ഒരു ചാനൽ ചർച്ചയ്ക്കിടെ ഒരു ഗാനം പിറക്കുക. അപൂർവ്വമായ അത്തരമൊരു ഗാനം മലയാളക്കരയ്ക്ക് സമ്മാനിക്കുകയാണ് സംഗീതസംവിധായകൻ ഗോപി സുന്ദറും സംഘവും. മാതൃഭൂമി ചാനലിൽ അതിഥിയായെത്തിയപ്പോൾ വാർത്താ അവതാരകയുടെ അഭ്യർത്ഥന പ്രകാരം സംഗീതസംവിധായകൻ ഗോപിസുന്ദറും ഗാനരചയിതാവ് ഹരിനാരായണനും ഗായകൻ കണ്ണൂർ ഷെരീഫും ചേർന്നു ഒരുക്കിയ ഒരു പാട്ടിനെ മിനുക്കിയെടുത്തിരിക്കുകയാണ് ഈ ഗായകർ ഇപ്പോൾ.
“ഇതും പൊയ്പോയിടും… വിരൽ കോർക്കേണ്ട, മനം ചേർക്കാമിനി….,” എന്ന വരികളിൽ തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് ഹരിനാരായണൻ ആണ്. ഗോപിസുന്ദറിന്റെ സംഗീതത്തിൽ കണ്ണൂർ ഷെരീഫ്, നിരഞ്ജ് സുരേഷ്, ഹരീഷ് ശിവരാമകൃഷ്ണൻ, ക്രിസ്റ്റകല, ഐക്കി ബെറി, സിതാരകൃഷ്ണകുമാർ, അഭയ ഹിരൺമയി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മറ്റു ഗായകർക്കൊപ്പം ഗോപിസുന്ദറും പാടുന്നുണ്ട്. “നാളെ, നല്ല നാളെ മണ്ണിൽ വന്നിട്ടും… ഇല്ലാ തോൽക്കുകില്ല, വേണ്ടാ ഭീതികൾ,” എന്ന പ്രത്യാശ പകർന്നുകൊണ്ടാണ് ഗാനം അവസാനിക്കുന്നത്.
ലോക്ക്‌ഡൗൺ കാലത്തിലൂടെ കടന്നുപോവുന്ന ലോകമെമ്പാടുമുള്ള മലയാളികൾക്കു വേണ്ടി അടുത്തിടെ കെ എസ് ചിത്രയും ഒരുപറ്റം ഗായകരും ഒരു വീഡിയോയുമായി എത്തിയിരുന്നു. ‘ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ മിഴി തുറക്കൂ’ ’ എന്ന ഗാനം മലയാളത്തിലെ 23 പ്രമുഖ പിന്നണിഗായകർ ചേർന്ന് പാടിയ വീഡിയോ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലായിരുന്നു. ചിത്രയായിരുന്നു ഈ വേറിട്ട ആശയത്തിനു പിന്നിൽ.
“ലോകം മുഴുവനും ആളുകൾ ഭയചകിതരായി കഴിയുകയാണ്. ഞങ്ങൾ കുറച്ച് പാട്ടുകാർ ഒരുമിച്ച് ചേർന്ന് ഒരു പാട്ടിൻെറ വരികൾ അവരവരുടെ വീടുകളിലിരുന്ന് നിങ്ങൾക്കുവേണ്ടി പാടുന്നു. ലോകത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കുവാനും കോറോണ വൈറസ് പാടെ തുടച്ചുനീക്കാനും ദൈവത്തോടുള്ള പ്രാർഥന ആയിട്ടും ഈ പാട്ട് ഞങ്ങൾ സമർപ്പിക്കുന്നു.” ഗാനത്തെ കുറിച്ച് മലയാളത്തിൻെറ വാനമ്പാടി പറയുന്നതിങ്ങനെ.
ചിത്രയ്ക്ക് ഒപ്പം സുജാത, ശ്വേത മോഹൻ, രാജലക്ഷ്മി, റിമി ടോമി, ജ്യോൽസ്ന, കാവാലം ശ്രീകുമാർ, ശരത്, അഫ്സൽ, വിധു പ്രതാപ്, രഞ്ജിനി ജോസ്, സച്ചിൻ വാര്യർ, ദേവാനന്ദ്, രവിശങ്കർ, രമേശ് ബാബു, ശ്രീറാം, പ്രീത, നിഷാദ്, സംഗീത, രാകേഷ് ബ്രഹ്മാനന്ദൻ, അഖില ആനന്ദ്, ദിവ്യ മേനോൻ, ടീനു എന്നിവരും അണിനിരന്നു. ചിത്രയുടെ മാനേജർ വിനു ആയിരുന്നു ഇവർ റെക്കോർഡ് ചെയ്ത് അയച്ച വിഡിയോകൾ സംയോജിപ്പിച്ചെടുത്തത്.
Read more: നിന്നെ കൊണ്ട് വല്യ ശല്യമായല്ലോ; രൺബീറിനെ ഓടിച്ച് മമ്മൂട്ടി, ബച്ചന്റെ സൺഗ്ലാസ് തപ്പി മോഹൻലാൽ