/indian-express-malayalam/media/media_files/2025/03/18/harikrishnans-srk-juhi-mammootty-mohanlal-866730.jpg)
/indian-express-malayalam/media/media_files/2025/03/18/harikrishnans-srk-juhi-mammootty-mohanlal-1-395210.jpg)
മമ്മൂട്ടി, മോഹന്‍ലാല്‍, ഷാരൂഖ് ഖാന് , ജൂഹി ചാവ്ല - ഇവര്‍ ഒന്നിച്ചു നില്ക്കുന്ന ഈ ചിത്രം മലയാളികളിൽ പലരും കണ്ടിട്ടുണ്ടാവും. ഇതുപോലൊരു ചിത്രം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല, ഇതിനു ശേഷം ഉണ്ടായിട്ടുണ്ടോ എന്നതും സംശയമാണ്. മലയാള സിനിമ ബോളിവുഡുമായി കൈകോര്‍ത്ത ഈ ചിത്രത്തിന് പിന്നിലെ യഥാർത്ഥ കഥ എന്തെന്ന് അറിയാമോ?
/indian-express-malayalam/media/media_files/2025/03/18/EelfTV6jyxLtzc47oEHj.jpg)
നടക്കാതെ പോയ ഒരു സിനിമാ ക്ലൈമാക്സിനെ കുറിച്ചാണ് ഈ ചിത്രം പറയുന്നത്. മലയാള സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ 'ഹരികൃഷ്ണന്‍സ്' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് പകർത്തപ്പെട്ട ചിത്രമാണിത്. മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്ന് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന മൾട്ടിസ്റ്റാറർ ചിത്രമാണ് 'ഹരികൃഷ്ണന്‍സ്'. സൂപ്പര്‍താരദ്വയങ്ങളായ മമ്മൂട്ടി-മോഹന്‍ലാല്‍ ഒന്നിച്ച ചിത്രം മലയാള സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാണ്.
/indian-express-malayalam/media/media_files/2025/03/18/KdidsNCjbnEKYjqC7Mq8.jpg)
മമ്മൂട്ടിയും മോഹന്‍ലാലും നായകന്മാരായി അഭിനയിച്ച ഈ ബ്ലോക്ക്ബസ്റ്റര്‍ സംവിധാനം ചെയ്തത് ഫാസില്‍ ആണ്. നായിക ബോളിവുഡ് താരസുന്ദരി ജൂഹി ചാവ്ല.ജൂഹിയെ കാണാൻ ഊട്ടിയിലെ ലൊക്കേഷനിൽ ആ ദിവസമൊരു അതിഥിയെത്തി. മറ്റാരുമല്ല, ജൂഹിയുടെ അടുത്ത സുഹൃത്തും ബോളിവുഡിന്റെ സ്വന്തം കിങ്ഖാനുമായ സാക്ഷാൽ ഷാരൂഖ് ഖാൻ.
/indian-express-malayalam/media/media_files/2025/03/18/mammootty-mohanlal-juhi-harikrishnans-1-538205.jpg)
മമ്മൂട്ടിയുടെ കഥാപാത്രമായ ഹരിയും മോഹന്‍ലാലിന്റെ കഥാപാത്രമായ കൃഷ്ണനും ഒരേസമയം പ്രണയിക്കുന്ന മീര എന്ന പെൺകുട്ടിയെ ആണ് ജൂഹി അവതരിപ്പിച്ചത്. ഹരിയേയോ കൃഷ്ണനേയോ? ഇവരില്‍ ആരെ ഒടുവില്‍ മീര തെരഞ്ഞെടുക്കും? ആ ഒരു പ്രതിസന്ധിയ്ക്ക് മറ്റൊരു ഓപ്ഷനായല്ലോ? അങ്ങനെയൊരു കൗതുകത്തിൽ എടുത്തതാണ് ഹരികൃഷ്ണന്മാർക്കും മീരയ്ക്കുമൊപ്പം ഷാരൂഖ് പോസ് ചെയ്യുന്ന ചിത്രം.
/indian-express-malayalam/media/media_files/2025/03/18/mammootty-mohanlal-harikrishnans-fazil-188646.jpg)
അതിനെക്കുറിച്ച് ഫാസിൽ ഒരിക്കൽ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ: "ഊട്ടിയിൽ ഷൂട്ട് ചെയ്യുന്ന സമയത്ത് ഷാരൂഖ് ഖാനും അവിടെ അടുത്തൊരു സിനിമയുടെ ഷൂട്ടിംഗിനായി വന്നിരുന്നു. ഷാരൂഖ് ജൂഹിയുടെ നല്ല സുഹൃത്താണ്. ഷൂട്ടിംഗ് കഴിഞ്ഞാൽ എല്ലാ ദിവസവും വൈകിട്ട് ജൂഹി ഷാരൂഖിനെ മീറ്റ് ചെയ്യുമായിരുന്നു. നമ്മുടെ ഹിന്ദി സെറ്റൊക്കെ എന്തു സെറ്റ്, ഈ സെറ്റാണ് സെറ്റ്, ആ ഡയറക്ടറിനെ കാണണം, ആർട്ടിസ്റ്റുകളെ കാണണം, എന്തൊരു ഹോംലി അന്തരീക്ഷം എന്നൊക്കെ പറഞ്ഞ് ജൂഹി എപ്പോഴും ഷാരൂഖിനെ കൊതിപ്പിക്കും. ഒടുവിൽ ഷാരൂഖ് എന്നോടു പറഞ്ഞു, ഒരു ഷോട്ടെങ്കിൽ ഒരു ഷോട്ട് എനിക്കീ ചിത്രത്തിൽ വേണം കെട്ടോ എന്ന്. അതെങ്ങനെ കൊണ്ടുവരും എന്നറിയില്ല, ഒടുവിൽ മീര മമ്മൂട്ടിയ്ക്കോ മോഹൻലാലിനോ എന്നു കൺഫ്യൂഷനിൽ നിൽക്കുമ്പോൾ ഷാരൂഖ് ജൂഹിയുടെ കൈപിടിച്ചു പോവുന്നതായി ആലോചിച്ചു. പിന്നെ ഒരു ആർട്ടിഫിഷ്യാലിറ്റി വേണ്ടെന്ന് ഓർത്ത് വിട്ടുകളഞ്ഞു."
/indian-express-malayalam/media/media_files/2025/03/18/NwG0ZhtbpHd0wJbxwQHu.jpg)
ഹരികൃഷ്ണൻസുമായി ഷാരൂഖ് ഖാന് മറ്റൊരു ബന്ധം കൂടിയുണ്ട്. ചിത്രത്തിൽ മീരയുടെ സുഹൃത്തായ ഗുപ്തന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സംവിധായകൻ രാജീവ് മേനോൻ ആണ്. എന്നാൽ, ആ കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ഷാരൂഖ് ഖാനെ ആയിരുന്നു. ഷാരൂഖിന്റെ തിരക്കുകള്‍ കാരണം അങ്ങനെ നടക്കാതെ പോയതാണ്.
/indian-express-malayalam/media/media_files/2025/03/18/mammootty-mohanlal-harikrishnans-1-627516.jpg)
"മോഹൻലാലും മമ്മൂട്ടിയും ഏകദേശം തുല്യരായി നിൽക്കുന്ന സമയത്ത്, അവർ അവരുടേതായ സിനിമകളിൽ മാത്രം ശ്രദ്ധ കൊടുത്തിരുന്ന സമയത്ത്, ഒരു സീനിയർ ടെക്നീഷ്യൻ എന്ന രീതിയിലും അവരു രണ്ടു പേരുമായി നല്ല സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന ആളെന്ന രീതിയിലും അവരെ രണ്ടു പേരെയും വെച്ചൊരു പടം ചെയ്യണം എന്ന കൗതുകത്താലും ഉണ്ടായ സിനിമയാണ് 'ഹരികൃഷ്ണൻസ്.' ഒരു കൗതുകത്തിന്റെ പുറത്തു ചെയ്ത സിനിമയാണെങ്കിലും അതൊരു തട്ടിക്കൂട്ട് പടമൊന്നുമല്ല. മോഹൻലാൽ, മമ്മൂട്ടി, ജൂഹി ചൗള എന്നിവരെ മുന്നിൽ നിർത്തി കോമാളിത്തരങ്ങൾ ഒക്കെ കാണിക്കുമെങ്കിലും 'ഹരികൃഷ്ണൻസിൽ' ആഴത്തിൽ പറഞ്ഞു പോവുന്ന ഒരു ക്രൈം സ്റ്റോറിയുണ്ട്, അതിന്റെ അന്വേഷണവുമുണ്ട്. അത്തരമൊരു സിനിമയെടുക്കുമ്പോൾ മോഹൻലാലിനെ ഞാൻ കൂടുതലായി പരിഗണിച്ചെന്നോ, മമ്മൂട്ടിയെ കൂടുതൽ പരിഗണിച്ചെന്നോ ഉള്ളൊരു പേരുദോഷം ഉണ്ടാവാതിരിക്കണമെന്നുണ്ടായിരുന്നു. ഒപ്പം ഇരുവരുടെയും ആരാധകരെയും കണക്കിലെടുക്കണം. മെയിൻ പ്രശ്നം, ജൂഹി ചൗളയെ ആർക്കു കിട്ടും എന്നതാണ്. മമ്മൂട്ടിയ്ക്ക് കിട്ടിയാൽ മോഹൻലാലിന്റെ ഫാൻസ് നിരാശരാകും. മോഹൻലാലിന് കിട്ടിയാൽ മമ്മൂട്ടി ഫാൻസിനും," ഫാസിൽ പറഞ്ഞു.
/indian-express-malayalam/media/media_files/2025/03/18/mammootty-mohanlal-harikrishnans-2-514051.jpg)
"ഇവരില്‍ ആരെ ഒടുവില്‍ മീര തെരഞ്ഞെടുക്കും എന്നത് രണ്ടു പേരുടേയും ആരാധകര്‍ക്കിടയില്‍ വലിയ വിവാദങ്ങള്‍ക്ക് വഴി തുറന്ന സാഹചര്യത്തില്‍ സിനിമയ്ക്ക് രണ്ടു ക്ലൈമാക്സ് ആവിഷ്കരിച്ചു. ഒന്നില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ തെരെഞ്ഞെടുക്കുന്നതായും മറ്റേതില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ തെരെഞ്ഞെടുക്കുന്നതായും. മോഹൻലാലിനു കിട്ടുന്നതായി എടുത്തു വെച്ചു, മമ്മൂട്ടിയ്ക്ക് കിട്ടുന്നതായും എടുത്തു വെച്ചു. ആർക്കും കിട്ടുന്നത് കാണിക്കാത്ത ഒരു ക്ലൈമാക്സും."
/indian-express-malayalam/media/media_files/2025/03/18/mammootty-mohanlal-harikrishnans-3-994090.jpg)
"പക്ഷേ കുഴപ്പങ്ങളുടെ തുടക്കം മദ്രാസിലെ പ്രിവ്യൂവിന് ശേഷമാണ്. ആ പ്രിവൂവിൽ കാണിച്ച ചിത്രത്തിൽ ആർക്കാണ് കിട്ടിയതെന്ന് കാണിക്കുന്നില്ല. മോഹൻലാലും മമ്മൂട്ടിയും തിരിഞ്ഞ് പ്രേക്ഷകരോട് ചോദിക്കും, ആർക്ക് കിട്ടിയെന്ന് അറിയേണ്ടേ? ദേ ഇയാൾക്ക് എന്നു പറഞ്ഞ് പരസ്പരം കൈചൂണ്ടുന്നതാണ്. അവിടെയാണ് ഞാനാ പടം ഫിനിഷ് ചെയ്തത്. പക്ഷേ പ്രിവ്യൂ കണ്ട കുറേ സ്ത്രീകൾ വന്ന് കഷ്ടമായി പോയി, ഞങ്ങളെ പറ്റിച്ചതു പോലെയായി, ആർക്കു കിട്ടിയാലും എന്താ, ആർക്കാ കിട്ടിയതെന്ന് കാണിച്ചു കൂടെ എന്നൊക്കെ പരാതിയുമായി വന്നത്. അപ്പോൾ വീണ്ടും ഒരു കുസൃതി തോന്നി. ഞാൻ എത്ര പ്രിന്റുണ്ടെന്നു തിരക്കി, ആകെ 32 പ്രിന്റ്. 16 പ്രിന്റിൽ മോഹൻലാലിനു കിട്ടട്ടെ, 16 എണ്ണത്തിൽ മമ്മൂട്ടിയ്ക്ക് കിട്ടുന്നതായും വെച്ചേക്കൂ എന്നു പറഞ്ഞ് ഞാനെന്റെ പരിപാടി തീർത്തു. പിന്നെ അതു വിവാദമൊക്കെയായി. കൗതുകത്തിനു വേണ്ടി ഒരു പടം ചെയ്തു, ആ കൗതുകം ഞാൻ അവസാനം വരെ കാക്കുകയും ചെയ്തു," 'ഹരികൃഷ്ണന്സിന്' ക്ലൈമാക്സ് ഒരുക്കിയതിനെക്കുറിച്ച് ഫാസില്‍ പറഞ്ഞതിങ്ങനെ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.