സംവിധായകന്‍ ഹരിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് സൂര്യയെ നായകനാക്കി ഒരുക്കിയ ‘സിംഗ’വും വിക്രമിനെ നായകനാക്കി ഒരുക്കിയ ‘സാമി’യും. ‘സിംഗ’ത്തിന്റെ തുടര്‍ച്ചയായി ‘സിംഗം 2’, ‘സിംഗം 3’ എന്നിങ്ങനെ രണ്ടു ഭാഗങ്ങളും ഇറങ്ങി. ‘സാമി’യുടെ രണ്ടാം ഭാഗം ‘സാമി സ്‌ക്വയര്‍’ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ എത്തിയത്. രണ്ടു ചിത്രങ്ങളിലെയും നായകന്മാര്‍ പൊലീസ് ഉദ്യോഗസ്ഥരാണ്. ഈ രണ്ടു കഥാപാത്രങ്ങളും ഒരു സിനിമയില്‍ നേര്‍ക്കുനേര്‍ വന്നാല്‍ എങ്ങിനെയിരിക്കും?

Saamy Square Review: വിക്രത്തിന്റെ സാമി സ്ക്വയര്‍: ആദ്യ പ്രതികരണങ്ങള്‍

ഇങ്ങനെ ഒരു ചിന്ത തനിക്കുണ്ടായിരുന്നുവെന്ന് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഹരി പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു കഥാപാത്രങ്ങളേയും ഒരു ചിത്രത്തില്‍ കൊണ്ടു വരുമോ എന്ന ചോദ്യത്തിനായിരുന്നു ഹരിയുടെ മറുപടി.

‘സിംഗം 3യില്‍ സൂര്യയുടെ ദുരൈ സിംഗവും വിക്രമിന്റെ ആറുസാമിയും പരസ്പരം കണ്ടുമുട്ടുന്ന ഒരു സീന്‍ ഞാന്‍ ആലോചിച്ചിരുന്നു. പക്ഷെ മറ്റൊരു വലിയ താരത്തോട് ഒരു ചെറിയ രംഗത്തില്‍ പ്രത്യക്ഷപ്പെടാന്‍ ആവശ്യപ്പെടുന്നത് ശരിയായി തോന്നിയില്ല. അതുകൊണ്ട് വേണ്ടെന്നുവച്ചു,’ എന്നായിരുന്നു ഹരിയുടെ ഉത്തരം.

സൂര്യയുടേയും വിക്രമിന്റേയും അഭിനയ ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ടു കഥാപാത്രങ്ങളാണ് ദുരൈ സിംഗവും ആറുസാമിയും. 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സാമിക്ക് രണ്ടാം ഭാഗം ഒരുങ്ങിയത്. ആദ്യ ചിത്രത്തില്‍ തൃഷ നായികയായി എത്തിയപ്പോള്‍ ഇത്തവണ കീര്‍ത്തി സുരേഷായിരുന്നു നായിക. ചിത്രത്തെക്കുറിച്ച് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ