ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതുമായി സംബന്ധിച്ച് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്ത് നടന്ന ചര്‍ച്ച നിരാശജനകമെന്ന് വിമൻ ഇൻ സിനിമ കളക്റ്റീവ് (ഡബ്ല്യുസിസി). ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സർക്കാർ പുറത്തുവിടണമെന്ന് ചർച്ചയ്ക്ക് ശേഷം ഡബ്ല്യുസിസി പ്രതിനിധികൾ ആവശ്യപ്പെട്ടു. വളരെ സമയമെടുത്ത് സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ നിരീക്ഷണം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് ഡബ്ല്യുസിസിയുടെ ആവശ്യം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടില്ലെന്ന സർക്കാർ തീരുമാനം സജി ചെറിയാൻ ആവർത്തിച്ച് വ്യക്തമാക്കിയതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഡബ്ല്യുസിസി പ്രതിനിധികൾ.
റിപ്പോര്‍ട്ടില്‍ രഹസ്യമായി സൂക്ഷിക്കേണ്ട ഭാഗമുണ്ടെന്ന സജി ചെറിയാന്റെ വാദത്തോട് രഹസ്യാത്മകത നിലനിര്‍ത്തി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് ഡബ്ല്യുസിസി പ്രതികരിച്ചത്. “ഇന്നത്തെ മീറ്റിംഗില്‍ വ്യക്തതകുറവുണ്ട്. ഇത്രയും പണവും സമയവും കൊടുത്ത് ഉണ്ടാക്കിയ റിപ്പോര്‍ട്ടിനകത്തുള്ള കണ്ടെത്തലുകളും നിരീക്ഷണങ്ങളും എന്താണെന്ന് മനസിലാകാതെ ഇതിലെ റെക്കമെന്‍ഡേഷന്‍സിനെ എങ്ങനെയാണ് മനസിലാക്കേണ്ടത്,” ഡബ്ല്യുസിസി പ്രതിനിധികള്‍ ചോദിക്കുന്നു. ജസ്റ്റിസ് ഹേമയെ ഉള്‍പ്പെടുത്തി ചര്‍ച്ച വിളിക്കണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. ഡബ്ല്യുസിസി പ്രതിനിധികളായ നടി പത്മപ്രിയ, ബീനപോൾ വേണുഗോപാൽ, ആശ ജോസഫ് എന്നിവർ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
Read more: ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാരിന്റെ കരട് നിർദേശങ്ങളിങ്ങനെ
സജി ചെറിയാനും ഡബ്ല്യുസിസി പ്രതിനിധികൾക്കുമൊപ്പം വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി ,ഷാജി എൻ.കരുൺ, രഞ്ജിത്, മധുപാൽ, നിയമ സെക്രട്ടറി, അമ്മ, മാക്ട, ഫെഫ്ക, ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സംഘടന ഭാരവാഹികൾ എന്നിവരും തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ പങ്കെടുത്തു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായാണ് ജസ്റ്റിസ് ഹേമയുടെ അധ്യക്ഷതയില്‍ മൂന്നംഗ സമിതിയെ നിയമിച്ചത്. 2017 ജൂലൈയിലാണ് ജസ്റ്റിസ് കെ ഹേമ (റിട്ടയേർഡ്) അധ്യക്ഷയായി മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷൻ സർക്കാർ രൂപീകരിച്ചത്. 2019 ഡിസംബറിൽ സർക്കാരിന് മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ, സർക്കാർ ഇതുവരെയും റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാത്തതിനെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍ക്കാര്‍ യോഗം വിളിച്ചത്.