ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’, സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന ‘ ദൈവം സാക്ഷി’,  ചെമ്പൻ വിനോദും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിലെത്തുന്ന ‘മാസ്ക്’, കേരളത്തിൽനിന്ന്‌ തൊഴിൽ തേടി തമിഴ്നാട്ടിലെത്തുന്ന മൂന്ന്‌ ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രമായ  ‘തെങ്കാശിക്കാറ്റ്’,  ‘പ്രശ്ന പരിഹാര ശാല’ എന്നിങ്ങനെ അഞ്ചു ചിത്രങ്ങളാണ് നാളെ റിലീസിനെത്തുന്നത്.

ഹരിശ്രീ അശോകൻ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന  ‘An International ലോക്കൽ സ്റ്റോറി‘ നിർമ്മിക്കുന്നത് എസ് സ്ക്വയർ സിനിമാസിന്റെ ബാനറിൽ എം.ഷിജിത്ത്, ഷഹീർ ഷാൻ എന്നിവർ ചേർന്നാണ്.  രഞ്ജിത്ത്, ഇബൻ, സനീഷ് അലൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി, ബിജു കുട്ടൻ, ദീപക്, അശ്വിൻ ജോസ്, മനോജ് കെ.ജയൻ, ടിനി ടോം, സൗബിൻ ഷാഹീർ, കലാഭവൻ ഷാജോൺ, സലീംകുമാർ, കുഞ്ചൻ, സുരേഷ് കൃഷ്ണ, ജാഫർ ഇടുക്കി, അബു സലീം, മാല പാർവ്വതി, ശോഭ മോഹൻ, നന്ദലാൽ, ബൈജു സന്തോഷ്, സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിശ്രീ അശോകനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സുരാജ് വെഞ്ഞാറമ്മൂട് വീണ്ടും നായകനാവുന്ന ചിത്രമാണ്  ‘ദൈവം സാക്ഷി’.
സ്‌നേഹജിത് ആണ് സംവിധായകൻ.  കലാഭവന്‍ മണിയെ നായകനാക്കി ഇറക്കാൻ പ്ലാൻ ചെയ്തിരുന്ന ചിത്രമാണ് അഞ്ചു വർഷങ്ങൾക്കു ശേഷം സുരാജിനെ നായകനാക്കി റിലീസിനെത്തുന്നത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്നവരുടെ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്ന ചിത്രത്തിൽ ഇക്ബാൽ എന്ന കഥാപാത്രമായാണ് സുരാജ് എത്തുന്നത്. മധുപാല്‍, ബിജുക്കുട്ടന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുനിൽ സുഖദ, മജീദ്, ബാലാജി, രേഖാമേനോൻ ശാന്താകുമാരി, കുളപ്പുള്ളി ലീല, അംബികാ മോഹൻ എന്നിവരാണ് മറ്റു താരങ്ങൾ. എസ് പി വെങ്കിടേഷാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്.  സുരേഷ് കൊച്ചമ്മിണിയാണ് ചിത്രത്തിന്‍റെ തിരക്കഥ. ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു എസ്.നായരും സംഗീതം ബിഷോയ് അനിയനും എഡിറ്റിംഗ് പി.സി മോഹനനും ഗാനരചന എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനും നിര്‍വ്വഹിച്ചിരിക്കുന്നു.

മിസ്റ്റ് സിനിമാസിന്റെ ബാനറിൽ രഞ്ചുദാസ് കാഞ്ഞോളി, സുധീഷ് മാക്കോളി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രമാണ് ‘തെങ്കാശിക്കാറ്റ്’. ഷിനോദ് സഹദേവനാണ് സംവിധായകൻ. കേരളത്തിൽനിന്ന്‌ തൊഴിൽ തേടി തമിഴ് നാട്ടിലെത്തുന്ന മൂന്ന്‌ ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. ഹേമന്ത്, ബിയോൺ, രജീഷ് പുറ്റാട്, പത്മരാജ്, രതീഷ് ദേവൻ, ഭീമൻ രഘു, ജയകൃഷ്ണൻ, ബെന്നി തോമസ്, ഹരിശാന്ത്, സുനിൽ സുഖദ, പ്രദീപ് കോട്ടയം, ഗായത്രി മയൂര, പൊള്ളാച്ചി രാജ എന്നിവരാണ് പ്രധാന താരങ്ങൾ. കാവ്യ സുരേഷ് ചിത്രത്തിൽ നായികയാവുന്നു. രമാ ശശിധരൻ, വിനോദ് അന്നാര, സുധീഷ് കാവഞ്ചേരി എന്നിവരുടെതാണ് തിരക്കഥ. സന്തോഷ് വർമ, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് ഋഥ്വിക് എസ്. ചന്ദ് ഈണം പകർന്നിരിക്കുന്നു. ഷിഞ്ജിത്ത് കൈമലമാണ് ക്യാമറാമാൻ. മെന്റോയ് ആന്റണി എഡിറ്റിങ് നിർവഹിച്ചു.

ഷെെൻ ടോം ചാക്കോയും ചെമ്പൻ വിനോദും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘മാസ്ക്’.
നവാഗതനായ സുനില്‍ ഹനീഫ് ആണ് സംവിധായകൻ. ഒരു പ്രൊഫഷണൽ മോഷ്ടാവായി ഷൈൻ എത്തുമ്പോൾ പൊലീസുകാരനായാണ് ചെമ്പൻ അഭിനയിക്കുന്നത്. ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ ആണ് സംഗീതം നൽകിയിരിക്കുന്നത്. അൽമാസ് മോട്ടീവാലയും, പ്രിയങ്ക നായരുമാണ് നായികമാർ. ബഡായി ബംഗ്ലാവ് എന്ന പ്രോഗ്രാമിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ കോമഡി താരം മനോജ്‌ ഗിന്നസ്സ്, നിർമ്മൽ പാലാഴി എന്നിവരും ചിത്രത്തിലുണ്ട്. വിജയ രാഘവൻ, സലീം കുമാർ, പാഷാണം ഷാജി, കലിങ്ക ശശി, കോട്ടയം പ്രദീപ്‌, ഉല്ലാസ്, ബിനു അടിമാലി, ഷാജു, പ്രശാന്ത് എന്നിവരാണ് മറ്റു താരങ്ങൾ. തിരക്കഥ ഒരുക്കിയത് ഫസൽ ആണ്. ഗൗരി മീനാക്ഷി മൂവീസിന്റെ ബാനറിൽ എ. എസ്. ഗിരീഷ് ലാൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ നസീർ എൻ.എം സഹ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നു. പ്രകാശ് വേലായുധനാണ്‌ ഛായാഗ്രഹണം.

ഋഷി മങ്കരയുടെ തിരക്കഥയില്‍ ഷബീര്‍ യെന സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രശ്‌ന പരിഹാര ശാല’. തന്റേടികളായ ഒരു നാല്‍വര്‍ സംഘത്തിന്റെ പ്രശ്‌ന പരിഹാരങ്ങളും പ്രണയവുമൊക്കെയാണ് കഥ. ബ്രൈറ്റ് ഫിലിംസിന്റെ ബാനറില്‍ പ്രണവം ചന്ദ്രനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അഖില്‍ പ്രഭാകര്‍, ജോവിന്‍ എബ്രഹാം, ശരത് ബാബു, സൂര്യലാല്‍ ശിവജി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. കൈതപ്രം ദാമോദരന്‍ മാസ്റ്ററുടെ വരികള്‍ക്ക് പ്രമോദ് ഭാസ്‌ക്കര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ടി.എസ് ബാബു ഛായാഗ്രഹണവും ഷമീര്‍ ഖാന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. കലാഭവന്‍ നവാസ്, ശിവജി ഗുരുവായൂര്‍, സ്ഫടികം ജോര്‍ജ്, ബിജുക്കുട്ടന്‍, സന്തോഷ് കീഴാറ്റൂര്‍, ഹരിശ്രീ മാര്‍ട്ടിന്‍, സാജു കൊടിയന്‍, ജയന്‍ ചേര്‍ത്തല, വെട്ടുക്കിളി പ്രകാശ്, ബാബു സ്വാമി, കിരണ്‍ രാജ് എന്നിവരും ചിത്രത്തിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook