പൃഥ്വിരാജ് ചിത്രം 9 ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടു. നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിനും മഞ്ഞ മലകള്‍ക്കും താഴെ തീപന്തവുമായി നായകന്‍ നില്‍ക്കുന്നതാണ് മോഷന്‍ പോസ്റ്റര്‍. പശ്ചാത്തല സംഗീതവും ആകാശത്ത് മിന്നിമറയുന്ന വാല്‍നക്ഷത്രവുമെല്ലാം ചിത്രത്തിനായുളള കാത്തിരിപ്പ് വര്‍ധിപ്പിക്കുന്നതാണ്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് 9. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. നിത്യാ മോനോനും പാര്‍വ്വതിയും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുളള വിവരങ്ങള്‍ അധികം വൈകാതെ അറിയിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്ത് വിട്ടിരുന്നു. അതേസമയം, 9 ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമായിരിക്കും. മലയാളത്തില്‍ അത്ര പരിചിതമല്ലാത്ത സയന്‍സ് ഫിക്ഷന്‍ ജോണര്‍ വിഭാഗത്തില്‍ വലിയൊരു ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. സംവിധായകന്‍ കമലിന്റെ മകന്‍ ജെനൂസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അഭിനന്ദന്‍ രാമാനുജനാണ്.

പൃഥ്വിരാജും സുപ്രിയയും ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനിക്ക് തുടക്കം കുറിച്ചത്. ഈ കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ഒപ്പമാണ് രാജ്യാന്തരനിര്‍മാണ കമ്പനിയായ സോണി പിക്‌ചേഴ്‌സ് കൈകോര്‍ത്തത്.

കഴിഞ്ഞ കുറേ കാലങ്ങളായി ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ഇറങ്ങുന്ന ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. അതിനാല്‍ തന്നെയാണ് പ്രാദേശിക ഭാഷകളിലെ സിനിമാ നിര്‍മ്മാണത്തിലേക്കും സോണി പിക്‌ചേഴ്‌സ് കടക്കുന്നത്. മലയാളത്തില്‍ പൃഥ്വിരാജ് അല്ലാതെ മറ്റൊരു നല്ല പാര്‍ട്ണറെ കണ്ടെത്താന്‍ കഴിയില്ലെന്നാണ് പൃഥ്വിരാജിന്റെ പ്രൊഡക്ഷന്‍ കമ്പനിയുമായി കൈകോര്‍ത്തതിനെക്കുറിച്ച് സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയിന്‍മെന്റ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ വിവേക് കൃഷ്ണാനി പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook