അന്തരിച്ച നടന് സത്താറിനെ ഓർത്ത് നടനും സഹപ്രവര്‍ത്തകനുമായ മമ്മൂട്ടി. സത്താറിന്റെ വസതിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
“സത്താർ സിനിമയില്‍ വന്ന കാലം മുതല്‍ എനിക്കറിയാവുന്ന ഒരാളാണ്. അതിനു മുന്‍പ് ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്തും അറിയാം. എന്നേക്കാളും മുന്‍പേ സിനിമയില്‍ വന്ന ആളാണ്. അടുത്ത സൗഹൃദം ഉണ്ടായിരുന്നു ഞങ്ങള്‍ തമ്മില്‍. അസുഖമായിട്ടു കുറച്ചു കാലമായി. പക്ഷേ അതൊന്നും കാണിക്കാതെ, വളരെ സന്തുഷ്ടനായിട്ടാണ് കാണപ്പെട്ടിരുന്നത്. കുറച്ചു ദിവസം മുന്‍പ് അസുഖം കൂടുകയും പിന്നീട് ആശുപത്രിയിലാവുകയും ചെയ്തു. സിനിമയില്‍ ഒരുപാട് നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളയാളും ഒരു കാലഘട്ടത്തില്‍ വളരെയേറെ തിളങ്ങി നിന്ന താരവുമാണ് അദ്ദേഹം. വിയോഗം നഷ്ടമാണ്… എല്ലാ മരണങ്ങളും നഷ്ടമെന്നത് പോലെ ഇതും ഒരു വലിയ നഷ്ടം തന്നെയാണ്” മമ്മൂട്ടി പറഞ്ഞു.
Read Here: നടൻ സത്താർ അന്തരിച്ചു
ഇന്ന് പുലർച്ചെ ആലുവയിലെ പാലിയേറ്റീവ് കെയർ ആശുപത്രിയിലായിരുന്നു സത്താറിന്റെ അന്ത്യം. മൂന്നു മാസമായി രോഗബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍.
1975-ൽ എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘ഭാര്യയെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച സത്താർ 1976-ൽ വിൻസെന്റ് മാസ്റ്റർ സംവിധാനം ചെയ്ത ‘അനാവരണം’ സിനിമയിലൂടെയാണ് നായകനായത്. വില്ലന്‍ വേഷങ്ങളിലൂടെയായിരുന്നു സത്താർ ശ്രദ്ധേയനായത്.
തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായിരുന്ന അദ്ദേഹം മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ബാബു ആന്റണി നായകനായ ‘കമ്പോളം’ അടക്കം മൂന്ന് ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. 148ഓളം സിനിമകളിൽ അഭിനയിച്ചു. ഏറെ നാളുകൾക്കുശേഷം ആഷിഖ് അബു സംവിധാനം ചെയ്ത ’22 ഫീമെയിൽ കോട്ടയം’ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. 2014 ല്‍ പുറത്തിറങ്ങിയ ‘പറയാന്‍ ബാക്കിവച്ചത്’ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.
Read more: സത്താറിക്കയ്ക്ക് കണ്ണീരുമ്മ: വായനക്കാരന് എഴുത്തുകാരന്റെ ആദരം
എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരിലായിരുന്നു സത്താറിന്റെ ജനനം. കടുങ്ങലൂർ സർക്കാർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സത്താർ, ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. നടി ജയഭാരതിയെയാണ് സത്താര്‍ ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. നടന് കൃഷ് സത്താര്‍ സത്താറിന്റെയും ജയഭാരതിയുടെയും മകനാണ്.