ ആര് കേൾക്കാനാണ്?”

പഴയ ക്ലാസ്സിക് ഗാനങ്ങളെ പുനരാവിഷ്കരിക്കുന്നതു സംബന്ധിച്ച് എല്ലാവര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുമ്പോൾ, “ഒരു പുതിയ ആൾ നന്നായി പുതുക്കിപ്പാടുമ്പോൾ, ഒരു പഴയ പാട്ടിനു പുതുജീവൻ ലഭിക്കുന്നു” എന്നാണ് മുദ്ഗൽ കരുതുന്നത്. “ആ പാട്ടുണ്ടാക്കിയവരെ അംഗീകരിച്ചുകൊണ്ട്, നീതിപൂർവം ചെയ്യുകയാണെങ്കിൽ അതിൽ യാതൊരു കുഴപ്പവുമില്ല” എന്നും അവര്‍ കൂട്ടിച്ചേർത്തു.

​തന്‍റെ ഗാനങ്ങൾ ആരെങ്കിലും റീമിക്സ് ചെയ്തു പാടിയാൽ എന്ത് തോന്നും എന്ന് ചോദിച്ചപ്പോൾ, ഉടനടി മറുപടി വന്നു.

“എനിക്ക് സന്തോഷമേയുള്ളൂ അത് കേൾക്കാൻ. ഒരുപാട് പേര്‍ ആ പാട്ടുകൾ പാടി ഞാൻ കേൾക്കാറുണ്ട്. ഞാൻ, ഞാനായത് കൊണ്ടാണല്ലോ അത് ഒരു പ്രത്യേക രീതിയിൽ പാടിയത്.”

“മറ്റുള്ളവർ അവരുടെ രീതിയിൽ വേണം പാടാൻ. എന്നെ പോലെ വേണ്ട. അവർക്ക് ഇഷ്ടമാവുന്ന ഏതു രീതിയിലും പാടാം.”

സംഗീതത്തെക്കുറിച്ച് ആത്മാർത്ഥമായ പഠനങ്ങൾ കുറവാണെന്നത് ആശങ്കയ്ക്ക് കാരണമാണെന്ന് ശുഭാ മുദ്ഗൽ പറയുന്നു.

“കലകൾക്ക് ഈ സമൂഹം അത്രക്ക് പ്രാധാന്യം കൊടുക്കുന്നില്ല എന്നത് എന്നെ സങ്കടപ്പെടുത്തുന്ന കാര്യമാണ്. സംഗീതത്തെക്കുറിച്ചു കാര്യമായി പഠിക്കാൻ ആഗ്രഹമുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന സമൂഹമല്ല നമ്മുടേത്. സർക്കാർ നയരൂപീകരണത്തിൽ പങ്കു വഹിക്കുന്നവരും കലകളെപ്പറ്റി അധികം ചിന്തിക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്.”

തന്‍റെ അടുത്ത ഗാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗാനങ്ങള്‍ ചിത്രീകരിക്കുന്നതിനെക്കുറിച്ചുള്ള തന്‍റെ താത്പര്യങ്ങള്‍ ഇങ്ങനെ വെളിപ്പെടുത്തി.

“എന്‍റെ അടുത്ത ഗാനം നിങ്ങൾ കേൾക്കുകയെ ഉള്ളു, കാണുകയുണ്ടാവില്ല. വീഡിയോ ഇഷ്ടപ്പെടുന്ന ആളല്ല ഞാന്‍. എനിക്ക് ഓഡിയോ ആണിഷ്ടം. ട്രാക്ക് പാടിക്കഴിഞ്ഞു ഇപ്പോൾ.”

പരിഭാഷ: ആര്‍ദ്ര എന്‍ ജി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ