പ്രശസ്തരായ ആളുകളെ ഉപയോഗിച്ച് ബ്രാൻഡുകളുടെ പരസ്യം നൽകുന്നത് പുതിയ രീതിയല്ല. ഇത് കാലങ്ങളായി തുടരുന്നുണ്ട്. എന്നാൽ സമീപകാലത്ത് ഇത്തരം പരസ്യങ്ങൾക്കെതിരെ നിലപാടുകൾ സ്വീകരിച്ച് നിരവധി താരങ്ങൾ എത്തിയിരുന്നു. തങ്ങൾ ഉപയോഗിക്കാത്ത വസ്തുക്കൾക്ക് വേണ്ടി പരസ്യം ചെയ്യാനാകില്ലെന്നായിരുന്നു ഇവരെല്ലാം പറഞ്ഞത്. ഈ ശ്രേണിയിലേക്ക് ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ പേര് കൂടി എഴുതി ചേർക്കാം ഇനി.
Read More: നിലപാടിലുറച്ച്, രണ്ട് കോടിയുടെ പരസ്യം വേണ്ടെന്ന് വെച്ച് സായ് പല്ലവി
പത്ത് കോടി രൂപയുടെ പരസ്യമാണ് ശിൽപ വേണ്ടെന്ന് വച്ചത്. ശരീരം മെലിയുന്നതിനുള്ള ആയുര്‍വേദ മരുന്നിന്റെ പരസ്യ മോഡലാകാനുള്ള ഓഫറായിരുന്നു ഇത്. “ഞാന്‍ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വില്ക്കാന് എനിക്കാവില്ല,” എന്ന് ശിൽപ തുറന്നടിച്ചു.
“മെലിയാനുള്ള ഗുളികകളും അതിശയകരമായ ഭക്ഷണങ്ങളുമെല്ലാം നമ്മളെ പ്രലോഭിപ്പിക്കും. കാരണം അവയൊക്കെ ക്ഷിപ്രഫലമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, ശരിയായ ആഹാരക്രമത്തിനും ചിട്ടയോടെയുള്ള ജീവിതചര്യയ്ക്കും പകരംവയ്ക്കാന്‍ മറ്റൊന്നിനുമാവില്ല. ജീവിത രീതി ചെറുതായി ഒന്ന് പരിഷ്കരിച്ചാല്‍ ദീര്‍ഘനാളത്തേയ്ക്കുള്ള ഫലമുണ്ടാകും,” ശിൽപ വ്യക്തമാക്കി.
Read More: ഇനി ഞാൻ ഉപയോഗിക്കാത്ത ബ്രാന്റുകളുടെ പരസ്യം ചെയ്യില്ല; നിലപാട് വ്യക്തമാക്കി കോഹ്ലി
ഫിറ്റ്നസിൽ ഏറെ ശ്രദ്ധ പുലർത്തുന്നവരാണ് ബോളിവുഡ് താരങ്ങൾ. പലർക്കും ഇതിനായി പ്രത്യേക ട്രെയിനർമാരുമുണ്ട്. ഒട്ടുമിക്ക താരങ്ങളും യോഗാഭ്യാസം ചെയ്യുന്നവരാണ്. ഇതിൽ എടുത്തു പറയേണ്ട പേര് തന്നെയാണ് ശിൽപ ഷെട്ടിയുടേത്. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ മറ്റേത് താരങ്ങളേക്കാളും മുന്‍പന്തിയിലാണ് ശില്പ. എന്നാല്‍, ആരോഗ്യ സംരക്ഷണത്തിനും ശരീരസൗന്ദര്യ സംരക്ഷണത്തിനും എളുപ്പവഴികൾ ഒന്നും തന്നെയില്ലെന്നും വിശ്വസിക്കുന്ന ആളാണ് ശില്പ.
ഇങ്ങനെ കോടികൾ കൊടുത്ത് നിലപാടുകളെ വിലയ്ക്ക് വാങ്ങാൻ സാധിക്കില്ലെന്ന് പറഞ്ഞ മറ്റൊരു നടിയാണ് സായ് പല്ലവി. തന്നെ തേടിയെത്തിയ രണ്ട് കോടിയോളം പ്രതിഫലമുള്ള ഒരു പരസ്യം വേണ്ടെന്ന് വച്ച് അടുത്തിയെ സായ് പല്ലവി വാർത്തകളിൽ നിറഞ്ഞിരുന്നു.
പ്രശസ്ത ഫെയർനെസ് ക്രീം ബ്രാൻഡിന്റെ പരസ്യത്തിലേക്കുള്ള ഓഫറാണ് സായ് പല്ലവി നിഷേധിച്ചത്. രണ്ടു കോടിയോളം രൂപ കമ്പനി ഓഫർ ചെയ്തെങ്കിലും സായ് പല്ലവി ഓഫർ സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ട്. തന്റെ സിനിമകളിൽ പോലും അപൂർവമായി മാത്രം മേക്കപ്പ് ഉപയോഗിക്കുന്ന, മുഖത്തെ മുഖക്കുരുവിന്റെ പാടുകൾ മായ്ക്കാൻ പോലും ചികിത്സ തേടാൻ ഇഷ്ടപ്പെടാത്ത താരം, തന്റെ പോളിസികൾക്കും നിലപാടുകൾക്കും വിരുദ്ധമായ പ്രൊഡക്റ്റിനെ പിന്തുണയ്ക്കില്ലെന്ന നിലപാടിന്റെ പുറത്താണ് പരസ്യം വേണ്ടെന്നു വച്ചത്. താരത്തിന്റെ നിലപാടിനെ കൈയ്യടികളോടെയാണ് ആരാധകർ വരവേറ്റത്.
പെപ്സി കോളയുടെ പരസ്യത്തിൽ അഭിനയിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി വിസമ്മതിച്ച സംഭവം നേരത്തെ വാർത്തയായിരുന്നു. താൻ ഉപയോഗിക്കാത്ത വസ്തുക്കളുടെ പരസ്യം ചെയ്യാൻ താരത്തിന് താത്പര്യമില്ലെന്ന് പിന്നീട് വാർത്തകൾ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണവുമായി ഇന്ത്യൻ ടീം നായകൻ തന്നെ പിന്നീട് രംഗത്ത് വന്നിരുന്നു.
“എനിക്ക് വിശ്വാസമുള്ളതും ഉപയോഗിക്കുന്നതുമായ ബ്രാൻഡുകളുടെ പരസ്യത്തിൽ മാത്രമേ ഇനി മുതൽ അഭിനയിക്കൂ. പെപ്സിയുമായുള്ള കരാർ അവസാനിപ്പിച്ച ശേഷവും ഞാൻ ഉപയോഗിക്കാത്ത നിരവധി ബ്രാൻഡുകൾ ഓഫറുമായി വന്നിരുന്നു. പക്ഷെ ഒന്നും സ്വീകരിച്ചില്ല”, എന്നായിരുന്നു കോഹ്ലി പറഞ്ഞത്.