ഹരിശ്രീ അശോകൻ മലയാളിക്ക് എന്നും പഞ്ചാബി ഹൗസിലെ രമണനാണ്. രമണന് ശേഷം ഒരു നൂറ് കഥാപാത്രമായി അദ്ദേഹം വെള്ളിത്തിരയിൽ എത്തിയിട്ടുണ്ടെങ്കിലും ആരാധകർ ഇന്നും ഹൃദയത്തോട് ചേർത്ത് വെച്ചിരിക്കുന്നത് രമണനെയാണ്. അതുകൊണ്ട് തന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് താഴെ ഇന്നും രമണാ എന്ന് വിളിച്ചു ആരാധകരെ കാണാം.
ഇപ്പോഴിതാ, ഹരിശ്രീ അശോകൻ പങ്കുവെച്ച പുതിയ വർക്കൗട്ട് ചിത്രവും അതിനു താഴെയുള്ള കമന്റുകളും ശ്രദ്ധനേടുകയാണ്. ജിമ്മിന്റെ ചുമരിൽ കാല് നീട്ടി വെച്ച് നിൽക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്യുന്നത്.
Also Read: മിന്നൽ മുരളിക്ക് ഗ്രേറ്റ് ഖാലിയുടെ ‘സൂപ്പർഹീറോ ടെസ്റ്റ്’; പുതിയ വീഡിയോക്ക് കയ്യടിച്ച് ആരാധകർ
ബ്രൂസിലി രമണൻ, രമണൻ മാസ്, രമണൻ ഗോദയിലേക്ക്.. എന്നിങ്ങനെയൊക്കെയാണ് ആരാധകരുടെ കമന്റുകൾ. ‘കായംകുളം കൊച്ചുണ്ണി’ എന്ന ചിത്രത്തിൽ ഇത്തിക്കരപ്പക്കി എന്ന കഥാപാത്രമായി മോഹൻലാൽ ഒറ്റക്കാൽ വലിയ മരക്കുറ്റിക്ക് മീതെ കയറ്റി വച്ച് നിൽക്കുന്ന രംഗമുണ്ട്. അതിനെ അനുകരിക്കുന്ന പോലുള്ള ചിത്രമായതിനാൽ ‘സൂക്ഷിച്ച് നോക്കേണ്ട ഉണ്ണീ ഇത് ഇത്തിക്കരപ്പക്കി തന്നെയാ’ എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്.
ടൊവിനോ തോമസ് നായകനായെത്തുന്ന ബേസിൽ ജോസഫ് ചിത്രം ‘മിന്നൽ മുരളി’യും ദിലീപ്-നാദിർഷാ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രവുമാണ് ഹരിശ്രീ അശോകന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.