ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ തങ്ങളുടെ പ്രണയം ആഘോഷിക്കുന്ന ദിവസമാണ് വാലന്റൈന്‍സ് ഡേ. പ്രണയിക്കുന്നവർക്ക് പരസ്പരം സമ്മാനങ്ങള്‍ നല്‍കാനും, ആഘോഷിക്കാനുമുള്ള ദിനം. പ്രണയദിനത്തിൽ പ്രണയിതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താരങ്ങൾ.
കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം എന്നിവരെല്ലാം പ്രണയദിനത്തിൽ ആശംസാകുറിപ്പുകൾ ഷെയർ ചെയ്തിട്ടുണ്ട്.
സെന്‍റ് വാലന്‍റൈൻ എന്ന പുരോഹിതന്‍റെ ഓർമ ദിനമാണ് ഫെബ്രുവരി 14ന് വാലന്‍റൈൻസ് ദിനമായി ആചരിച്ചുതുടങ്ങിയതെന്ന് കരുതപ്പെടുന്നു. അക്കാലത്ത് ക്ലോഡിയസ് രണ്ടാമൻ ആയിരുന്നു റോമിന്റെ ഭരണാധികാരി. യുദ്ധ തൽപരനായിരുന്ന അദ്ദേഹം യുവാക്കളായ സൈനികർ വിവാഹിതരാകാൻ പാടില്ലെന്ന നിബന്ധന കൊണ്ടുവന്നു. എന്നാൽ രാജാവറിയാതെ പുരോഹിതനായ വാലന്റൈൻ സ്നേഹിക്കുന്നവരെ ഒരുമിപ്പിക്കാനായി രഹസ്യമായി വിവാഹങ്ങൾ നടത്തിക്കൊടുത്തു. ഇതറിഞ്ഞ രാജാവ് ഫെബ്രുവരി 14 നു വാലന്റൈന്റെ വധശിക്ഷ നടപ്പിലാക്കി. എഡി 270 ൽ ഫെബ്രുവരി പകുതിയോടെ അന്തരിച്ച വിശുദ്ധ വാലന്റൈന്റെ മരണ വാർഷികത്തോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിക്കുന്നതെന്നാണ് വിശ്വാസം.
ഒരാഴ്ച നീണ്ടു നിൽക്കുന്നതാണ് വാലന്റൈൻസ് ഡേ ആഘോഷം. വാലന്റൈൻസ് വീക്കെന്നാണ് ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ദിവസങ്ങൾ അറിയപ്പെടുന്നത്. ഇതിൽ ഓരോ ദിവസവും പ്രണയിക്കുന്നവർക്ക് സ്‌പെഷ്യലാണ്. ഓരോ ദിവസത്തിനും പ്രണയത്തോട് ചേർന്നു നിൽക്കുന്ന പേരുകളുമുണ്ട്. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ളേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ്സ് ഡേ, ഹഗ് ഡേ അങ്ങനെ പോകുന്നു ദിനങ്ങൾ. ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ അവസാനമാണ് ഫെബ്രുവരി 14, വാലന്റൈൻസ് ഡേ.