നടക്കാതെ പോയ ഒരു കഥയാണ് ഈ ചിത്രം പറയുന്നത്. മലയാള സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ ‘ഹരികൃഷ്ണന്‍സ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഈ ചിത്രം പകര്‍ത്തപ്പെടുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ഷാരൂഖ് ഖാന്‍ , ജൂഹി ചാവ്ല – ഇവര്‍ ഒന്നിച്ചു നില്‍ക്കുന്ന ഒരു ചിത്രം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല, ഇതിനു ശേഷം ഉണ്ടായിട്ടുണ്ടോ എന്നും സംശയമാണ്. മലയാള സിനിമ ബോളിവുഡുമായി കൈകോര്‍ത്ത ചിത്രത്തിന് പിന്നിലെ കഥ.

മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിച്ച ഈ ബ്ലോക്ക്‌ ബസ്റ്റര്‍ സംവിധാനം ചെയ്തത് ഫാസില്‍ ആണ്. നായിക ബോളിവുഡ് താരം ജൂഹി ചാവ്ല. തന്റെ അടുത്ത സുഹൃത്തും കൂടിയായ ജൂഹിയെ കാണാനായി ഊട്ടിയിലെ ‘ഹരികൃഷ്ണന്‍സ്’ ലൊക്കേഷനില്‍ എത്തിയതാണ് ഷാരൂഖ് ഖാന്‍. മമ്മൂട്ടിയുടെ കഥാപാത്രമായ ഹരിയും മോഹന്‍ലാലിന്‍റെ കഥാപാത്രമായ കൃഷ്ണനും സ്നേഹിക്കുന്ന പെണ്‍കുട്ടിയാണ് മീര എന്ന ജൂഹിയുടെ കഥാപാത്രം. ഇവരില്‍ ആരെ ഒടുവില്‍ മീര തെരഞ്ഞെടുക്കും എന്നത് രണ്ടു പേരുടേയും ആരാധകര്‍ക്കിടയില്‍ വലിയ വിവാദങ്ങള്‍ക്ക് വഴി തുറന്ന സാഹചര്യത്തില്‍ സിനിമയ്ക്ക് രണ്ടു ക്ലൈമാക്സ്‌ ആവിഷ്കരിച്ചു. ഒന്നില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ തെരെഞ്ഞെടുക്കുന്നതായും മറ്റേതില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ തെരെഞ്ഞെടുക്കുന്നതായും.

മീരയുടെ സുഹൃത്തായ ഗുപ്തന്‍ എന്ന കഥാപാത്രവും സിനിമയില്‍ ഏറെ പ്രധാനപെട്ട ഒന്നാണ്. സംവിധായകന്‍ രാജീവ് മേനോന്‍ അവതരിപ്പിച്ച ഈ വേഷത്തിനായി ആദ്യം പരിഗണിച്ചിരുന്നത് ഷാരൂഖ് ഖാനെ ആയിരുന്നു. ഷാരൂഖിന്റെ തിരക്കുകള്‍ കാരണം അത് മാറ്റി രാജീവിലേക്ക് എത്തുകയായിരുന്നു. ക്യാമറമാനും സംവിധായകനുമായ രാജീവ്‌ മേനോന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്‌ ഈ ചിത്രത്തിലൂടെയാണ്. കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ ഒരു സുപ്രധാന ഭാഗം കൈകാര്യം ചെയ്തിട്ടുണ്ട്.

‘ഐക്കോണിക്ക്’ ആയ മമ്മൂട്ടി-മോഹന്‍ലാല്‍-ജൂഹി-ഷാരൂഖ് ചിത്രത്തിന് പുറമേ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന മറ്റു ചിത്രങ്ങളും -കുടുംബ ചിത്രങ്ങളും ‘ഹരികൃഷ്ണന്‍സ്’ ലൊക്കേഷനില്‍ വച്ച് എടുത്തിട്ടുള്ളതാണ്.  അവയില്‍ ചിലത് കാണാം.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ