ആക്രമണത്തിന് ഇരയായ നടിയുടെ പേര് ഫെയ്സ്ബുക്കിലൂടെ പരസ്യപ്പെടുത്തിയ സംഭവത്തില്‍ നടന്‍ അജു വര്‍ഗ്ഗീസിനെതിരെ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെ ന്യായീകരിച്ചു കൊണ്ട് അജു വര്‍ഗ്ഗീസ് ഇട്ട പോസ്റ്റ് വിവാദമായതോടെ കളമശ്ശേരി പൊലീസ് അജുവിനെതിരെ ചുമത്തിയ കേസാണ് ഇപ്പോൾ റദ്ദാക്കപ്പെട്ടിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു.

തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ അജു വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അജു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോൾ ജസ്റ്റിസ് സുനില്‍ തോമസ് കേസ് റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

അജു വര്‍ഗ്ഗീസ് തന്‍റെ പേര് പരാമര്‍ശിച്ചു പോസ്റ്റ് ചെയ്ത കുറിപ്പ് ദുരുദ്ദേശ്യപരമല്ലെന്നും അജുവിനെതിരായ കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നടി നല്‍കിയ സത്യവാങ്മൂലവും അജു കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

പോസ്റ്റ് വിവാദമായതോടെ, നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായും അത് തിരുത്തുന്നതായും വ്യക്തമാക്കി അജു വര്‍ഗീസ് ക്ഷമ ചോദിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook