നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനാവുന്നു. നയനയാണ് വധു. കലൂർ ഐഎംഎ ഹാളിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.
കമ്പ്യൂട്ടർ എഞ്ചിനീയർമാരാണ് വിഷ്ണുും നയനയും. 2023 മേയ് 27 നാണ് വിവാഹം.
ഹരീഷ് പേരടിയുടെയും ബിന്ദുവിന്റെയും മൂത്തമകനാണ് വിഷ്ണു. വൈദി എന്നൊരു മകൻ കൂടിയുണ്ട് ഹരീഷ്-ബിന്ദു ദമ്പതികൾക്ക്.
കോഴിക്കോട് ചാലപ്പുറം സ്വദേശിയായ ഹരീഷ് നാടകരംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്. ആകാശവാണിയിൽ നാടക ആർട്ടിസ്റ്റായും ഹരീഷ് പ്രവർത്തിച്ചിരുന്നു. ഇരുനൂറോളം ടെലിവിഷൻ പരമ്പരകളിലും ഹരീഷ് അഭിനയിച്ചിട്ടുണ്ട്. സിബി മലയിലിന്റെ ‘ആയിരത്തിലൊരുവൻ’ എന്ന ചിത്രത്തിലൂടെയാണ് ഹരീഷ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന സിനിമയിലെ കൈതേരി സഹദേവൻ ഹരീഷ് പേരാടിയ്ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്ത കഥാപാത്രങ്ങളിൽ ഒന്നാണ്.