നടി ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി കന്നഡ സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷ്. ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് ‘ഷക്കീല’. റിച്ച ഛദ്ദ നായികയാകുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
മലയാളി താരമായ രാജീവ് പിള്ള, കന്നഡ താരം എസ്തര്‍ നൊറോണ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ പകുതിയിലേറെ ഭാഗം ഷൂട്ടിങ് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘ഷക്കീലയുടെ ജീവതം അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. അവരുടെ ചില സ്‌മോള്‍ ബജറ്റ് ചിത്രങ്ങള്‍ അഞ്ചുകോടി വരെ കളക്ഷന്‍ നേടിയിട്ടുണ്ട്. ചിലത് എട്ടുകോടി വരെ പോയിട്ടുണ്ട്. 190ഓളം ചിത്രങ്ങളില്‍ ഒരു വര്‍ഷം ഷക്കീല അഭിനയിച്ചിട്ടുണ്ട്. പോസ്റ്ററില്‍ അവരുടെ മുഖം മാത്രം മതി സിനിമ വിജയം നേടാന്‍,’ സംവിധായകന്‍ ലങ്കേഷ് പറയുന്നു.
തന്റെ ആത്മകഥയില്‍ ഷക്കീല പറയുന്നുണ്ട് സിൽക്ക് സ്മിതയുടെ ജീവിതം തനിക്ക് പ്രചോദനമായിരുന്നുവെന്ന്. സില്‍ക്കിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് 2001ല്‍ ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രം ഒരുക്കിയത്. എന്നാല്‍ തന്റെ ചിത്രം അതില്‍ നിന്നും വ്യത്യസ്തമായിരിക്കുമന്ന് ലങ്കേഷ് വ്യക്തമാക്കി.
‘എന്റെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണെങ്കിലും ഡേര്‍ട്ടി പിക്ചര്‍ ഒരു ബയോപിക് ആയിരുന്നില്ല. എന്റെ ചിത്രത്തില്‍ ഒന്നും ഒഴിവാക്കില്ല. ഞങ്ങള്‍ ഷക്കീലയുടെ ബാല്യകാലം സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ വ്യക്തിജീവിതത്തില്‍ അവര്‍ നടത്തിയ തിരഞ്ഞെടുപ്പുകള്‍, എങ്ങനെയാണ് സിനിമയിലേക്ക് വന്നത്, ഇപ്പോള്‍ ഉള്ള ഇമേജ് എങ്ങനെ ഉണ്ടായി, ജീവിതത്തില്‍ അവര്‍ അനുഭവിച്ച കഷ്ടതകള്‍ തുടങ്ങി എല്ലാം ഉള്‍പ്പെട്ടതാണ് ഈ സിനിമ. തന്റെ ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ ഒന്നും അരിച്ചുമാറ്റാതെ തുറന്നുപറയുന്ന പ്രകൃതക്കാരിയാണ് ഷക്കീല,’ ഒപ്പം ഒരു പുരുഷാധിപത്യ സമൂഹത്തില്‍ ജീവിക്കുന്ന ഓരോ സ്ത്രീയുടേയും കഥയാണ് ഷക്കീലയുടേതെന്ന് സംവിധായകന്‍ ലങ്കേഷ് അഭിപ്രായപ്പെട്ടു.
ഷക്കീലയുടെ ജീവിതത്തില്‍ നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിട്ടുള്ളതായി താന്‍ മനസിലാക്കിയെന്നും ഒരു സിനിമയ്ക്കു തയ്യാറായ തിരക്കഥ പോലെയാണ് അതെന്നും റിച്ച ഛദ്ദ പറയുന്നു. മാത്രമല്ല, ഷക്കീല അതിജീവനത്തിന്റെ മാതൃകയാണെന്നും റിച്ച കൂട്ടിച്ചേര്‍ത്തു.
‘നമുക്കൊന്നും അറിയാത്ത ഒരുപാട് വശങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ട്. അവരെ അവരാക്കി മാറ്റിയ അനുഭവങ്ങള്‍. വ്യക്തിജീവിതം പ്രൊഫഷണല്‍ ജീവിതത്തേയും ബാധിക്കും. അതാണ് ഈ സിനിമ,’ റിച്ച പറഞ്ഞു.