നീണ്ട മുപ്പതു വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ‘മൈ നെയ്ബര്‍ ടൊട്ടോറോ’ എന്ന ചിത്രം ചൈനയില്‍ റിലീസ് ചെയ്തതാണ് കഴിഞ്ഞ ആഴ്ച ലോക സിനിമാ രംഗത്തെ ഏറ്റവും പുതിയ വാര്‍ത്ത. മൂന്നു ദശബ്ദക്കാലം ചൈന തങ്ങളുടെ നാട്ടില്‍ കാണിക്കരുത് എന്ന് കരുതി ബാന്‍ ചെയ്തു വച്ചത് ഒരു കുട്ടികളുടെ ചിത്രമാണ്. തീര്‍ത്തും നിഷ്കളങ്കമായ, സ്നേഹത്തിന്റെ കഥ പറയുന്ന ചിത്രം.
തെക്കിന്റെ വാള്‍ട്ട് ഡിസ്നി എന്നറിയപ്പെടുന്ന വിഖ്യാത ജാപ്പനീസ് അനിമേഷന്‍ സംവിധായകന് ഹയാവോ മിയാസാകിയുടെ ആനിമേഷന്‍ ഫാന്റസി ചിത്രമാണ് ‘മൈ നെയ്ബര്‍ ടൊട്ടോറോ’. സറ്റ്സുക്കി, മേ എന്നീ രണ്ട് സഹോദരിമാരുടേയും, അച്ഛനായ പ്രൊഫസറിന്റേയും ജീവിതത്തിലെ രസകരമായ സംഭവങ്ങളും, കാടിന്റെ രക്ഷകനായ ടൊട്ടോറോയുമായും കാട്ടിലെ മറ്റ് ജീവജാലങ്ങളുമായും അവര്‍ക്കുണ്ടാകുന്ന കൂട്ടുകെട്ടുമാണ് ചിത്രത്തിന്റെ പ്രമേയം.
ചൈനയില്‍ ചിത്രത്തിന് നിരവധി ആരാധകരുണ്ടായിട്ടും, ഇതുവരെ ആ നാട്ടില്‍ ഇത് പ്രദര്‍ശിപ്പിച്ചിട്ടില്ല. വിദേശ ഭാഷാ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിന് നിയമപരമായ പരിമിതികള്‍ ഏറെയുള്ള രാജ്യമാണ് ചൈന. ചൈനീസ് റെഗുലേഷന് പ്രകാരം 34 വിദേശ സിനിമകള്‍ മാത്രമാണ് ഒരു വര്‍ഷത്തില്‍ റിലീസ് ചെയ്യാന്‍ കഴിയുന്നത്. ഇത് കൂടാതെ വളരെ കർക്കശമായ സെന്‍സര്‍ നിയമങ്ങളും ഉണ്ട് ചൈനയില്‍. ജപ്പാന്-ചൈന നയതന്ത്ര ബന്ധമാണ് ഈ ചിത്രം ചൈനയില്‍ റിലീസ് ചെയ്യപ്പെടാതിരിക്കാന്‍ കാരണം. അതില്‍ ചില പോസിറ്റീവ് ആയ മാറ്റങ്ങള്‍ ഉണ്ടായതിനു പിന്നാലെയാണ് വിശ്വവിഖ്യാതമായ ഈ കുട്ടികളുടെ ചിത്രം ‘മെയിന്‍ലാന്‍ഡ് ചൈന’യില്‍ എത്തുന്നത്.
ചൈനയില്‍ റിലീസ് ചെയ്യുന്ന സ്റ്റുഡിയോ ഗിബ്ലിയുടെ ആദ്യ ചിത്രമാണിത്. മിയാസകിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന, ഡിസ്നി സ്റ്റുഡിയോയോളം തന്നെ മികവു പുലര്‍ത്തുന്ന, ജപ്പാനിലെ അനിമേഷന്‍ സ്റ്റുഡിയോ ആണ് സ്റ്റുഡിയോ ഗിബ്ലി.
“ചൈനയെ സംബന്ധിച്ചിടത്തോളം സിനിമ എന്നത് രാഷ്ട്രീയം കഴിഞ്ഞേ ഉള്ളൂ,” സൗത്ത് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഈസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് സെന്റര്‍ മേധാവി സ്റ്റാന്‍ലി റോസന്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം കണക്കിലെടുത്ത് മാത്രമേ ചൈനയില്‍ സിനിമ റിലീസ് ചെയ്യൂ എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
Read More: വാള്‍ട്ട് ഡിസ്നിയൊന്നും അല്ല, ഇതാണ് അനിമേഷന്റെ ഉടയോന് !
“നിലവില്‍ ചൈനയും ജപ്പാനും തമ്മിലുള്ള ബന്ധത്തില്‍ കാര്യമായ പുരോഗതിയുണ്ട്. ആനിമേഷന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ, സിനോ-ജാപ്പനീസ് കോ-പ്രൊഡക്ഷന്‍ നീക്കങ്ങളൊക്കെ ഉണ്ടാകുന്നുമുണ്ട്,” അദ്ദേഹം വ്യക്തമാക്കി.
ചൈനയുടേയും ജപ്പാന്റേയും യുദ്ധകാല ചരിത്രം മുതല്‍, വളരെക്കാലമായി നീണ്ടു നില്ക്കുന്ന വിദ്വേഷമാണ് ജപ്പാനോട് ചൈനയ്ക്കുള്ളത്. 1931ലാണ് ജപ്പാന് ചൈനയില്‍ അധിനിവേശം ആരംഭിച്ചത്. 1945ല്‍ യുദ്ധം അവസാനിക്കുമ്പോള്‍ ലക്ഷക്കണക്കിന് ചൈനക്കാരാണ് കൊല്ലപ്പെട്ടത്. യുദ്ധകാലത്ത് ജപ്പാന് നടത്തിയ ക്രൂരതകള്‍ക്കെതിരെ, ജാപ്പനീസ് സംവിധായകനായ മിയാസാക്കി പരസ്യമായി വിമര്‍ശന നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, ഇത് ചൈനീസ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും റോസന്‍ പറയുന്നു.
ചിത്രത്തെക്കുറിച്ച് വളരെ ഗൃഹാതുരമായ ഓര്‍മകള്‍ ഉള്ള ചൈനീസ് ആരാധകര്‍, ഏറെക്കാലം കാത്തിരുന്ന ഈ റിലീസിനെ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുകയാണ്. കാത്തിരിക്കാന്‍ വയ്യെന്നും, ചെറുപ്പം മുതലേ ഡിവിഡി വാങ്ങി കാണാറുണ്ടായിരുന്നു എന്നുമെല്ലാം ആളുകള്‍ പറയുന്നുണ്ട്.
“പറഞ്ഞറിയിക്കാനാകാത്ത നിരവധി വികാരങ്ങള്‍ തിരമാലകള്‍ പോലെ എന്റെ ഉള്ളിലേക്ക് അലയടിക്കുന്നുണ്ട്. പെട്ടെന്ന് വീണ്ടും ഒരു കുട്ടിയായതു പോലെ തോന്നുന്നു,” എന്നായിരുന്നു ഒരു ആരാധകന്റെ കുറിപ്പ്. ചിത്രം കാണാന്‍ തന്റെ മകളെ തിയേറ്ററില്‍ കൊണ്ടു പോകും എന്ന് ഒരമ്മ കുറിച്ചു.
ചിത്രത്തില്‍ സഹോദരിമാരായ സറ്റ്സുക്കിയും മേയും തങ്ങളുടെ രോഗബാധിതയായ അമ്മയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയാണ്. ഇത് മിയാസാകിയുടെ ചെറുപ്പത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മാകരമായ ക്ഷയരോഗം ബാധിച്ച് തന്റെ അമ്മ ആശുപത്രിയില്‍ കിടക്കുകയും, പിന്നീട് രോഗവിമുക്തയാകുകയും ചെയ്തതിന് അദ്ദേഹം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
‘മൈ നെയ്ബര്‍ ടൊട്ടോറോ’ അതിന്റെ ‘നിഷ്കളങ്കത’യുടെ പേരിലും ഏറെ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ചിത്രത്തില്‍ വില്ലന്മാരില്ല, സംഘട്ടന രംഗങ്ങള്‍ ഇല്ല, കൂടാതെ പ്രകൃതിയുമായുള്ള ബന്ധത്തിന് ശക്തമായ പ്രാധാന്യം നല്‍കുന്നുണ്ട് എന്നീ നിലകളിലും ചിത്രം കൈയ്യടി നേടിയിട്ടുണ്ട്.