Happy birthday Trisha: തമിഴിലെ നിത്യഹരിത നായികമാരിൽ ഒരാളാണ് തൃഷ. നിരവധി താരങ്ങൾ വന്നും പോയും കൊണ്ടിരിക്കുന്ന തമിഴ് സിനിമയിൽ ഇപ്പോഴും ഒളിമങ്ങാതെ, വൈവിധ്യമാർന്ന കഥാപാത്രങ്ങളുമായി നിലയുറപ്പിക്കുകയാണ് തൃഷ കൃഷ്ണന്. അറുപതോളം സിനിമകളിലാണ് തൃഷ ഇതിനകം അഭിനയിച്ചത്. എങ്കിലും ജാനുവും ജെസ്സിയും തന്നെയാണ് തൃഷയെ ഓർക്കുമ്പോൾ മലയാളി മനസ്സിലേക്ക് ആദ്യം കടന്നു വരുന്ന കഥാപാത്രങ്ങൾ.
സിനിമയിൽ 17 വർഷങ്ങൾ പൂർത്തിയാക്കുമ്പോഴും ആരും കൊതിക്കുന്ന പ്രണയിനി കഥാപാത്രമായി പ്രേക്ഷകരുടെ സിനിമാനുഭവങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് തൃഷ. നഷ്ടപ്രണയത്തിന്റെ വേദനയേയും വിങ്ങലിനെയും ഏറ്റവും മനോഹരമായി സ്ക്രീനിൽ അവതരിപ്പിക്കുകയായിരുന്നു ’96’ ലെ ജാനു എന്ന കഥാപാത്രം. അതേ സമയം, ‘വിണ്ണൈത്താണ്ടി വരുവായി’യിൽ പ്രേക്ഷകർ കണ്ടത് സങ്കീർണ്ണമായൊരു പ്രണയ നായികയെ ആണ്. ‘റിയലിസ്റ്റിക്’ അഭിനയത്തിലൂടെ ജെസ്സി എന്ന കഥാപാത്രത്തെ തൃഷ അനശ്വരമാക്കി.

2018 ൽ റിലീസിനെത്തിയ ’96’ തൃഷയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയചിത്രങ്ങളിൽ ഒന്നാണ്. അതീവ മനോഹരമായൊരു പ്രണയകഥയാണ് ’96’. നവാഗത സംവിധായകന് സി. പ്രേംകുമാറിന്റെ ’96’ എന്ന ചിത്രം സൂചിപ്പിക്കുന്നത് 1996 എന്ന വര്‍ഷത്തെയാണ്. ആ വര്‍ഷം തഞ്ചാവൂരിലെ ഒരു സ്വകാര്യ സ്കൂളില്‍ നിന്നും പടിയിറങ്ങിയ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ വർഷങ്ങൾക്കു ശേഷം പൂർവ്വ വിദ്യാർത്ഥിസംഗമത്തിനിടെ കണ്ടുമുട്ടുകയാണ്. അതിൽ ജാനു എന്ന എസ് ജാനകി ദേവിയാണ്, മറ്റേയാൾ റാമും.
Read more: 96 movie review: പ്രണയത്താല്‍ മുറിവേറ്റവര്‍: വിജയ് സേതുപതിയും തൃഷയും തിളങ്ങുന്ന ’96’
സ്കൂൾ കാലത്ത് പറയാതെ പോയ ഒരു തീവ്രപ്രണയം വർഷങ്ങൾക്കു ശേഷം പരസ്പരം തിരിച്ചറിയുന്നതിനെ കുറിച്ചാണ് ചിത്രം പറഞ്ഞത്. അക്കാലമത്രയും ഹൃദയത്തിൽ കൊണ്ടുനടന്നതെല്ലാം പറഞ്ഞുതീർക്കാനായി ഒരു രാത്രിയാണ് കാലം റാമിനും ജാനുവിനും മുന്നിൽ ബാക്കി വച്ചത്. പാതി പറഞ്ഞും പകുതിയിൽ നിറുത്തിയും, പുലരുവോളം ഒന്നിച്ചു നടന്നും, ഒടുവിൽ ഭർത്താവും മകളുമുള്ള തന്റെ ജീവിതത്തിലേക്ക് ജാനുവും കാടും മേടും അലഞ്ഞു തീർക്കുന്ന ഏകാകിയായ ഫോട്ടോഗ്രാഫറുടെ ജീവിതത്തിലേക്ക് റാമും തിരികെ പോവുകയാണ്. പ്രണയം കൊണ്ട് മുറിവേറ്റ ജാനുവിനെയും റാമിനെയും പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ വലിയ വിജയമാണ് ചിത്രം നേടിയത്.
ആദ്യകാലത്ത് അയൽവക്കത്തെ വായാടി പെൺകുട്ടി ടൈപ്പ് റോളുകളിലൂടെ ശ്രദ്ധ നേടി പിന്നീട് ‘സാമി’, ‘ഗില്ലി’, ‘തിരുപ്പാച്ചി’ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് തൃഷ. വൈവിധ്യമാർന്ന കഥാപാത്രങ്ങളാണ് തൃഷയുടെ കരിയറിനെ ശ്രദ്ധേയമാക്കുന്നത്. വിജയവും പരാജയവും മാറിമാറി വരുന്ന സിനിമയുടെ ലോകത്ത്, തന്റെ സ്റ്റാർഡം അതുപോലെ നിലനിർത്തുന്ന നായികമാരിൽ ഒരാൾ കൂടിയാണ് തൃഷ എന്നു പറയേണ്ടി വരും. അതുകൊണ്ടു തന്നെയാണ്, അമ്മ, സഹോദരി ടൈപ്പ് കഥാപാത്രങ്ങളിലേക്കൊന്നും പോവാതെ കരിയർ ശക്തമായി തന്നെ മുന്നോട്ട് കൊണ്ടു പോവാൻ തൃഷയ്ക്ക് ആവുന്നത്.
തമിഴ് താരമെന്ന് അറിയപ്പെടുമ്പോഴും മലയാളി ബന്ധം കൂടിയുണ്ട് തൃഷയ്ക്ക്. പാലക്കാട്ടെ അയ്യർ ഫാമിലിയിലാണ് തൃഷയുടെ മാതാപിതാക്കൾ ജനിച്ചു വളർന്നത്. തൃഷയുടെ അച്ഛൻ കൃഷ്ണനും അമ്മ ഉമ്മയും ഏറെനാൾ ജീവിച്ചത് പാലക്കാട്ടെ കൽപ്പാത്തിയിലാണ്. പിന്നീടാണ് ഇവർ ചെന്നൈയിലേക്ക് താമസം മാറിയത്. പ്രിയദർശനാണ് ആദ്യമായി തൃഷയെ സിനിമയിലേക്ക് പരിചയപ്പെടുത്തുന്നതും. പ്രിയദർശന്റെ ‘ലേസ ലേസ’ എന്ന ചിത്രത്തിനു വേണ്ടിയാണ് തൃഷ ആദ്യമായി കരാർ ഒപ്പിടുന്നത്. എന്നാൽ പലവിധ കാരണങ്ങളാൽ ചിത്രം വൈകിപ്പോവുകയായിരുന്നു. സൂര്യയെ നായകനാക്കി അമീർ സുൽത്താൻ സംവിധാനം ചെയ്ത ‘മൗനം പേശിയതേ’ ആണ് റിലീസിനെത്തിയ ആദ്യ തൃഷ ചിത്രം.
നിവിൻ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഹേയ് ജൂഡ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും തൃഷ അരങ്ങേറ്റം കുറിച്ചു. ക്രിസ്റ്റൽ ആൻ എന്ന ആംഗ്ലോ ഇന്ത്യൻ കഥാപാത്രത്തെയാണ് തൃഷ ചിത്രത്തിൽ അവതരിപ്പിച്ചത്.
Read: Happy birthday Trisha: What makes Kollywood’s Janu stand out