യുവതാരം ടൊവിനോ തോമസിന്റെ പിറന്നാൾ ആണിന്ന്. ടൊവിനോയ്ക്ക് പിറന്നാൾ ആശംസകളുമായി നിരവധി താരങ്ങളാണ് രംഗത്തു വന്നിരിക്കുന്നത്. കൂട്ടത്തിൽ കൗതുകമുണർത്തുന്ന​ ഒരു ആശംസ പൂർണിമ ഇന്ദ്രജിത്തിന്റേതാണ്. “ഹാപ്പി ബർത്ത്ഡേ സുന്ദരാ,” എന്ന ക്യാപ്ഷനോടെ ടൊവിനോയുടെ രസകരമായൊരു ചിത്രമാണ് പൂർണിമ പങ്കുവച്ചിരിക്കുന്നത്. മുടി മെടഞ്ഞിട്ട് റബ്ബർ ബാൻഡ് കെട്ടിയിരിക്കുകയാണ് ടൊവിനോ ചിത്രത്തിൽ. ഒപ്പം ‘വൈറസി’ന്റെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ വീഡിയോകളും പൂർണിമ ഇൻസ്റ്റഗ്രാം സ്റ്റോറീസിൽ പങ്കുവച്ചിട്ടുണ്ട്.

ദുൽഖർ സൽമാനും സമൂഹമാധ്യമങ്ങളിലൂടെ ടൊവിനോയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. ടൊവിനോയുടെ പുതിയ ചിത്രം ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സി’ന്റെ ടീസർ പങ്കുവച്ചുകൊണ്ടാണ് ദുൽഖറിന്റെ ആശംസ.

എഞ്ചിനീയറായി ചെയ്യുന്നതിനിടയിലാണ് ജോലി ഉപേക്ഷിച്ച് ടൊവിനോ തന്റെ പാഷനായ അഭിനയത്തിലേക്ക് എത്തിയത്. പ്രഭുവിന്‍റെ മക്കൾ (2012) ആയിരുന്നു ടൊവിനോയുടെ അരങ്ങേറ്റ ചിത്രം. ചെറിയ റോളുകളിലൂടെ പടിപടിയായി ഉയർന്ന് നായകപദവിയോളം എത്തിയ ടൊവിനോയ്ക്ക് കരിയറിൽ വലിയൊരു ബ്രേക്ക് നൽകിയ ചിത്രം ‘എന്ന് നിന്‍റെ മൊയ്തീൻ’ ആയിരുന്നു. പിന്നീട് ഗപ്പി, ഒരു മെക്സിക്കൻ അപാരത, ഗോദ, തരംഗം, മായാനദി, ആമി, അഭിയും ഞാനും, മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യൻ, എന്റെ ഉമ്മാന്റെ പേര്, ലൂസിഫർ, ഉയരെ, വൈറസ്, ആൻഡ് ദ ഓസ്കാർ ഗോസ് ടു, ലൂക്ക, കൽക്കി, എടക്കാട് ബറ്റാലിയൻ തുടങ്ങി നിരവധിയേറെ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം കവരാൻ ടൊവിനോയ്ക്ക് ആയി. ‘മാരി 2’ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴകത്തും ശ്രദ്ധ നേടാൻ ടൊവിനോയ്ക്ക് കഴിഞ്ഞു.

Read more: സിനിമയിലെത്തിയിട്ടും പേര് മാറ്റാത്തതിനു കാരണമുണ്ട്; ടൊവിനോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook