ലോകത്തെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചാര്‍ളി ചാപ്ലിന് ഇന്ന് നൂറ്റി ഇരുപത്തെട്ടാം ജന്മദിനം. ഇന്നും പ്രസക്തിയുളള സാമൂഹിക രാഷ്ട്രീയം പറഞ്ഞ സിനിമകളുടെ ഫസ്റ്റ് ലുക്കാണ് ചാപ്ലിൻ സിനിമകൾ. മൗനം കൊണ്ടുപോലും ആരവങ്ങളുടെ അലകളുയർത്തിയ സിനിമകളായിരുന്നു അദ്ദേഹത്തിന്റേത്. സിനിമയുടെ മുന്നിലും പിന്നിലും ചാപ്ലിന്റെ സർഗാത്കമകതയുടെ വിരൽ മീട്ടിയപ്പോൾ അവ സമകാല പ്രസ്ക്തമായി ഇന്നും നിലനിൽക്കുന്നു. രാഷ്ട്രീയം പറയുമ്പോഴും അതിന് മൂർച്ചയേറിയ നർമ്മം ഉപയോഗിക്കാൻ ചാപ്ലിന് സാധിച്ചു. ആധുനികവത്ക്കരണത്തിന്റെ മുഖംമൂടിയിൽ ചൂഷകരായവർ മുതൽ ലോകത്തെ വിറപ്പിച്ച ഫാഷിസ്റ്റ് ഭരണാധികാരിയായിരുന്ന ഹിറ്റ്ലർ വരെ ആ നർമ്മമുന കൊണ്ട് മുറിവേറ്റവരാണ്. ചാപ്ലിന്റെ ജീവിതവും സിനിമയും സ്നേഹത്തിന്റെയും അനുതാപത്തിന്റെയും ഉയിർത്തെഴുന്നേൽപ്പായിരുന്നു. വിശ്വാസികളുടെ ഉയിർത്തെഴുന്നേൽപ്പ് ദിനത്തിൽ ജനിച്ച ചാപ്ലിൻ സർഗാത്കമലോകത്തെ ഉയിർത്തെ;ഴുൽപ്പായി അടയാളപ്പെട്ടു.
1889 ഏപ്രില്‍ പതിനാറിനു ലണ്ടനില്‍ ജനിച്ച ചാര്‍ലസ് സ്പെന്‍സര്‍ ചാപ്ലിന്റെ ജീവിതം ഒരിക്കലും വെള്ളിത്തിരയിലെ പോലെ നർമം പടര്‍ത്തുന്നതായിരുന്നില്ല. ദാരിദ്ര്യവും കഷ്ടപ്പാടുകളും അനാഥത്വവും നിറഞ്ഞതായിരുന്നു ചാപ്ലിന്റെ ബാല്യം.
നന്നേ ചെറുപ്പത്തില്‍ തന്നെ സംഗീത പരിപാടികളിലും ചെറിയ വേഷങ്ങളുമായി അരങ്ങിലും അഭിനയിച്ചു തുടങ്ങിയ ചാപ്ലിന്റെ ജീവിതം വഴിമാറുന്നത് പത്തൊമ്പതാം വയസ്സില്‍ അമേരിക്കയിലേക്ക് പോകുന്നതോടെയാണ്.
പ്രസിദ്ധമായ ഫ്രെഡ് കര്‍നോ കമ്പനിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചാപ്ലിന് 1914 ആവുമ്പോഴേക്കും കീസ്റ്റോണ്‍ സ്റ്റുഡിയോയ്ക്കു വേണ്ടി വെള്ളിത്തിരയില്‍ മുഖം കാണിച്ചുതുടങ്ങി. അവിടെ വച്ചാണ് അനാഥനായ ചാപ്ലിന് ഒരു നാടോടിയുടെ വേഷപകര്ച്ചയണിഞ്ഞുകൊണ്ട് യാത്ര തുടങ്ങുന്നത്.. ലോകസിനിമയുടെ തന്നെ തലവര മാറ്റിമറിച്ച യാത്ര.
അഞ്ചു വര്‍ഷത്തിനകം തന്നെ ചാപ്ലിന് തന്റെ സ്വന്തം സിനിമാ സംരംഭം ആരംഭിക്കുകയായിരുന്നു, യുണൈറ്റഡ് ആര്‍ട്ടിസ്റ്റ്’.ഇതേ ബാനറില്‍ പിന്നീട് ഒട്ടനവധി പടങ്ങള്‍. ആദ്യ മുഴുനീള സിനിമ 1921ല്‍ ‘ദി കിഡ്’. പിന്നെ വുമണ്‍ ഇന്‍ പാരീസ്, ഗോള്‍ഡ് റഷ്, ദി സര്‍ക്കസ് തുടങ്ങി ചാപ്ലിന് ചെയ്ത സിനിമകള്‍ നിശബ്ദ സിനിമകള്‍ക്ക് ചിരിയുടേയും ആരവത്തിന്റെയും രസക്കൂട്ടു തീര്‍ത്തവ. അന്നുവരെ ഉണ്ടായിരുന്ന സിനിമാ സങ്കല്‍പ്പങ്ങള്‍ ചാപ്ലിന്റെ നടന മികവിന്റെ മികവില്‍ നവീകരിക്കപ്പെടുകയായിരുന്നു. ചടുലമായ താളങ്ങള്‍ക്കനുസരിച്ചുള്ള ശരീര ചലനം , അപാരമാം വിധം നിയന്ത്രിക്കപ്പെടുന്ന അതിലെ വേഗതയുടെ ഏറ്റക്കുറച്ചിലുകള്‍, അതി സൂക്ഷമവും ഗഹനവുമായ ഭാവപകര്‍ച്ചകള്‍, ഏച്ചുകേട്ടലുകളോ ആവര്‍ത്തനവിരസതയോ തോന്നിപ്പിക്കാത്ത കഥാപാത്രങ്ങളിലെ തുടര്‍ച്ച. ഇതൊക്കെയാണ് ചാപ്ലിന് എന്ന നടനെ അനന്യസാധാരണമാക്കിയത്.
1931 കളില്‍ ശബ്ദങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ചലച്ചിത്രത്തില്‍ ന്യൂതനമായ പരീക്ഷണം ആരംഭിക്കുമ്പോഴും ചാപ്ലിന് നിന്നടുത്ത് തന്നെ ഉറച്ചു നിന്നു. സിറ്റി ലൈറ്റ്സും മോഡേണ്‍ ടൈംസും സംഭാഷണങ്ങള്‍ ഇല്ലാതേയും ഒരുപാട് സംവദിച്ചു.
പിന്നീട് ശബ്ദത്തിന്റെ ലോകത്തേക് ചാപ്ലിന് കടന്നു വരുന്നത് ഗ്രേറ്റ് ഡിക്റ്റേറ്ററിലൂടെയാണ്. ലോകം ഭയന്ന ഹിറ്റ്ലര്‍ എന്ന ഫാസിസ്റ്റ് നേതാവിനെ ചാപ്ലിന് സ്വതസിദ്ധമായ ഹാസ്യത്തില്‍ ഒരു ‘പ്രഹസനമാക്കി’. ഒരുപക്ഷെ ലോകം അന്നുവരെ കണ്ടിട്ടുള്ള ഏറ്റവും രാഷ്ട്രീയമുള്ള സിനിമയായിരുന്നു അത്. ഹിറ്റ്ലര്‍ ആയി വേഷമിട്ട ചാപ്ലിന് അവതരിപ്പിക്കുന്ന പല സംഭാഷണങ്ങളുടെ അന്തസ്സത്ത ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിലും പ്രസക്തമായി തന്നെ നില്ക്കുന്നു.ചാപ്ലിന് എന്ന നടനും സംവിധായകനും പുറമേ ചാപ്ലിന് എഴുത്തുകാരന് സംഭാഷണ ശകലങ്ങളിലും തിരകതയിലും പ്രകടമാക്കുന്ന മികവു കൂടിയാണത്. ഒരുപാട് വിമര്‍ശകരേയും സൃഷ്ടിച്ച സിനിമ കൂടിയാണ് ഗ്രേറ്റ് ഡിക്റ്റേറ്റര്‍. ‘കമ്മ്യൂണിസ്റ്റ് അനുഭാവി’ എന്ന് വിളിക്കപ്പെട്ട ചാപ്ലിനെന്ന വ്യക്തിയെ സംബന്ധിച്ച് പിന്നീടുള്ള കാലം കടുത്തതായിരുന്നു. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ യും ചാപ്ലിനെ നിരന്തരം പിന്തുടര്ന്നു കൊണ്ടിരുന്നു. ഒടുവില്‍, താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ച അമേരിക്കയും ഹോളിവുഡും വിട്ട് സ്വിറ്റ്സര്‍ലന്‍ഡില്‍ അഭയം തേടേണ്ടി വന്നു ചാപ്ലിന്.
ചാപ്ലിന് എന്ന അപൂര്‍വ്വ പ്രതിഭയെക്കാള്‍ ഏറെ പ്രശസ്തമാണ് ചാപ്ലിന് തുടര്‍ച്ചയായി ചെയ്തുകൊണ്ടിരുന്ന നാടോടി വേഷം. ഒരിക്കല്‍ ഒരു നൈറ്റ് ക്ലബ്ബില്‍ നടന്ന ചാപ്ലിൻ അനുകരണ പരിപാടിയില്‍ കയറിചെന്ന യഥാർത്ഥ ചാപ്ലിന്, ചാപ്ലിനുമായി ഒരു സാമ്യവുമില്ല എന്നുപറഞ്ഞു ഇറക്കിവിട്ട അനുഭവവുംഉണ്ട്. ഒരുപക്ഷേ, ചരിത്രത്തില്‍ മറ്റൊരു നടനും ഇങ്ങനെയൊരു അനുഭവം ഉണ്ടായിക്കാണില്ല. സ്ഥിരം നാടോടി വേഷപകര്ച്ചകളില് നിന്നും വിട്ടിറങ്ങിയ ചാപ്ലിന്റെ പടങ്ങളിൽ പലതും അധികം വിജയം കണ്ടില്ല എന്നതും വസ്തുതയാണ്. ലൈംലൈറ്റ്, എ കിംഗ് ഓഫ് ന്യൂ യോര്‍ക്ക്. എ കൗണ്ടസ് ഫ്രം ഹോങ്ങ്കോങ്ങ് എന്നിങ്ങനെ അധികമാരും അറിയപ്പെടാത്ത ചാപ്ലിന് സിനിമകള്‍.
നാടകീയതയില്‍ ഊന്നിയ ആവിഷ്കരണ രീതിയും കുറച്ച് സാങ്കേതികതയും എന്നാല്‍ കൗശലം നിറഞ്ഞതുമായ ഉപയോഗവും. ചാപ്ലിന് എന്ന സംവിധായകനില്‍ നിന്നും ആരും പഠിക്കേണ്ടതാണ്. ഓരോ ഫ്രെയിമിലും ചലനങ്ങള്‍ നിലനിര്‍ത്താനും ‘ചലച്ചിത്രം’ എന്നാല്‍ ചലനമുള്ള ചിത്രമാണ് എന്ന് ഉറപ്പുവരുത്തുവാനും ചാപ്ലിന് എപ്പോഴും ശ്രദ്ധിച്ചു. ഒന്നും ചലിക്കാനില്ലാത്തപ്പോള് സ്വയം ചലിച്ചു ! ഒരുപക്ഷെ ഈയൊരു വാശി തന്നെയാവും മിക്ക സിനിമകളും സ്വയം വേഷമിട്ട് ഇറങ്ങാന്‍ ചാപ്ലിനെ പ്രേരിപ്പിച്ചതും. അഭിനേതാവ്, സംവിധായകന്, സംഗീത സംവിധായകന്, ആക്ഷന്‍ സംവിധായകന്, എഡിറ്റര്‍, തുടങ്ങി ചാപ്ലിന് കൈവെക്കാത്ത ഒരു മേഖലയും സിനിമയില്‍ ഉണ്ടാവില്ല.
അത്ര സന്തുഷ്ടമായിരുന്നില്ല ചാപ്ലിന്റെ വ്യക്തി ജീവിതം. വെള്ളിത്തിരയില്‍ എല്ലാവരെയും ചിരിക്കുമ്പോഴും ജീവിതത്തില്‍ ഒട്ടേറെ ദുഃഖങ്ങളിലൂടെ കടന്നുപോവുകയായിരുന്നു ചാപ്ലിന്. ചെറുപ്രായത്തിലെ അനാഥത്വം, നിരന്തരം തുടര്‍ന്ന വിവാദങ്ങള്‍, സിനിമയിലെപ്പോലെ ജീവിതത്തിലും നടോടി ആവേണ്ടി വന്ന വാര്‍ദ്ധക്യം, മരണം വരെ നിരന്തരം ചാരക്കണ്ണില്‍ പിന്തുടരുകയായിരുന്ന അമേരിക്കന്‍ ജാഗരൂഗത. ഇതിനൊക്കെ ഇടയിലും ചാപ്ലിന് എന്ന മഹാപ്രതിഭ തന്റെ ദുഃഖങ്ങള്‍ പുറത്ത് കാണിക്കാതെ ചിരിപ്പിച്ചൂ, ചിന്തിപ്പിച്ചു.. സിനിമ എന്ന മാധ്യമത്തെ തനിക്ക് മുമ്പും പിമ്പും എന്ന് രണ്ടായി പകുത്തുവച്ചു ആ പ്രതിഭ. തങ്ങളുടെ കല പ്രസക്തമായി നിലനില്ക്കുന്നടുത്തോളം കലാകാരന്മാരും അനശ്വരരാണ്.അതുകൊണ്ടാണ് ചാര്‍ളി ചാപ്ലിനും മരിക്കാത്തത്. ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചാപ്ലിന് ജന്മദിനാശംസകള് !