കൊച്ചി: സിനിമ ടിക്കറ്റുകള്‍ക്ക് ചരക്ക് സേവന നികുതിക്ക് പുറമെ വിനോദ നികുതി കൂടി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്, തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് എന്നിവയുടെ ഹര്‍ജികള്‍ പരിഗണിക്കവെയാണ്, സംസ്ഥാന ബജറ്റിലെ ഈ നിർദേശത്തിന് കോടതി സ്റ്റേ നല്‍കിയത്.
ഇരട്ട നികുതി ചലച്ചിത്ര രംഗത്തിന്റേയും മലയാള സിനിമയുടേയും നാശത്തിന് കാരണമാകും എന്നാണ് സംഘടനകള്‍ അഭിപ്രായപ്പെടുന്നത്. ഈ തീരുമാനം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇരു സംഘടനകളും കോടതിയെ സമീപിച്ചത്.
വിനോദ നികുതി നിർദേശത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും ജിഎസ്ടിക്ക് പുറമെയുള്ള വിനോദ നികുതി ഇരട്ട നികുതിക്ക് തുല്യമാണെന്നുമാണ് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നിലപാട്. ഇതിനെ ഒരു തരത്തിലും തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് നേരത്തേ തന്നെ ചേംബര്‍ വ്യക്തമാക്കിയിരുന്നു.
ചലച്ചിത്ര വ്യവസായത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഈ തീരുമാനം തീര്‍ത്തും അപ്രായോഗികമാണെന്നായിരുന്നു ഫിയോക്കിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫിയോക്ക് ധനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനവും നല്‍കിയിരുന്നു.
തോമസ് ഐസക്കിന്റെ ബജറ്റിലെ നിർദേശം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സിനിമാ പ്രതിനിധികള്‍ ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ താരസംഘടനകളുടെ പ്രതിനിധികളായി മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരും ഫെഫ്കയെ പ്രതിനിധീകരിച്ചുകൊണ്ട് ബി.ഉണ്ണികൃഷ്ണന്, രജപുത്ര രഞ്ജിത് തുടങ്ങിയവരും പങ്കെടുത്തു. ആവശ്യമായ നടപടികള്‍ കൈക്കൊള്ളാമെന്നായിരുന്നു മുഖ്യമന്ത്രി നല്കിയ ഉറപ്പ്.