കൊച്ചി: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്മാറിയ ഗായി വൈക്കം വിജയലക്ഷ്മി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്. തന്റെ അന്ധതയെ കളിയാക്കുകയും, ഔദാര്യം കണക്കെയാണ് തന്നെ വിവാഹം ചെയ്യുന്നതെന്ന തരത്തിലായിരുന്നു അയാളുടെ പരുമാറ്റമെന്നും വിജയലക്ഷ്മി പറഞ്ഞു. റെഡിഫിന് അനുവദിച്ച അഭിമുഖത്തിലാണ് വിജയലക്ഷ്മി കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

വിവാഹമുറപ്പിച്ചയാൾ തന്നെ കച്ചേരിക്കും മറ്റ് പരിപാടികൾക്കും പോകരുതെന്നു വിലക്കിയതായി വൈക്കം വിജയലക്ഷ്മി വാർത്താസമ്മേളനത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അയാള്‍ക്ക് തന്നോട് ദേഷ്യമെന്ന വികാരം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അപഹസിക്കല്‍ സ്ഥിരമായിരുന്നെന്നും വിജയലക്ഷ്മി പറഞ്ഞു.

കണ്ണുകളിൽ വെളിച്ചമില്ലാത്ത ഞാൻ മറ്റുള്ളവരെ മനസ്സിലാക്കുന്നത് അവരുടെ ശബ്ദത്തിലൂടെയാണ്. അയാളുടെ വാക്കുകളിൽ ദേഷ്യമെന്ന വികാരം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇക്കാര്യം ഞാൻ എന്റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. പക്ഷേ, അവർ ആശ്വസിപ്പിച്ചു. അങ്ങനെയാവില്ലെന്നും ഒരുമിച്ച് ജീവിച്ചുതുടങ്ങിയാൽ പ്രശ്‌നങ്ങൾ ഉണ്ടാവില്ലെന്നുമായിരുന്നു അവർ പറഞ്ഞത്. പിന്നീടാണ് ഏറെ അധികാരത്തോടെ കച്ചേരിയും സിനിമയിലെ ഗാനാലാപനവും നിർത്തണമെന്ന് ആവശ്യപ്പെട്ടതെന്നും വിജയലക്ഷ്മി പറഞ്ഞു. സംഗീതമാണ് എനിക്ക് ശ്വാസം. പെട്ടെന്നൊരു ദിവസം അത് നിര്‍ണമെന്ന് പറഞ്ഞാല്‍ എന്റെ ശ്വാസം നിലച്ച് പോകും, വിജയലക്ഷ്മി പറയുന്നു.

അന്ധയെന്ന നിലയിൽ കളിയാക്കുന്ന സ്ഥിതിപോലും ഉണ്ടായി. എന്റെ ആ കുറവ് നോക്കിയാൽ ഞാൻ നേടിയത് ഒന്നുമല്ലെന്നായിരുന്നു അയാളുടെ നിലപാട്. എന്നെ വിവാഹം ചെയ്യുന്നത് ഒരു ഔദാര്യം പോലെയാണ് തോന്നിയത്. ഓരോ ദിവസവും കൂടുതൽ കയ്‌പേറിയ അനുഭവങ്ങളായിരുന്നു ഫോൺ സംഭാഷണങ്ങളിൽ ഉണ്ടായത്. പിന്നീടാണ് ആലോചിച്ച് വിവാഹത്തില്‍ നിന്നും പിന്മാരാന്‍ തീരുമാനിച്ചതെന്നും വിജയലക്ഷ്മി പറയുന്നു.

ആ തീരുമാനമെടുത്ത രാത്രി എനിക്കൊരു കച്ചേരിയുണ്ടായിരുന്നു. അന്നത്തെ ആ കച്ചേരിയോളം ആസ്വദിച്ച് സമീപകാലത്തൊന്നും ഞാൻ പാടിയിട്ടില്ല. ഞാൻ സ്വതന്ത്രയായതുപോലെ തോന്നി. എന്നെ ചുറ്റിവരിയുന്ന ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞതുപോലെ. അന്ന് ഞാൻ സമാധാനത്തോടെ കിടന്നുറങ്ങി. വിജയലക്ഷ്മി പറയുന്നു.
പത്രത്തിൽ നൽകിയ പരസ്യം കണ്ടാണ് വിവാഹ ആലോചന വന്നത്. കഴിഞ്ഞ വർഷം ഡിസംബർ 15നായിരുന്നു നിശ്ചയം നടന്നത്.

വിവാഹശേഷവും സംഗീത പരിപാടികൾ തുടരാമെന്നും വിജയലക്ഷ്‌മിയുടെ വൈക്കത്തെ വീട്ടിൽ ഒരുമിച്ച് ജീവിക്കാമെന്നും സന്തോഷ് വിവാഹ നിശ്‌ചയത്തിന് മുൻപ് പറഞ്ഞിരുന്നു. എന്നാൽ വിവാഹശേഷം സംഗീത പരിപാടികൾക്ക് പോകണ്ടായെന്നും ഏതെങ്കിലും സ്‌കൂളിൽ അധ്യാപികയായി തുടർന്നാൽ മതിയെന്നും സന്തോഷ് അറിയിച്ചു. കൂടാതെ, വിജയലക്ഷ്‌മിയുടെ വീട്ടിൽ വന്നു താമസിക്കാനാകില്ലെന്നും തൃശൂരിൽ വിവാഹശേഷം കഴിയാമെന്നും സന്തോഷ് അറിയിക്കുകയായിരുന്നു. ഇതാണ് വിവാഹം വേണ്ടെന്നു വയ്‌ക്കാൻ വിജയലക്ഷ്‌മിയെ പ്രേരിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ