scorecardresearch
Latest News

ഹേയ് ജൂഡ്: പ്രസാദാത്മകതയുടെ പ്രകാശം 

“അതീവ ലളിതമാണ്  ഈ സിനിമയുടെ ഇതിവൃത്തം. എന്നാല്‍ സമുദ്രത്തേക്കാള്‍ ആഴമേറിയ മനുഷ്യമനസ്സിന്‍റെ സങ്കീര്‍ണ്ണതകളെയാണ് അത് ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നത് എന്ന വൈരുദ്ധ്യവും ഇതിലുണ്ട്”, സാഹിത്യ വിമർശകന്‍ എം.കെ.ശ്രീകുമാറിന്‍റെ സിനിമാ കാഴ്ച

hey jude

കൊച്ചിയില്‍ നിന്ന് ഗോവയിലേയ്ക്കുള്ള യാത്രയാണ് ശ്യാമപ്രസാദിന്‍റെ ‘ ഹേയ് ജൂഡ്’ എന്ന സിനിമയെന്ന് ഒറ്റവരിയില്‍ കഥ പറഞ്ഞൊതുക്കാവുന്നതേയുളളൂ തൃക്കാക്കര മുതല്‍ കൊച്ചിത്തുറമുഖം വരെയുള്ള വഴി ഒരു നേര്‍വര പോലെ വിശ്വാസം നിറഞ്ഞതായിരുന്നു എന്ന് കെ ജി ശങ്കരപ്പിള്ള ‘കൊച്ചിയിലെ വൃക്ഷങ്ങള്‍’ എന്ന കവിതയില്‍ എഴുതുന്നത് പോലെ അതീവ ലളിതമാണ് ഈ സിനിമയുടെ ഇതിവൃത്തം. എന്നാല്‍ സമുദ്രത്തേക്കാള്‍ ആഴമേറിയ മനുഷ്യമനസ്സിന്‍റെ സങ്കീര്‍ണ്ണത കളെയാണ് അത് ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നത് എന്ന വൈരുധ്യവും ഇതിലുണ്ട്.

കച്ചവടമൂല്യത്തിനും മാനുഷികമൂല്യത്തിനുമിടയിലുള്ള ദൂരമാണ് ഈ സിനിമ ഓടിത്തീര്‍ക്കുന്നത്. കേരളീയ മൂല്യങ്ങളുടെ കൊച്ചൊരു കച്ചവട പതിപ്പാണ്‌ കൊച്ചി. കെ ജി എസിന്‍റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ കള്ളന്‍, ചതിയന്‍, പൊളിവചനം തുടങ്ങിയ വളവുകളും വേഗങ്ങളുമാണ് ഇന്ന് കേരളീയ ജീവിതത്തെ നിയന്ത്രിക്കുന്നത്‌. നവോത്ഥാന ഹൈന്ദവപാരമ്പര്യത്തേയും കമ്യൂണിസത്തിന്‍റെയും ഗാന്ധിസത്തിന്റെയും ആദര്‍ശാത്മക ഭൂതകാലത്തേയും, യേശുവിന്‍റെ തിരുമുറിവുകളെയും, നബിയുടെ കാരുണ്യത്തെയും ഒക്കെ വിറ്റു കാശാക്കുന്ന വാചകകസര്‍ത്തിലാണ് നമ്മുടെ ചെറുതും വലുതുമായ പണപ്പെട്ടികള്‍ നിറഞ്ഞു കവിയുന്നത്. പാരമ്പര്യം എന്നത് കച്ചവടത്തില്‍ അധിക മൂല്യം നേടിത്തരുന്നതിനുള്ള വില്‍പ്പനാസഹായി മാത്രമാണ്. എത്ര വിശേഷപ്പെട്ട കണ്ണട വെച്ചാലും അയല്‍ക്കാരന്‍റെ ദൈന്യം നമ്മുടെ കണ്ണില്‍ തെളിയുന്നില്ല.

ചക്കയും മാങ്ങയും വിശേഷപലഹാരങ്ങളും പങ്കിട്ടു ജീവിച്ച അയല്പക്കങ്ങളിലെ സ്നേഹക്കിണറുകള്‍ വറ്റിക്കഴിഞ്ഞു. ഈസിചെയറും ഈസിമണിയും ചേര്‍ന്ന് അവനവന്‍ വട്ടത്തിലേയ്ക്ക് മനുഷ്യനെ ചുരുക്കി കെട്ടിയിട്ടുണ്ട്. തെങ്ങുകളുടെയും റബ്ബറിന്‍റെയും ഇടയില്‍ സെമസ്റ്റര്‍ കണക്കിന് രാസവളമിട്ടു വളര്‍ത്തുന്ന നാണ്യവിളകള്‍ മാത്രമാണ് മക്കള്‍. അവരുടെ ഹൃദയ വികാരങ്ങള്‍ മനസ്സിലാക്കാനുള്ള അമ്മമനസ്സ് നഷ്ടപ്പെട്ടരായ മാതാപിതാക്കള്‍. ജൂഡിന്‍റെ പപ്പയും മമ്മിയും അത്തരത്തിലുള്ള ടിപ്പിക്കല്‍ കേരളീയ മാതാപിതാക്കളാണ്.

സമകാലിക കേരളീയന്‍റെ മറ്റൊരു മൂലവ്യാധി കപട സദാചാര ബോധമാണ്. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും കെട്ടിപ്പിടിച്ചാല്‍ കേരള സദാചാര റിക്ടര്‍ സ്കയിലുകള്‍ ഞെട്ടി വിറയ്ക്കുമെന്ന് നാം ഈയിടെ കണ്ടതാണല്ലോ. സമൂഹം കുത്തിവെയ്ക്കുന്ന ഈ ‘സ്ത്രീ ഭീതി’ ഒരു പെരുമാറ്റ വൈകല്യമായി അവനെ സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ പ്രേരിപ്പിക്കുകയാണ്. ഒളിഞ്ഞു നോക്കി ഉമിനീരിറക്കി സദാചാരക്കഴുതകളായി നടിക്കുകയാണ് നാം . ആട്ടവും പാട്ടുമില്ലാത്ത ഈ പാവജീവിതത്തില്‍ പരസ്പരം തൊട്ടറിയാനുള്ള സംവേദനശേഷി നഷ്ടപ്പെടുന്നു എന്നാണ് ‘ ഹേയ് ജൂഡ്’ എന്ന സിനമയിലൂടെ ശ്യാമപ്രസാദ് പറയാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അത് കേള്‍ക്കാനുള്ള ശ്രവണപുടങ്ങളുടെ സംഗീതാത്മകതയും നമ്മുടെ പ്രേക്ഷക സമൂഹത്തിന് നഷ്ടമായില്ലേ എന്ന് തോന്നുന്നു.

കൊച്ചിയുടെ കപടവ്യാപാര ജീവിതത്തില്‍ നിന്ന് രോഗാതുരമായ യാത്ര പുറപ്പെടുന്ന സിനിമ ചെന്നണയുന്നത് ഗോവയുടെ പാട്ടും കൂത്തും നിറഞ്ഞ ആഘോഷങ്ങളുടെ ആനന്ദചികിത്സയിലേയ്ക്കാണ്. കേരളീയതയുടെ ഒരു ബദല്‍ സംസ്കൃതിയാണിത്. കൊച്ചി, ഗോവ എന്നീ ലൊക്കേഷനുകള്‍ക്ക് പ്രതീകാത്മകമായ ഒരു താരതമ്യ അര്‍ത്ഥം കൊടുക്കുകയാണ് സംവിധായകന്‍.

‘ഹേയ് ജൂഡ്’ എന്നത് ഒരു അഭിസംബോധനയാണ്. അവന്‍റെ മാതാപിതാക്കളോ, സഹോദരിയോ, സഹപ്രവര്‍ത്തകരോ അവന്‍റെ യഥാര്‍ത്ഥ സ്വത്വത്തെയോ കഴിവുകളെയോ അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചില്ല എന്നതാണ് നേര്. അവന്‍റെ സാഗര ജ്ഞാനത്തിനു മുന്നില്‍ മറ്റുള്ളവര്‍ എത്രയോ അൽപ്പബുദ്ധികള്‍. അവന്‍റെ സ്വയം പ്രകാശനത്തിനുള്ള ഓരോ ശ്രമങ്ങളെയും മറ്റുള്ളവര്‍ എല്ലാവരും ചേര്‍ന്ന് മുളയിലേ നുള്ളിക്കളയുകയാണ്. ഒരു സമൂഹത്തില്‍ നാം നോര്‍മല്‍ എന്നു വിളിക്കുന്നത്‌ പൊതുസാമാന്യത്തിന്‍റെ അല്‍പപ്രതിഭയെയാണ്. പ്രതിഭാശാലികളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചെറിയ അളവുപാത്രങ്ങള്‍ മാത്രം കയ്യിലുള്ളവര്‍ അവരെ വട്ടന്മാരെന്നു പരിഹസിച്ചു തളര്‍ത്തുകയും ചെയ്യും.

ഈ പരിഹാസത്തളര്‍ച്ചയാണ് ജൂഡിന്‍റെ വ്യക്തിത്വ വികസനത്തിന് തടസ്സമായി നില്‍ക്കുന്നത്. ഇത് മൂലം സൃഷ്ടിക്കപ്പെട്ട ആത്മവിശ്വാസക്കുറവ് ജലഭീതിയായി ജൂഡിന്‍റെ വ്യക്തിത്വത്തില്‍ രൂപാന്തരപ്പെടുകയും ചെയ്യുന്നു. കടല്‍ അവന്‍റെ പ്രേമഭാജനമാണ്. എങ്കിലും അവന് കടലിനെ പേടിയാണ് ജീവിതമാകുന്ന കടലിലേയ്ക്ക് തോണിയിറക്കുവാന്‍ ഉറ്റവരാരും അവന് സഹായകമായില്ല. ജന്മനായുള്ള ചെറിയ ചെറിയ വ്യത്യസ്തകളേ (പൊതുസമൂഹം പറയുന്ന പരിമിതികളേ) അവനുണ്ടായിരുന്നുള്ളൂ. സ്നേഹപൂര്‍ണ്ണമായ കരുതല്‍ നല്‍കി കൈപിടിച്ചുയര്‍ത്തേണ്ടവര്‍ അവന് നിരന്തരം നൽകിക്കൊണ്ടിരുന്നത് കുറ്റപ്പെടുത്തലുകളും പരിഹാസവും മാത്രം. അമിതമായ സമയനിഷ്ഠ, വിട്ടു വീഴ്ചയില്ലാത്ത ഇഷ്ടാനിഷ്ടങ്ങള്‍, വൈകാരിക വിനിമയങ്ങളിലെ അപ്രാപ്തി, സ്ത്രീകളോട് അടുക്കാനുള്ള ഭയം തുടങ്ങിയ പെരുമാറ്റങ്ങളെ വളര്‍ത്തിവലുതാക്കാനേ ഇതൊക്കെ ഉപകരിച്ചുള്ളൂ.

ജൂഡിന്‍റെ പപ്പയ്ക്ക് പുരാവസ്തുക്കള്‍ വില്‍ക്കുന്ന കടയാണ്. നുണ അയാളുടെ കച്ചവട വായ്ത്താരിയാണ്. ജൂഡിന്‍റെ ശിശുതുല്യമായ സഹജനിഷ്ക്കളങ്കതയാകട്ടെ അവനെ ഒരിക്കലും നുണ പറയാത്ത ശുദ്ധ വ്യക്തിത്വത്തിന്‍റെ ഉടമയാക്കുന്നു. പപ്പയുടെ നുണകള്‍ അവനെ ആശയ കുഴപ്പത്തിലാക്കുന്നുണ്ട്. പപ്പയുടെ നുണകള്‍ മറ്റുള്ളവരുടെ മുന്നില്‍ അവന്‍ തുറന്നു കാട്ടുന്ന ചില രംഗങ്ങളുണ്ട്. സിനിമയില്‍ ഒരിക്കല്‍ അവന്‍ പപ്പയുടെ നേരെ നുണയന്‍ എന്ന് വിളിച്ച് പൊട്ടിത്തെറിയ്ക്കുക പോലും ചെയ്യുന്നുണ്ട്. നുണയും കാപട്യവും സ്വാര്‍ത്ഥതയും മൂലധന നിക്ഷേപമായിട്ടുള്ള പപ്പയുടെ പെരുമാറ്റങ്ങളിലെ ഇടർച്ചകൾ (inconsistency) അവനെ ആശയക്കുഴപ്പത്തിലാക്കുന്നു. അക്കങ്ങളുടെ യുക്തിയേ അവനു പിടികിട്ടുന്നുള്ളൂ. അവ സ്ഥിര മൂല്യങ്ങള്‍ ഉള്ളവയാണ്. മുതിര്‍ന്നവരുടെ വൈകാരികതകള്‍ക്കാകട്ടെ അവന്‍ സ്ഥിരത കാണുന്നില്ല. ഒലീവിയാന്റിയുടെ മരണവാര്‍ത്തയറിഞ്ഞു പോകാന്‍ വിസ്സമതിക്കുന്ന പപ്പ, ആന്റിയുടെ സ്വത്തുക്കളുടെ അനന്തരാവകാശി ആകാനുള്ള സാധ്യത ഉണ്ടെന്നറിയുമ്പോള്‍ ഗോവയ്ക്ക് പുറപ്പെടുന്നു. ഒലീവിയാന്റിയെക്കുറിച്ചുള്ള വ്യാജസ്തുതികള്‍ ഒരു ഉളുപ്പിമില്ലാതെ തട്ടിവിടുന്നു. യഥാര്‍ത്ഥത്തില്‍ പെരുമാറ്റ വൈകൃതം അവന്‍റെ മാതാപിതാക്കള്‍ക്കായിരുന്നു. നുണ പറയാന്‍ അവര്‍ അവനെ നിര്‍ബന്ധിക്കുമ്പോഴെല്ലാം “ഞാന്‍ നുണ പറയില്ല” എന്ന് അവന്‍ ഉറപ്പിച്ചു പറയുന്നുണ്ട്. മുതിര്‍ന്നവരുടെ കപട മൂല്യങ്ങള്‍ സ്വായത്തമാക്കാന്‍ കഴിയാത്തതാണ് അവന്‍റെ ‘പെരുമാറ്റ വൈകല്യ’ത്തിന് കാരണമായിത്തീരുന്നത്. കാപട്യം നിറഞ്ഞ വികാരങ്ങളുടെ കെമിസ്ട്രി അവനു മനസ്സിലാകുന്നില്ല.

തന്‍റെ വിട്ടു വീഴ്ചയില്ലാത്ത ഇഷ്ടാനിഷ്ടങ്ങളും പെരുമാറ്റങ്ങളും മറ്റുള്ളവര്‍ക്ക് എന്തു ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ അവന് കഴിയാതെ പോകുന്നതിന്റെ ഉത്തരവാദികള്‍ മാതപിതാക്കളാണ്. പെണ്ണ് കാണാന്‍ മാതാപിതാക്കള്‍ കൊണ്ട് പോകുന്ന അവസരത്തില്‍ ലഡ്ഡു കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന പെണ്‍കുട്ടിയോട് ലഡ്ഡുവില്‍ കലോറി കൂടുതലാണെന്നും അത് തടി കൂട്ടുകയും ചെയ്യും എന്നു പറയുന്നത് അവന്‍റെ സഹജമായ വിജ്ഞാന പ്രകടന ത്വര കൊണ്ടാണ് . അവള്‍ക്കു തടി കൂടുതലാണെന്ന് അവന്‍ സമ്മതിക്കുമ്പോള്‍ അതവളെ വേദനിപ്പിക്കും എന്ന വൈകാരികജ്ഞാനം അവനില്ല. മറ്റുള്ളവരെ വേദനിപ്പിക്കുന്ന സത്യങ്ങള്‍ തുറന്നു പറയാന്‍ പാടില്ല എന്ന് അവന് മനസ്സിലാകാത്തതാണ് കാരണം.

Shyam Prasad
നിവിന്‍ പോളി, ശ്യാമപ്രസാദ് എന്നിവര്‍ ‘ഹേയ് ജൂഡ്’ ചിത്രീകരണത്തിനിടയില്‍

വിഷാദം തുടങ്ങിയ മനോരോഗങ്ങളിലും, മറ്റു ശാരീരികവും മാനസികവുമായ പോരായ്മകളിലും ദുഃഖ പ്രകടനം വിപരീത ഫലമേ ചെയ്യൂ. സഹതാപം ഒരു മരുന്നല്ല. ദുഃഖിക്കുന്നവന്‍റെ കൂടെ ദുഃഖിക്കുകയല്ല വേണ്ടത്. അവന് /അവള്‍ക്ക് ആനന്ദവും ആഹ്ളാദവും നല്‍കുന്ന ചുറ്റുപാടുകള്‍ ഒരുക്കുകയും തങ്ങളുടെ വിപരീതാവസ്ഥകളില്‍ നിന്നും കരകയറാനുള്ള പഠന സഹായികള്‍ നല്‍കി അവരെ സ്വയം പര്യാപ്തരാകാന്‍ സഹായിക്കുകയുമാണ് ചെയ്യേണ്ടത്. ‘ ഹേയ് ജൂഡി’ലെ ഹാസ്യപരിചരണം പ്രസാദാത്മകമാണ്. ഇതിനെ ഒരു വാണിജ്യ ചേരുവയായി ഈ സിനിമയില്‍ കാണാന്‍ കഴിയില്ല. ഗ്ലിസ്സറിന്‍ ധാരാളമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടായിരുന്ന ഈ സിനിമയില്‍ നിന്ന് ദുഃഖത്തെയും വിഷാദത്തെയും അകറ്റി നിർത്തി സിനിമ പ്രസാദാത്മകമാക്കാനാണ് ശ്യാമപ്രസാദ് ഹാസ്യത്തെ സമര്‍ത്ഥമായി ഉപയോഗിച്ചിട്ടുള്ളത്. തീര്‍ച്ചയായും ഈ ചിത്രം കലാമൂല്യമുള്ള ഒരു entertainer ആണ്. അത് സിനിമയുടെ ഇതിവൃത്തത്തിന് അവശ്യം വേണ്ടത് തന്നെയാണ് എന്നതാണതിന്‍റെ പ്രസക്തി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Hey jude pleasant portrayal of the unpleasant nivin pauly shyamaprasad