/indian-express-malayalam/media/media_files/uploads/2022/06/Sai-Pallavi.jpg)
സായ് പല്ലവി
'വിരാടപർവ്വം' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ നടി സായ് പല്ലവി പറഞ്ഞ വാക്കുകൾ വിവാദമാകുന്നു. തന്റെ രാഷ്ട്രീയത്തെ കുറിച്ച് സായ് പല്ലവി പറഞ്ഞ വാക്കുകളാണ് വലിയ രീതിയിൽ ചർച്ചയാവുന്നത്. ഇതാദ്യമായാണ് ഡോക്ടറും അഭിനേത്രിയുമായ സായ് പല്ലവി തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് തുറന്നു സംസാരിക്കുന്നത്.
നിങ്ങൾ വളർന്നുവന്ന കാലഘട്ടത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നിങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ? എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. 'താൻ നിഷ്പക്ഷമായൊരു കുടുംബത്തിൽ നിന്നുമാണ് വരുന്നത്, ഇടതുപക്ഷമെന്നും വലതുപക്ഷമെന്നും കേട്ടിട്ടുണ്ട്, പക്ഷേ ഇവരിൽ ആരാണ് ശരി എന്ന് പറയാനറിയില്ല,' എന്നു പറഞ്ഞുകൊണ്ടാണ് സായ് പല്ലവി സംസാരിച്ചു തുടങ്ങിയത്.
"എന്റെ കുടുംബം ഒരു 'ന്യൂട്രൽ' രാഷ്ട്രീയം പിന്തുടരുന്നവരാണ്. അവിടെ പഠിപ്പിച്ചത് ഒരു നല്ല മനുഷ്യൻ ആവുക എന്നതായിരുന്നു. മുറിവേറ്റവരെ, വേദനിപ്പിക്കുന്നവരെ, അടിച്ചമർത്തപെട്ടവരെ രക്ഷിക്കണം എന്നാണു പഠിപ്പിച്ചത്. ഇടതുപക്ഷമെന്നും വലതുപക്ഷമെന്നും കേട്ടിട്ടുണ്ട്. പക്ഷേ ഒരിക്കലും ഇതിൽ ആരാണ് ശരി, ആരാണ് തെറ്റ് എന്ന് പറയാൻ സാധിക്കില്ല."
"കാശ്മീരികൾ കൊല്ലപ്പെട്ടതെങ്ങനെ എന്ന് കാണിച്ചു തന്നതാണ് 'ദി കാശ്മീരി ഫയൽസ്' എന്ന ചിത്രം. ഇതൊരു മതസംഘർഷവിഷയമായാണ് എടുക്കുന്നതെങ്കിൽ, അടുത്തിടെ പശുക്കളെ കൊണ്ട് പോവുകയായിരുന്ന ഒരു മുസ്ലീം ഡ്രൈവറെ കുറേയാളുകൾ മർദ്ദിക്കുകയും 'ജയ് ശ്രീറാം' എന്ന് വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തു. അപ്പോൾ ഈ രണ്ടു സംഭവങ്ങളും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്?
നമ്മൾ നല്ല മനുഷ്യരായിരിക്കണം. നമ്മൾ നല്ലവരാണെങ്കിൽ മറ്റുള്ളവരെ വേദനിപ്പിക്കാത്തവരുമാകും. നിങ്ങൾ ഇടതോ വലതോ ആവട്ടെ, ഒരു നല്ല മനുഷ്യനല്ലെങ്കിൽ, അവിടെ നീതി ഉണ്ടാകില്ല. ഞാൻ വളരെ നിഷ്പക്ഷമായി ചിന്തിക്കുന്ന ആളാണ്. അതിനാൽ ഞാൻ വിശ്വസിക്കുന്നത് നിങ്ങൾ എന്നെക്കാൾ ശക്തനാണെങ്കിൽ, നിങ്ങൾ എന്നെ അടിച്ചമർത്തുകയാണെങ്കിൽ, നിങ്ങൾ അവിടെ ഒരു തെറ്റ് ചെയ്യുകയാണ്. ഒരു വലിയ കൂട്ടം ആളുകൾ ഒരു ചെറിയ കൂട്ടത്തെ അടിച്ചമർത്തുന്നത് തെറ്റാണ്. തുല്യരായ രണ്ടു പേർ തമ്മിലാണ് യുദ്ധം ചെയ്യേണ്ടത്," സായ് പല്ലവിയുടെ വാക്കുകൾ ഇങ്ങനെ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.