scorecardresearch
Latest News

Happy Birthday Mohanlal: അച്ഛനിലൂടെ അറിഞ്ഞ ലാലേട്ടൻ; മലയാളത്തിന്റെ മോഹൻലാലിന് ഇന്ന് പിറന്നാൾ

മോഹൻലാലിന് ഇന്ന് 63-ാം പിറന്നാൾ

Mohanlal, Mohanlal birthday, Mohanlal and Pappu
Happy Birthday Mohanlal

മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ പിറന്നാളാണിന്ന്. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. ഇതിഹാസതാരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് സിനിമാലോകവും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരും.

സിനിമാലോകവും മോഹൻലാലിനു ആശംസകളുമായി എത്തുകയാണ്. തന്റെ അച്ഛനൊപ്പം മോഹൻലാൽ നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് നടൻ ബിനു പപ്പു ആശംസകളറിയിച്ചത്. ഒരു സ്ക്രൂ ഡ്രൈവറെടുത്ത് കുതിരവട്ടം പപ്പുവിന്റെ ചെവിയിലിടുകയാണ് മോഹൻലാൽ. ഈ ചിത്രം കാണുമ്പോൾ വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ മൊയ്തീനെ സ്പാനർ ഇങ്ങെടുത്തെ എന്ന ഡയലോഗ് ആണ് പലർക്കും ഓർമ വന്നത്.

മമ്മൂട്ടിയും തന്റെ പ്രിയപ്പെട്ട ലാലിന് ആശംസകളറിയിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പമുള്ള ചിത്രം താരം പങ്കുവച്ചു. താരങ്ങളായ മഞ്ജു വാര്യർ, ജയസൂര്യ, അജു വർഗ്ഗീസ്, ടൊവിനോ തോമസ് എന്നിവരും ആശംസകൾ പങ്കുവച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ആശംസകളറിയിച്ച് ചിത്രം പങ്കുവച്ചിട്ടുണ്ട്. എമ്പുരാൻ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചാണ് പൃഥ്വിരാജ് ആശംസകളറിയിച്ചത്.

പിറന്നാൾ ദിവസം മലൈക്കോട്ടൈ വാലിബനിലെ ലുക്കും നിർമാതാവ് ഷിബു ബേബി ജോൺ പുറത്തുവിട്ടിരിക്കുകയാണ്.

1960 മേയ് 21 നാണ് പത്തനംത്തിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായി മോഹൻലാൽ ജനിച്ചത്. 1980ൽ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ വില്ലനായി മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച 20-കാരൻ മലയാളത്തിന്റെ അതിർത്തികൾക്ക് അപ്പുറത്തേക്ക് വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായ ഇതിഹാസ താരമായി മാറുകയായിരുന്നു.

വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ് മോഹന്‍ലാല്‍. അതുകൊണ്ടാണ് ഈ കഥാപാത്രങ്ങള്‍ക്ക് മറവിയുടെ മറ വീഴാത്തത്. ജനപ്രീതിയുടെ അഭ്രപാളിയില്‍ നിരന്തര സാന്നിധ്യമായി ദശാബ്ദങ്ങള്‍ക്കിപ്പുറവും നിറഞ്ഞ് നില്‍ക്കാനാവുന്നത്.

Mohanlal
മോഹൻലാൽ

മലയാളസിനിമയുടെ സുവർണകാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്ന എൺപതുകളും തൊണ്ണൂറുകളും മോഹൻലാൽ എന്ന താരത്തിന്റെ കരിയറിലെയും ശ്രദ്ധേയ വർഷമാണ്. 1983 ൽ ഇരുപത്തിയഞ്ചോളം പടങ്ങളിലാണ് മോഹൻലാൽ അഭിനയിച്ചത്. പിന്നീടങ്ങോട്ട് സത്യൻ അന്തിക്കാട്, ലോഹിതദാസ്, സിബിമലയിൽ, ശ്രീനിവാസൻ, ഫാസിൽ, ഐ വി ശശി എന്നിങ്ങനെ അക്കാലത്തെ മികച്ച സംവിധായകർക്കും തിരക്കഥാകൃത്തുകൾക്കുമൊപ്പം മോഹൻലാൽ കൈകോർത്തപ്പോൾ പിറന്നത് മലയാളി എന്നും ഓർത്തിരിക്കുന്ന അതിമനോഹരമായ ഒരുപിടി ചിത്രങ്ങളാണ്. നാലു പതിറ്റാണ്ടിനിടെ 350 ലേറെ ചിത്രങ്ങളാണ് മോഹൻലാൽ എന്ന നടനവിസ്മയം മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്.

Mohanlal, Mohanlal latest, Lijo Jose Pellissery
മോഹൻലാൽ

അഭിനയജീവിതത്തിന്റെ നാള്‍വഴികളില്‍ രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാലിനെ തേടിവന്നു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും അദ്ദേഹം തന്റെ പ്രതിഭ രേഖപ്പെടുത്തി. ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി ഭാരതസര്‍ക്കാര്‍ ആദരിച്ചു. 2009ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മി ലഫ്റ്റ്‌നന്റ് കേണല്‍ സ്ഥാനവും നല്‍കി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Happy bithday mohanlal binu pappu shares wishes along with his father pappus photo