ശ്യാമപ്രസാദ് ചിത്രം ‘ഹേയ് ജൂഡി’ല്‍ നിവിന്‍ പോളിയുടെ പ്രകടനം കണ്ണു നിറയ്ക്കുന്നതാണെന്ന് നടി തൃഷ കൃഷ്ണന്‍. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തൃഷയും നിവിനുമാണ്. ഇന്നലെയാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയത്.

തമിഴിലെ പ്രശസ്ത അവതാരക ദിവ്യ ദര്‍ശിനി തന്‍റെ ട്വിറ്ററില്‍ ഉന്നയിച്ച സംശയത്തിനാണ് തൃഷ മറുപടി പറഞ്ഞത്.  തൃഷ മലയാളം പറഞ്ഞതിന്‍റെ സന്തോഷം പങ്കു വച്ച ദിവ്യ ദര്‍ശിനി, നിവിന്‍റെ പെര്‍ഫോമന്‍സ്  പ്രേക്ഷകരെ കണ്ണുകളെ ഈറനണിയിക്കാന്‍ സാധ്യതയുണ്ട് എന്നും കുറിച്ചു.  ഇതിന് മറുപടിയായി ത്രിഷ പറഞ്ഞതിങ്ങനെ.

‘അതെ, നിവിന്‍റെ ജൂഡ് നിങ്ങളെ കുറച്ചു കരയിക്കാന്‍ സാധ്യതയുണ്ട്’.

ഈ ചിത്രം തന്‍റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്നും, സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും തൃഷ കൂട്ടിച്ചേര്‍ത്തു.  സിനിമാ ലോകമാകെ പ്രതീക്ഷയോടെ  ഉറ്റു നോക്കുന്നതാണ് ത്രിഷയുടെ മലയാളത്തിലേക്കുള്ള രംഗ പ്രവേശം.  ട്രെയിലറിന് ഇത് വരെ നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

ഇവിടെ എന്ന പൃഥ്വിരാജ് ചിത്രത്തിനു ശേഷം ശ്യാമപ്രസാദ് വീണ്ടുമൊരു സിനിമയുമായെത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. ക്രിസ്റ്റല്‍ എന്ന കഥാപാത്രത്തെയാണ് തൃഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഗോവയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിങ്. സിദ്ദിഖ്, പ്രതാപ് പോത്തന്‍, നീനാ കുറുപ്പ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ