തെലുങ്ക് സിനിമയുടെ ഒരു കാലഘട്ടത്തിന്റെ താരറാണി സാവിത്രിയുടെ ജീവിതം ആസ്‌പദമാക്കി ഒരുക്കിയ ചിത്രം ‘മഹാനടി’ കണ്ട് വികാരഭരിതരായി താരത്തിന്റെ മകള്‍. ഇന്നലെയാണ് ചിത്രം റിലീസ് ചെയ്തത്. സിനിമ കണ്ടതിനു ശേഷം സാവിത്രിയുടെ മകള്‍ വിജയ ചാമുണ്ഡേശ്വരി വികാരഭരിതയായി.

ചിത്രം കണ്ടതിനു ശേഷം ഹൃദയത്തിന്റെ ഭാഷയില്‍ വിജയ കീര്‍ത്തിക്കൊരു സന്ദേശമയച്ചു. ‘എപ്പോള്‍ എനിക്കിനി അമ്മയെ കാണണം എന്നു തോന്നിയാലും ഞാന്‍ നിന്റെ അടുത്തേയ്ക്കു വരും,’ എന്നായിരുന്നു സന്ദേശത്തില്‍ വിജയ പറഞ്ഞത്.

നിറ കണ്ണുകളോടെയാണ് വിജയ സിനിമ കണ്ടിറങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ മിക്ക രംഗങ്ങളും ഷൂട്ട് ചെയ്തത് വിജയയുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു. ചിത്രീകരണ വേളയിലും കീര്‍ത്തിയെ കാണുമ്പോള്‍ വിജയ വൈകാരികമായി പ്രതികരിക്കാറുണ്ടായിരുന്നുവെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ചിത്രത്തില്‍ സാവിത്രിയുടെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ 110 വ്യത്യസ്ത ലുക്കുകളിലാണ് കീര്‍ത്തി സുരേഷ് എത്തിയിരിക്കുന്നത് എന്ന് സംവിധായകന്‍ നാഗ് അശ്വിന്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ 20 എണ്ണം നേരത്തേ പുറത്തുവിട്ടിരുന്നു.

ജെമിനി ഗണേശന്‍, സാവിത്രി എന്നിവരുടെ പ്രണയ ജീവിതമാണ് ചിത്രം പറയുന്നത്. സാവിത്രിയായി കീര്‍ത്തി എത്തിയപ്പോള്‍ ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാനും എത്തി. സാമന്ത അക്കിനേനി, അര്‍ജുന്‍ റെഡ്ഡി താരം വിജയ് ദേവരകൊണ്ട എന്നിവരും ചിത്രത്തിലുണ്ട്. തമിഴിലും തെലുങ്കിലുമാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. നടികര്‍ തിലകം എന്നാണ് തമിഴില്‍ ചിത്രത്തിന്റെ പേര്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook