വിശാല്‍, അര്‍ജുന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഇരുമ്പുതിരൈ എന്ന ചിത്രം തിയേറ്ററില്‍ പ്രദര്‍ശന വിജയം തുടരുകയാണ്. ചിത്രത്തിൽ ആധാറിനേയും, ഡിജിറ്റല്‍ ഇന്ത്യയേയും, നോട്ടുനിരോധനത്തേയും വിമർശിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ ഉണ്ടെന്നും അതിനാല്‍ റിലീസ് തടയണമെന്നും ആവശ്യപ്പെട്ട് ബിജെപി തന്നെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ആ രംഗങ്ങള്‍ ഒന്നും തന്നെ സെന്‍സര്‍ ചെയ്യാതെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ഇപ്പോള്‍ ബിജെപിയെ ചൊടിപ്പിച്ച രംഗങ്ങള്‍ ഒടുവില്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. ഈ പ്രത്യേക രംഗത്തില്‍ വിശാലിന്റെ കഥാപാത്രം ആധാറിനെയും ഡിജിറ്റല്‍ ഇന്ത്യയെയും വിമര്‍ശിക്കുകയാണ്. വീഡിയോ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകം ഇതിനോടകം തന്നെ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിക്കഴിഞ്ഞു.

കൂടാതെ വിജയ് മല്യ, നീരവ് മോദി എന്നിവരെക്കുറിച്ച് ചിത്രത്തില്‍ നടത്തുന്ന പരാമര്‍ശങ്ങളും തമിഴ്നാട്ടിലെ ബിജെപി നേതൃത്വത്തെ പ്രകോപിതരാക്കിയിരുന്നു. ആധാറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ചില ഭാഗങ്ങളുണ്ടെന്നും അതിനാല്‍ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും, എന്നാല്‍ അത്തരത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്നു പറഞ്ഞ് കോടതി കേസ് തള്ളുകയുമായിരുന്നു.

വിശാല്‍ നായകനാകുന്ന ചിത്രത്തില്‍ വില്ലനായാണ് അര്‍ജുന്‍ എത്തുന്നത്. സാമന്തയാണ് നായിക. ഇവരെ കൂടാതെ റോബോ ശങ്കര്‍, വിന്‍സന്റ് അശോകന്‍, ഡല്‍ഹി ഗണേഷ് എന്നിവരും ചിത്രത്തിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ