Happy friendship day 2018: പാട്ടുകള്‍ എക്കാലവും സൗഹൃദങ്ങളിലെ ഒഴിച്ചുകൂട്ടാനാകാത്ത ഒരു ഘടകമാണ്. നാല് സുഹൃത്തുക്കള്‍ ഒത്തു ചേരുമ്പോള്‍ പാട്ടൊക്കെ പാടി കഥയൊക്കെ പറഞ്ഞങ്ങനെ ഇരിക്കാന്‍ എന്തു രസമാണ്. ഇത്തരത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചേരുമ്പോള്‍ താളമിടാന്‍ പാകത്തിന് കുറേ പാട്ടുകള്‍ മലയാള സിനിമയിലുണ്ട്. സൗഹൃദങ്ങളെ ആഘോഷിച്ച പാട്ടുകള്‍.

മാരിവില്ലിന്‍ ഗോപുരങ്ങള്‍..

സമ്മര്‍ ഇന്‍ ബെത്‌ലഹേം എന്ന ചിത്രത്തിലെ മനോഹരമായൊരു ഗാനമാണിത്. ജയറാം, സുരേഷ് ഗോപി, കലാഭവന്‍ മണി എന്നിവാരാണ് ഈ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം നല്‍കിയിരിക്കുന്നു. ശ്രീനിവാസ്, ബിജു നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഹിമശൈല സൈകത

ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലെ എത്ര കേട്ടാലും മതിവരാത്ത ഈ ഗാനം ഒരു കവിത പോലെ മനോഹരമാണ്. ശോഭ, ജലജ, വേണു നാഗവള്ളി തുടങ്ങിയവരാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. എം.ജി രാജേന്ദ്രന്റെ വരികള്‍ക്ക് ജി. ദേവരാജന്‍ സംഗീതം നല്‍കിയിരിക്കുന്നു. മാധുരിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ശാരികേ നിന്നേ കാണാന്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത രാക്കിളിപ്പാട്ട് എന്ന ചിത്രത്തിലെ ഹിറ്റ് പാട്ടാണ് ശാരികേ നിന്നേ കാണാന്‍. ഒരുകൂട്ടം പെണ്‍കുട്ടികള്‍ ഹോസ്റ്റല്‍ റൂമില്‍ നിന്നും പുറത്തു പോയി കൂട്ടുകാരിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതാണ് പാട്ടിന്റെ പശ്ചാത്തലം. സൗഹൃദം പൂക്കുന്ന സുഗന്ധം പാട്ടില്‍ ഉടനീളമുണ്ട്. ജ്യോതികയാണ് ചിത്രത്തിലെ നായിക. കെ. ജയകുമാറിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ് ചിത്ര, സുജാത, സംഗീത എന്നിവര്‍ ചേര്‍ന്നാണ്.

കാറ്റാടിത്തണലും…

ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ ഈ ഗാനം ഒരു കാലത്ത് സ്‌കൂള്‍-കോളേജ് ടൂര്‍ ദിനങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. സൗഹൃദത്തിന്റെ ചൂടും ചൂരും നിറഞ്ഞ വരികളായിരുന്നു വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടേയത്. അലക്‌സ് പോള്‍ സംഗീതം നല്‍കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് വിധു പ്രതാപ്, സിസിലി എന്നിവരാണ്.

മലര്‍ക്കിളിയിണയുടെ

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് സ്വപ്‌നക്കൂട്. ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഒന്നിനൊന്ന് ഹിറ്റായിരുന്നു. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഭാവന, മീരാ ജാസ്മിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തിലെ മര്‍ക്കിളിയിണയുടെ എന്ന ഗാനം സൗഹൃദത്തെക്കുറിച്ചായിരുന്നു. എന്നും കൂടെയുണ്ടാകും എന്നുറപ്പു നല്‍കുന്ന സുഹൃത്തിന്റെ വാക്കുകളാണവ. കൈതപ്രത്തിന്റെ വരികള്‍ക്ക് മോഹന്‍ സിതാര ഈണം നല്‍കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് മധു ബാലകൃഷ്ണനാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ