ഐശ്വര്യ റായ് ബച്ചനും സഞ്ജയ് ലീലാ ബന്‍സാലിയും ഒന്നിച്ചപ്പോഴൊക്കെ സ്ക്രീനില്‍ മാജിക് തെളിഞ്ഞിട്ടുണ്ട്. ‘ദേവ‍്‍ദാസ്’, ‘ഗുസാരിഷ്’, ‘ഹം ദില്‍ ദെ ചുകെ സനം’ എന്നിവയൊക്കെ മികച്ച ബോളിവുഡ് ചിത്രങ്ങളുടെ പട്ടികയിലും ബോക്സ്ഓഫീസിലെ മികച്ച കളക്ഷന്‍ പട്ടികയിലും ഇടംനേടിയിട്ടുണ്ട്. ഇരുവരും ഇനിയും ഒന്നിക്കുന്ന നല്ല ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെയായി. ഇരുവരും ഒന്നിക്കുന്ന ചിത്രം ഉണ്ടാകും എന്ന്  റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.

ബോളിവുഡില്‍ ഹിറ്റായി മാറിയ ‘ബാജിറാവു മസ്താനി’യില്‍ ഭന്‍സാലി ആദ്യം പരിഗണിച്ചിരുന്നത് ഐശ്വര്യയേയും സല്‍മാന്‍ ഖാനേയും ആയിരുന്നു. എന്നാല്‍ താരങ്ങള്‍ തമ്മിലുണ്ടായ പ്രണയത്തകര്‍ച്ചയെ തുടര്‍ന്നുണ്ടായ അകല്‍ച്ചയാണ് ഇരുവരേയും ഈ ചിത്രത്തില്‍ നിന്ന് അകറ്റിയത്. നേരത്തേ ഈ വാര്‍ത്ത പുറത്തുവന്നിരുന്നെങ്കിലും ഐശ്വര്യ സ്പോട്ട് ബോയ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ഇത് സ്ഥിരീകരിച്ചു. ബന്‍സാലിയുമായി വീണ്ടും ഒന്നിച്ച് ചിത്രം ചെയ്യുമോ എന്നായിരുന്നു ഐശ്വര്യയോട് ചോദിച്ചത്.

‘ബാജിറാവു മസ്താനി’യില്‍ ചെയ്യാന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ എനിക്ക് പറ്റിയ ബാജിറാവുവിനെ (രണ്‍വീര്‍ സിംഗ് ചെയ്ത കഥാപാത്രം) കണ്ടെത്താന്‍ അദ്ദേഹത്തിനായില്ല. ‘പദ്മാവതി’ലും ഞാന്‍ വരേണ്ടതായിരുന്നു. പക്ഷെ എനിക്കായി ഖില്‍ജിയെ കണ്ടെത്താനും ബന്‍സാലിക്കായില്ല. അത്കൊണ്ടാണ് അതൊന്നും പിന്നീട് ഇല്ലാതായത്. അദ്ദേഹത്തോടൊത്ത് ചിത്രം ചെയ്യാന്‍ എനിക്കിഷ്ടമാണ്’, ഐശ്വര്യ പറഞ്ഞു. ഇരു ചിത്രങ്ങളിലും പിന്നീട് രണ്‍വീര്‍ സിംഗിനേയും ദീപിക പദുകോണിനേയും ആണ് ഭന്‍സാലി അഭിനയിപ്പിച്ചത്. ചിത്രങ്ങള്‍ വന്‍ ഹിറ്റായി മാറുകയും ചെയ്തു.

Ranveer Singh as Alaudeen Khilji in Sanjay Leela Bhansali's Padmaavat

‘പദ്മവതി’ല്‍ അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ സിംഗ്

കഥാപാത്രങ്ങള്‍ക്ക് പറ്റിയെ ആളെ കണ്ടെത്താനാവാത്തതാണ് പ്രശ്നമായി മാറിയതെന്ന് ഐശ്വര്യ കൂടിച്ചേര്‍ത്തു. ‘എനിക്ക് വേണ്ടി ഖില്‍ജിയെ കണ്ടെത്താന്‍ അദ്ദേഹം ശ്രമം നടത്തിയെങ്കിലും അത് നടന്നില്ല. അപ്പോള്‍ നമ്മള്‍ കഥാപാത്രമാവാന്‍ വരുന്നയാളെ പരിഗണിക്കണം. കണക്കു കൂട്ടിയത് പോലെ കാസ്റ്റിംഗ് നടന്നില്ലെങ്കില്‍ ഇങ്ങനെ സംഭവിക്കാം. ഒരുമിച്ച് ചിത്രം ചെയ്യണമെന്നാണ് ഞങ്ങള്‍ രണ്ട് പേരും എന്നും ആഗ്രഹിച്ചത്. എന്നാല്‍ അത് സംഭവിച്ചില്ല. എപ്പോഴെങ്കിലും അത് നടക്കുമോ എന്ന് നോക്കാം’, ഐശ്വര്യ പറഞ്ഞു.

ഐശ്വര്യാ റായുടെ സിനിമാ ജീവിതത്തിന്റെ വിജയത്തില്‍ വലിയ പങ്കു വഹിച്ച സംവിധായകനാണ് സഞ്ജയ്‌ ലീലാ ഭന്‍സാലി.   അദ്ദേഹത്തിന്റെ ചിത്രമായ ‘ഹം ദില്‍ ദേ ചുകേ സന’മാണ് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടും ബോക്സ്ഓഫീസ് വിജയം കൊണ്ടും ഐശ്വര്യയുടെ ജീവിതത്തില്‍ വഴിത്തിരിവാകുന്ന ചിത്രം.  ഇതിന്റെ

ചിത്രീകരണത്തിനിടയിലാണ് ഐശ്വര്യാ റായും സല്‍മാന്‍ ഖാനും തമ്മിലുള്ള പ്രണയത്തിലാകുന്നത്.  ചിത്രത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റിന്റെ വലിയ പങ്കു ഇവര്‍ തമ്മിലുള്ള കെമിസ്ട്രിയ്കാണ്.  മികച്ച ഗാനങ്ങള്‍ കൊണ്ടും ചിത്രീകരണം കൊണ്ടും ബോളിവുഡ് കണ്ട വലിയ വിജയങ്ങളില്‍ ഒന്നായി ‘ഹം ദില്‍ ദേ ചുകേ സനം’.

‘ഹം ദില്‍ ഡീ ചുകേ’യ്ക്ക് ശേഷം ‘ദേവ്ദാസ്‌’, ഗുസാരിഷ്’ എന്നെ ചിത്രങ്ങളിലാണ് ഐശ്വര്യ സഞ്ജയ്‌ ലീലാ ഭന്‍സാലിയോടൊപ്പം പ്രവര്‍ത്തിച്ചത്. ദേവ്ദാസ് ചിത്രീകരണത്തിനിടയിലാണ് ഐശ്വര്യയും സല്‍മാന്‍ ഖാനും തമ്മില്‍ പിരിയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook