Happy Friendship Day 2018: ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ച, ലോക സൗഹൃദ ദിനം. ജീവിതത്തില്‍ മാത്രമല്ല, സിനിമകളിലും നല്ല സൗഹൃദങ്ങള്‍ വരച്ചിട്ടിട്ടുള്ളവരാണ് നമ്മള്‍ മലയാളികള്‍. സൗഹൃദം വിഷയമാക്കി എത്രയോ ചിത്രങ്ങള്‍ മലയാളത്തില്‍ ഒരുക്കിയിട്ടുണ്ട്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും വെള്ളിത്തിരയില്‍ വന്നുപോയ ആ കൂട്ടുകാരെ ഒന്നോര്‍ക്കാം ഈ സൗഹൃദ ദിനത്തില്‍.

ഇന്‍ ഹരിഹര്‍ നഗര്‍

നാല് ചെറുപ്പക്കാരുടെ രസകരവും സംഭവബഹുലവുമായ ജീവിതം പ്രമേയമാക്കി 1990ല്‍ സിദ്ദീഖ്-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇന്‍ ഹരിഹര്‍ നഗര്‍. ഹരിഹര്‍ നഗര്‍ കോളനിയിലെ താമസക്കാരായ മഹാദേവന്‍ (മുകേഷ്), ഗോവിന്ദന്‍ കുട്ടി (സിദ്ദിഖ്), അപ്പുക്കുട്ടന്‍ (ജഗദീഷ്), തോമസ്സുകുട്ടി (അശോകന്‍) എന്നീ നാലു ചെറുപ്പക്കാരെ ചുറ്റിപ്പറ്റിയെടുത്ത ചിത്രമാണിത്. ഈ കോളനിയില്‍ പുതുതായി താമസിക്കാന്‍ വരുന്ന മായ (ഗീത വിജയന്‍) എന്ന പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ ഇവര്‍ നടത്തുന്ന ശ്രമങ്ങളും അതിനിടയില്‍ ചെന്ന് ചാടുന്ന പുലിവാലുകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിലെ പാട്ടുകളും, തോമസ്സുകുട്ടീ… വിട്ടോടാ.. എന്ന പ്രയോഗവും വളരെ പ്രശസ്തമാണ്.

ഫ്രണ്ട്‌സ്

ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിക്കൊണ്ട് 1999ല്‍ സിദ്ദീഖ് ഒരുക്കിയ ചിത്രമാണ് ഫ്രണ്ട്‌സ്. അരവിന്ദന്‍(ജയറാം), ചന്തു(മുകേഷ്), ചക്കച്ചാമ്പറമ്പില്‍ ജോയ് (ശ്രീനിവാസന്‍) എന്നിവരുടെ സൗഹൃദം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം.

തമാശകളിലേക്കു മാത്രമല്ല, സൗഹൃദത്തില്‍ സംഭവിക്കുന്ന തെറ്റിദ്ധാരണകളിലേക്കും, വിള്ളലുകളിലേക്കും കൂടി ക്യാമറ തിരിച്ച ചിത്രമായിരുന്നു ‘ഫ്രണ്ട്‌സ്’. മീനയായിരുന്നു ചിത്രത്തിലെ നായികയായി എത്തിയത്.

Read More: Friendship day 2018 date: ഫ്രണ്ട്ഷിപ് ഡേ ഇന്ത്യയിൽ ആഘോഷിക്കുന്നത് എപ്പോൾ?

ദാസനും വിജയനും

മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടാണ് ദാസനും വിജയനും. സത്യന്‍ അന്തിക്കാടിന്റെ നാടോടിക്കാറ്റിലൂടെയാണ് ഈ കഥാപാത്രങ്ങള്‍ നമുക്കു മുന്നില്‍ എത്തിയത്. പിന്നീട് പട്ടണ പ്രവേശം, അക്കരെ അക്കരെ അക്കരെ എന്നീ ചിത്രങ്ങളിലും ഇവരെ നമ്മള്‍ കണ്ടു.

മോഹന്‍ലാലും ശ്രീനിവാസനുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗഫൂര്‍ക്കാ ദോസ്ത്, എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ തുടങ്ങിയ സംഭാഷണങ്ങളും ഇന്നും മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. ശ്രീനിവാസനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

Happy friendship day 2018: ട്രെൻഡ് സെറ്റർ

ക്ലാസ്‌മേറ്റ്‌സ്

സൗഹൃദവും പ്രണയവും രാഷ്ട്രീയവുമെല്ലാം ചര്‍ച്ച ചെയ്‌തൊരു ക്യാമ്പസ് ചിത്രമായിരുന്നു ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രം. പൃഥ്വിരാജ്, ഇന്ദ്രജിത്, നരേന്‍, ജയസൂര്യ, കാവ്യാ മാധവന്‍, രാധിക, ബാലചന്ദ്രമേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഈ സിനിമയിലെ ഗാനങ്ങളും ജനങ്ങള്‍ ഏറ്റെടുത്തു. ‘എന്റെ ഖല്‍ബിലെ വെണ്ണിലാവ് നീ…’, ‘കാത്തിരുന്ന പെണ്ണല്ലേ…’, ‘കാറ്റാടിത്തണലും…’ എന്നീ ഗാനങ്ങള്‍ ഇപ്പോഴും മൂളിനടക്കുന്നു മലയാളികള്‍. അലക്‌സ് പോളായിരുന്നു സംഗീതം. വിനീത് ശ്രീനിവാസന്‍ എന്ന ഗായകന്‍ ഒരു തരംഗമായിത്തീര്‍ന്നതും ക്ലാസ്‌മേറ്റ്‌സോടെയാണ്.

കേരളത്തിൽ പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾക്ക് തുടക്കം കുറിച്ചൊരു ചിത്രം കൂടിയായിരുന്നു ക്ലാസ്മേറ്റ്സ്. അത്തരത്തിൽ ഈ ചിത്രം ഒരു ട്രെൻഡ് സെറ്റർ കൂടിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook