കൊച്ചി: കാളിദാസ് ജയറാം നായകനാവുന്ന ‘ഹാപ്പി സർദാർ’ റിലീസിനെത്തി. ചില സാങ്കേതിക കാരണങ്ങളാൽ ആദ്യ ഷോ മുടങ്ങിയെങ്കിലും ഉച്ചയ്ക്ക് ഒരു മണിയോടെ ഷോ ആരംഭിക്കുകയായിരുന്നു.
പഞ്ചാബിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയചിത്രമാണ് ‘ഹാപ്പി സർദാർ. സുധീപ്- ഗീതിക ദമ്പതികളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ടു സാംസ്കാരിക പശ്ചാത്തലത്തിലുള്ളവരുടെ പ്രണയമാണ് ചിത്രം പറയുന്നത്. ഹാപ്പി എന്ന സർദാർ യുവാവിന്റെ വേഷത്തിലാണ് കാളിദാസ് എത്തുന്നത്. സാഹചര്യങ്ങൾ കൊണ്ട് കേരളത്തിലെത്തുന്ന ഹാപ്പി ഒരു മലയാളി പെൺകുട്ടിയുമായി പ്രണയത്തിലാവുകയും പിന്നീടുണ്ടാകുന്ന പ്രശ്നങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്.
പുതുമുഖമായ മെറിൻ ഫിലിപ്പ് ആണ് ഈ റൊമാന്റിക് കോമഡി ചിത്രത്തിലെ നായികയായെത്തുന്നത്. ബോളിവുഡ് താരം ജാവേദ് ജാഫ്രിയും ചിത്രത്തിലുണ്ട്. കാളിദാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛന്റെ വേഷമാണ് ജാവേദ് ജാഫ്രി കൈകാര്യം ചെയ്യുന്നത്. ശ്രീനാഥ് ഭാസി, സിദ്ധി മഹാജൻ, പ്രവീണ, സിദ്ദിഖ്, സൗബിൻ, ഹരീഷ് കണാരൻ, ബാലു വർഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സുധീപും ഗീതികയും ചേർന്നാണ്. മലയാള സിനിമയിൽ തന്നെ ചിലപ്പോൾ ഇതാദ്യമായാവും ദമ്പതികൾ ഒന്നിച്ച് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. മുൻപ് ഒന്നിച്ച് നിരവധി ഡോക്യുമെന്ററികളും ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്ത സുധീപിന്റെയും ഗീതികയുടെയും ആദ്യത്തെ സംവിധാനസംരംഭമാണ് ‘ഹാപ്പി സർദാർ’.
“വിവിധതരം വിവാഹങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കഥ പോകുന്നത്. കഥയിൽ പഞ്ചാബും കേരളവും ഒരുപോലെ ലൊക്കേഷൻ ആവുന്നുണ്ട്. പഞ്ചാബിലെ പാട്യാല, കുട്ടനാട്, കുമരകം എന്നിവിടങ്ങളിലായാണ് കഥ നടക്കുന്നത്,” ചിത്രത്തെ കുറിച്ച് സംവിധായകരിൽ ഒരാള ഗീതിക ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. പഞ്ചാബിന്റെ പശ്ചാത്തലത്തിൽ കഥ പറയാൻ പഞ്ചാബിയായ സുഹൃത്തും ഏറെ ധൈര്യം തന്നുവെന്ന് ഗീതിക പറയുന്നു. “എന്റെ ആത്മസുഹൃത്ത് ഒരു പഞ്ചാബി പെൺകുട്ടിയാണ്. 20 വർഷമായി അറിയാവുന്ന സുഹൃത്ത്. എന്നെ സംബന്ധിച്ച് മലയാളി കൾച്ചർ കഴിഞ്ഞാൽ ഏറ്റവും അടുത്ത് അറിയാവുന്നത് അവരുടെ കൾച്ചർ ആണ്. സ്ക്രിപ്റ്റിംഗ് സമയത്തൊക്കെ കൂടുതൽ കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും ആ സുഹൃത്ത് സഹായിച്ചു,” ചിത്രത്തിന്റെ തിരക്കഥയിലും പങ്കാളിയായ ഗീതിക കൂട്ടിച്ചേർക്കുന്നു.
അഭിനന്ദൻ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഹരിനാരായണന്റെ ഗാനങ്ങൾക്ക് ഗോപി സുന്ദർ ഈണം നൽകിയിരിക്കുന്നു. സമീർ മുഹമ്മദാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്.
Read more: ‘ഹാപ്പി സർദാർ’ ആയി കാളിദാസ് ജയറാം, പഞ്ചാബിന്റെ പശ്ചാത്തലത്തിൽ വീണ്ടുമൊരു പ്രണയകഥ