ഹോളിവുഡിലെ പ്രമുഖ നിർമാതാവും ലൈംഗികാതിക്രമ കേസിൽ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയതിനെ തുടർന്ന് തടവിൽ കഴിയുന്ന ഹാർവി വെയ്ൻസ്റ്റൈന് കോവിഡ്-19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ന്യൂയോർക്കിലെ ജയിലിൽ തടവുകാരനായി കഴിയുന്നതിനിടയിലാണ് വെയ്ൻസ്റ്റൈന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ബുധനാഴ്ചയാണ് വെയ്ൻസ്റ്റൈനെ ന്യൂയോർക്ക് നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശമായ ബഫല്ലോയ്ക്ക് അടുത്തുള്ള ജയിലിലേക്ക് മാറ്റിയത്. അതുവരെ റിക്കേഴ്സ് ദ്വീപിലെ ജയിലിലായിരുന്നു വെയ്ൻസ്റ്റൈനെ താമസിപ്പിച്ചിരുന്നത്. നെഞ്ചുവേദനയെ തുടർന്ന് മാൻഹാട്ടൻ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. യുഎസിലെ തിങ്ങിനിറഞ്ഞ ജയിലുകളിലെ അന്തരീക്ഷത്തിൽ കൊറോണ വൈറസ് വ്യാപിക്കാനുള്ള സാധ്യതകളേറെയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്നലെ വരെ 417 കൊറോണ മരണങ്ങളാണ് യുഎസിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 33,000ത്തോളം കൊറോണ പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read More: ഞങ്ങൾക്കു വേണ്ടി പോരാടുന്നവർക്ക് നന്ദി; ആരോഗ്യപ്രവർത്തകർക്ക് കയ്യടികളുമായി നയൻതാരയും വിഘ്നേഷും
ലൈംഗികാതിക്രമ കേസിൽ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയതിനെ തുടർന്ന് 23 വർഷം തടവിനാണ് ഹാർവി വെയ്ൻസ്റ്റൈൻ ശിക്ഷിക്കപ്പെട്ടത്. പ്രൊഡക്‌ഷൻ അസിസ്റ്റന്റ് ആയിരുന്ന മിമി ഹാലേയിയെ 2006ലും പുതുമുഖനടിയായ ജെസിക്ക മാനിനെ 2013ലും പീഡിപ്പിച്ചെന്ന കേസിലാണ് വെയ്ൻസ്റ്റൈന് ശിക്ഷ ലഭിച്ചത്. വെയ്ൻസ്റ്റൈനെതിരെ ഉയർന്ന പരാതികളിലൂടെയാണു ലോകത്തു ‘#മീടൂ’ പ്രസ്ഥാനം കത്തിപ്പടർന്നത്. ആഞ്ജലീന ജോളി, ഗിനത്ത് പാൾട്രൊ തുടങ്ങിയ ഹോളിവുഡ് നടിമാരും മോഡലുകളും ഉൾപ്പെടെ എൺപതിലേറെ വനിതകൾ വെയ്ൻസ്റ്റൈനെതിരെ പിന്നീടു പരാതിപ്പെട്ടിരുന്നു.