ഉക്രയിനിലെ ചെര്‍ണോബിലിലേക്ക് ഇപ്പോള്‍ സഞ്ചാരികളുടെ ഒഴുക്കാണ്. അപ്രതീക്ഷിതമായ ഈ ഒഴുക്കിന് പിന്നില്‍ എച്ച്ബിഒയുടെ ചെര്‍ണോബില്‍ എന്ന മിനി സീരിസാണ്. മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന് വിശേഷിപ്പിക്കുന്ന ചെര്‍ണോബില്‍ സ്ഫോടനം അവതരിപ്പിക്കുന്നതാണ് എച്ച്ബിഒയുടെ സീരിസ്. 1986 എപ്രില്‍ 26 നുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ചെര്‍ണോബില്‍ നഗരം പൂര്‍ണമായി ഒഴിപ്പിക്കുകയായിരുന്നു.

എന്നാലിന്ന് ചെര്‍ണോബില്‍ കാണാന്‍ ആഗ്രഹിച്ചു വരുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2018 മെയിലുണ്ടായിരുന്നതിനേക്കാള്‍ 30 ശതമാനം കൂടുതലാണ് 2019 മെയില്‍ എന്നാണ് സോളോ ഈസ്റ്റ് എന്ന ട്രാവലിങ് ഏജന്‍സിയുടെ ഡയറക്ടറായ സെര്‍ജി ഇവാന്‍ചുക് പറയുന്നത്. അടുത്ത മാസങ്ങളിലേക്കുള്ള ബുക്കിങ്ങുകളിലും വന്‍ കുതിച്ചു ചാട്ടമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

സന്ദര്‍ശനത്തിന്റെ ഭാഗമായി മനുഷ്യവാസമില്ലാത്ത പ്രിപ്യറ്റ് വരെയാണ് ടൂറിസ്റ്റുകള്‍ക്ക് പോകാനാവുക. ഇവിടെ വരെയുള്ള റേഡിയഷന്റെ അളവ് സുരക്ഷിതമാണെന്നാണ് കരുതുന്നത്. എ്ന്നാല്‍ പവര്‍ പ്ലാന്റിന് അടുത്തേക്ക് പോകാനാകില്ല.

അതേസമയം, ചെര്‍ണോബില്‍ സീരിസിനെ ചൊല്ലി അമേരിക്കയും റഷ്യയും തമ്മില്‍ ഇപ്പോള്‍ വലിയ തര്‍ക്കത്തിലാണ്. അമേരിക്കയുടെ പ്രൊപ്പഗാണ്ടയുടെ ഭാഗമാണ് സീരിസെന്നും യഥാര്‍ത്ഥ വസ്തുതകളെ മറച്ച് വയ്ക്കുകയാണെന്നുമാണ് റഷ്യയുടെ ആരോപണം. ഇതേതുടര്‍ന്ന് റഷ്യ സ്വന്തം നിലയ്ക്ക് ചെര്‍ണോബില്‍ സീരിസ് ഒരുക്കുമെന്നു വരെ റിപ്പോര്‍ട്ടുകളുണ്ട്.

പ്രിപ്യാറ്റിലെ ചെര്‍ണോബിലില്‍ 1970 ലാണ് ആണവനിലയം സ്ഥാപിക്കുന്നത്. ഇന്നത്തെ ഉക്രയിന്റെ ഭാഗമാണിവിടം. അന്നത് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. 1000 മെഗാ വാട്ട് ശേഷിയുണ്ടായിരുന്ന നാല് പ്ലാന്റുകളായിരുന്നു നിലയിത്തിലുണ്ടായിരുന്നത്. സോവിയറ്റ് യൂണിയന്റെ അഭിമാന സ്തംഭമായിരുന്നു ചെര്‍ണോബില്‍ ആണവനിലയം. പക്ഷെ, 1986 ഏപ്രില്‍ 26 ന് ചെര്‍ണോബിലിലെ റിയാക്ടറുകളിലൊന്ന് പൊട്ടിത്തെറിച്ചു. ഹിരോഷിമയില്‍ ഉണ്ടായ അണുബോംബ് സ്‌ഫോടനത്തേക്കാള്‍ പ്രഹര ശേഷിയുള്ളതായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

സംഭവത്തെ തുടര്‍ന്ന് പ്രിപ്യറ്റിലേയും ചെര്‍ണോബിലിലേയും ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കുകയായിരുന്നു. ഇന്നും അവിടം വിജനമായി കിടക്കുകയാണ്. ലോക ചരിത്രത്തിലെ ഈ ദുരന്തമാണ് ചെര്‍ണോബില്‍ സീരിസില്‍ അവതരിപ്പിക്കുന്നത്. മികച്ച റിവ്യൂസ് നേടിയ സീരിസ് സൂപ്പര്‍ ഹിറ്റിയാതോടെയാണ് വിനോദ സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook