കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് സഹായമഭ്യർത്ഥിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും. കഴിഞ്ഞ ഒരു മാസമായി ഇന്ത്യയിലെ കോവിഡ് വ്യാപന തോത് കുതിച്ചുയരുകയാണെന്നും അതിനെ തടയാൻ ഒരുപാട് കാര്യങ്ങൾ ചെയ്യണണമെന്നും അതിനായി എല്ലാവരും സഹായിക്കണമെന്നുമാണ് പ്രിയങ്ക സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെ അഭ്യർത്ഥിച്ചത്.
‘ടുഗതർ ഇന്ത്യ’ എന്ന ഹാഷ്ടാഗ് ക്യാംപെയിനിലൂടെ ‘ഗിവ് ഇന്ത്യ’ ഫൗണ്ടേഷൻ വഴി സഹായങ്ങൾ നൽകാനാണ് പ്രിയങ്കയുടെ അഭ്യർത്ഥന. ഇന്ത്യയുടെ ആരോഗ്യ മേഖലയിലേക്ക് കൂടുതൽ സംഭാവനകൾ ആവശ്യമുണ്ടെന്ന് വീഡിയോയിൽ താരം പറഞ്ഞു.
ആദ്യം ഇന്ത്യയിലെ നിലവിലെ സാഹചര്യം വ്യക്തമാക്കി പ്രിയങ്ക ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിനു ശേഷം ലഭിച്ച സഹായങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ടായിരുന്നു പുതിയ പോസ്റ്റ്.
ആദ്യ പോസ്റ്റിൽ ഇന്ത്യയുടെ അതിദാരുണ സാഹചര്യം വ്യക്തമാക്കിയ പ്രിയങ്ക ഇന്ത്യയിലെ തന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രതിസന്ധിയിലാണെന്ന് പറഞ്ഞു. ആശുപത്രികളില്‍ താങ്ങാവുന്നതിലധികം രോഗികളാണെന്നും ഐസിയുകളില്‍ സ്ഥലമില്ലാതെ, ഓക്‌സിജന്‍ കിട്ടാനില്ലാതെ ആളുകൾ മരിക്കുകയാണെന്നും മരണം കൂടുന്നതിനാല്‍ ശ്‌മശാനങ്ങൾ നിറയുകയാണെന്നും പ്രിയങ്ക പറഞ്ഞു.
Read Also: ആദ്യം ക്യാമറ വച്ചത് ‘തേന്‍മാവിന്‍ കൊമ്പത്തി’ന്, നൂറുമേനി വിജയം കൊയ്ത് തുടക്കം
”ഇന്ത്യ എന്റെ വീടാണ്. ഇപ്പോള്‍ മുറിവേറ്റ് രക്തമൊഴുകുന്ന നിലയിലാണ് ഇന്ത്യ. ഇപ്പോൾ ഇന്ത്യയെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാവരും അതിനായി സംഭാവന ചെയ്യണം. ഇന്ത്യക്ക് നിങ്ങളെ ആവശ്യമുണ്ട്” പ്രിയങ്ക പറഞ്ഞു.
തന്റെ ആരാധകർ എല്ലാവരും ചേർന്ന് ചെറിയ തുക നൽകിയാലും അത് വലിയ തുകയായി മാറുമെന്ന് പ്രിയങ്ക പറഞ്ഞു. ഹോളിവുഡിൽ ഉൾപ്പടെ അഭിനയിക്കുന്ന പ്രിയങ്ക ചോപ്രക്ക് സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരാണുള്ളത്.