ബോളിവുഡിന്റെ സ്വപ്‌ന നായകൻ ഷാരൂഖിനൊപ്പം അഭിനയിക്കാൻ കൊതിക്കുന്നവരാണ് എല്ലാ നടികളും. എന്നാൽ കിങ് ഖാനൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരം വേണ്ടെന്നു പറഞ്ഞിരിക്കുകയാണ് നടി സ്വരാ ഭാസ്‌കർ. ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് സ്വരയെ ക്ഷണിച്ചെങ്കിലും വേഷത്തെക്കുറിച്ച കേട്ട ശേഷം ഇല്ലെന്ന് നടി പറയുകയായിരുന്നു.

ഷാരൂഖിന്റെ അമ്മ വേഷമായിരുന്നു ചിത്രത്തിൽ സ്വരയ്‌ക്ക് നൽകാൻ സംവിധായകൻ തീരുമാനിച്ചത്. എന്നാൽ ഷാരൂഖിനൊപ്പം അഭിനയിക്കാൻ ഇഷ്‌ടമാണെന്നും പക്ഷേ താരത്തിന്റെ അമ്മ വേഷം ചെയ്യാൻ താത്‌പര്യമില്ലെന്നുമാണ് നടി അറിയിച്ചത്. കുളളനായി വേഷപകർച്ചയിലാണ് ഷാരൂഖ് ചിത്രത്തിൽ എത്തുന്നത്.

ആനന്ദ് എൽ റായ്‌യുടെ തനു വെഡ്‌സ് മനുവിലൂടെ(2011) അഭിനയ രംഗത്തേക്ക് വന്ന സ്വരയുടെ പുതിയ ചിത്രം അനാർക്കലി ഓഫ് ആരാ ഇതിനോടകം വിവാദങ്ങൾ മൂലം തന്നെ ശ്രദ്ധനേടിയിരുന്നു. സെൻസർ ബോർഡ് വെട്ടിയ ചിത്രത്തിലെ ചൂടൻ രംഗങ്ങൾ യൂട്യൂബിലൂടെ പുറത്താവുകയായിരുന്നു. അനാർക്കലി ഓഫ് ആരാ മാർച്ച് 24ന് പുറത്തിറങ്ങും.

നിൽ ഭട്ടി സന്നാട്ട എന്ന ചിത്രം ഒട്ടേറെ പ്രശംസ സ്വരയ്ക്ക് നേടിക്കൊടുത്തിരുന്നു. സൽമാൻ ഖാൻ നായകനായ പ്രേം രത്തൻ ധൻ പായോ എന്ന സ്വരയുടെ ചിത്രവും ബോക്‌സ് ഓഫീസിൽ ഹിറ്റായിരുന്നു. ഏതായാലും ബോളിവുഡിൽ തന്റേതായി ഒരു സ്ഥാനം ഇതിനോടകം സൃഷ്‌ടിച്ച സ്വരയുടെ കരിയറിനെ ഈ തീരുമാനം ബാധിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ