രസകരമായ സംഭാഷണങ്ങളിലൂടെയും മിമിക്രിയിലൂടെയുമൊക്കെ സദസ്സിനെ കയ്യിലെടുക്കാൻ പ്രത്യേക കഴിവുള്ള നടനാണ് ജയറാം. പൊന്നിയിൻ സെൽവന്റെ പ്രമോഷനിടെ നടൻ പ്രഭുവിനെ അനുകരിച്ച് വേദിയെ പൊട്ടിച്ചിരിപ്പിക്കുന്ന ജയറാമിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. രജനീകാന്ത്, കമൽഹാസൻ, മണിരത്നം, എ ആർ റഹ്മാൻ, പ്രഭു, വിക്രം, ഐശ്വര്യറായ്, കാർത്തി തുടങ്ങി താരനിബിഡമായ സദസ്സിനു മുന്നിലായിരുന്നു ജയറാമിന്റെ രസകരമായ മിമിക്രി അവതരണം.
പൊന്നിയിൻ സെൽവൻ ഷൂട്ടിനിടെ നടൻ പ്രഭുവിനൊപ്പം കാരവാൻ പങ്കിട്ടപ്പോഴുണ്ടായ രസകരമായ അനുഭവമാണ് ജയറാം പങ്കുവച്ചത്. “പുലർച്ചെ നാലരമണിയ്ക്ക് രണ്ടു പാക്കറ്റ് ഫുഡുമായി പ്രഭു സാർ വന്നു വിളിച്ചു. കയ്യിലുള്ള ഭക്ഷണം രണ്ടുപേർക്കും ഷെയർ ചെയ്തു കഴിക്കാമെന്ന് പറഞ്ഞു. ഒരുപാട് നേരത്തെയല്ലേ, ഈ സമയത്ത് എങ്ങനെ കഴിക്കുമെന്നായി ഞാൻ. നിനക്ക് മണിരത്നത്തെ അറിയില്ലേ, മണി ബ്രേക്കേ തരില്ല, കഴിക്കുന്നെങ്കിൽ ഇപ്പോഴേ കഴിക്കാം. നാലര മണിയ്ക്ക് കഴിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ഞാനവിടെയൊക്കെ ഒന്നു ചുറ്റികറങ്ങി നടന്നിട്ട് വന്ന് പ്രഭുസാറോട് പറഞ്ഞു,” മണി സാർ പറഞ്ഞു. ഒരേ ഒരു ഷോട്ടേയുള്ളൂ. അതുകഴിഞ്ഞ് ക്യാമറ സെറ്റ് ചെയ്യാൻ രണ്ടുമണിക്കൂർ എടുക്കും, ആ സമയം ഭക്ഷണം കഴിക്കാ’മെന്ന്. മണി അങ്ങനെ പറഞ്ഞോ, എന്നാൽ ഓകെ, എന്നും പറഞ്ഞ് എന്നെ വിശ്വസിച്ച് പ്രഭുസാർ കഴിക്കാതെ ഷൂട്ടിനിറങ്ങി.”
“ആറുമണിയ്ക്ക് ആരംഭിച്ച ഷൂട്ട് 7 മണിയായി, എട്ടായി, പത്തായി, പതിനൊന്നായി. പത്തുമണിയായപ്പോഴൊക്കെ എനിക്ക് പ്രഭുസാറിന്റെ ശബ്ദം കേൾക്കാം, “ഏയ് മണീ… എനിക്ക് വിശക്കുന്നൂ”. ഷൂട്ടിംഗ് നീണ്ടുപോയി രണ്ടുമണിയായി. ഞാൻ പ്രഭുസാറിന്റെ കണ്ണിൽ പെടാതെ ഒരിടത്തുപോയി ഇരിക്കുകയാണ്. അപ്പോഴെനിക്ക് ശബ്ദം കേൾക്കാം, ആരേലും പോയി മൊട്ടയടിച്ച് കയ്യിലൊരു വടിയുമായി ഇരിക്കുന്ന ആളെ കണ്ടുപിടിച്ചുകൊണ്ടുവരൂ, അവന്റെ കയ്യിലെ വടിയെടുത്ത് അവന്റെ തലയ്ക്കിട്ട് തന്നെയൊന്നു കൊടുക്കൂ. വിശപ്പ് സഹിക്കാനാവാത്ത സാർ ഞാൻ കാരണം ഏറെ കഷ്ടപ്പെട്ടു,” ജയറാം തന്നെ അനുകരിച്ച് പറഞ്ഞ കഥയെ കയ്യടികളോടെ സ്വീകരിക്കുന്ന പ്രഭുവിനെയും വീഡിയോയിൽ കാണാം.
മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്മാണ്ഡചിത്രത്തിൽ ആഴ്വാര്‍കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. വിക്രം, ഐശ്വര്യ റായി, ജയം രവി, ഐശ്വര്യ ലക്ഷ്മി, കാർത്തി, പ്രഭു, തൃഷ, പ്രകാശ് രാജ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
ലൈക്ക പ്രൊഡക്ഷൻസ്, മദ്രാസ് ടാല്‍കീസ് എന്നിവര്‍ സംയുക്തമായി നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രണ്ടു ഭാഷകളിലായി റിലീസ് ചെയ്യും. പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്നം, കുമരവേല്‍, ജയമോഹന്‍ (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മ്മന്‍, ചിത്രസന്നിവേശം ശ്രീകര്‍ പ്രസാദ്, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആര്‍ റഹ്മാന്‍.
തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം റിലീസിനെത്തുക. അഞ്ഞൂറ് കോടി മുതൽമുടക്കിലാണ് ഈ ബ്രഹ്മാണ്ഡചിത്രം ഒരുങ്ങുന്നത്. സെപ്റ്റംബർ 30-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.