ബോളിവുഡ് താരം സണ്ണി ലിയോണ്‍ തന്റെ 38-ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. സിനിമയക്ക് അകത്തെ സണ്ണിയെ പോലെ തന്നെയോ അല്ലെങ്കില്‍ അതില്‍ കൂടുതലോ ആരാധിക്കപ്പെടുന്ന വ്യക്തിയാണ് ഇന്ന് സണ്ണി ലിയോണ്‍ എന്ന സ്ത്രീ. ഒരു നടിയെന്ന നിലയിലും സ്ത്രീയെന്ന നിലയിലും തന്റെ നിലപാടുകളിലൂടേയും തുറന്ന പ്രതികരണങ്ങളിലൂടെയും ജനപ്രീതി നേടിയിട്ടുള്ള സണ്ണി ലിയോണ്‍ അമ്മയെന്ന നിലയിലും ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറുന്നു.

മൂന്ന് കുട്ടികളാണ് സണ്ണി ലിയോണ്‍-ഡാനിയല്‍ വെബ്ബര്‍ ദമ്പതിമാര്‍ക്കുള്ളത്. നിഷയാണ് മൂത്തത്. നിഷയെ സണ്ണിയും വെബ്ബറും ചേര്‍ന്ന് ദത്തെടുക്കുകയായിരുന്നു. പിന്നാലെ സരോഗസിയിലൂടെ നോഹ്, അഷര്‍ എന്നി ഇരട്ടക്കുട്ടികളുടേയും അമ്മയും അച്ഛനുമായി ഇരുവരും. ഒരു അഭിമുഖത്തില്‍ നിഷയെ വളര്‍ത്തുന്നതിനെ കുറിച്ച് സണ്ണി ലിയോണ്‍ പറഞ്ഞത് ഇങ്ങനെയാണ്.

”അവള്‍ രാവിലെ ഏഴുന്നേല്‍ക്കുമ്പോള്‍ ആദ്യം കാണുന്നതും രാത്രി ഉറങ്ങും മുമ്പ് അവസാനമായി കാണുന്നതും ഞങ്ങളെയാണ്. അവളുടെ ഡയപ്പര്‍ മാറ്റുന്നത് ഞങ്ങളാണ്. ഒന്നിരിച്ചിരുന്ന് ടിവി കാണും. ഒരുദിവസം തന്നെ പല തവണയാണ് വെബ്ബര്‍ അവളെ പാര്‍ക്കിലേക്ക് കൊണ്ടു പോകുന്നത്”. താരമെന്ന പ്രവിലേജിനിടയിലും തന്റെ മകളുടെ കാര്യങ്ങള്‍ കണ്ടറിഞ്ഞ് അവളെ വളര്‍ത്തുന്ന അമ്മയായി മാറുകയാണ് സണ്ണി.


സ്വാതന്ത്ര്യമുള്ള വ്യക്തികളായി തന്റെ മക്കള്‍ വളരണമെന്ന് ആഗ്രഹിക്കുന്ന അമ്മയാണ് സണ്ണി ലിയോണ്‍.”അമേരിക്കയില്‍ എങ്ങനെയാണെന്ന് അറിയാമല്ലോ? നമ്മള്‍ സ്വയം ഭക്ഷണമുണ്ടാക്കും. തുണിയലക്കുന്നതും വീട് നോക്കുന്നതും എല്ലാം സ്വയമാണ്. സഹായത്തിന് ആളുണ്ടെങ്കിലും ഇന്ത്യയിലും ഞങ്ങള്‍ അങ്ങനെയാണ് ജീവിക്കുന്നത്. ഞങ്ങളുടെ മക്കളേയും അങ്ങനെയാണ് വളര്‍ത്തുന്നത്. നിഷയ്ക്ക് സ്വന്തം മുറിയുണ്ട്. അവളുടെ ആ സ്‌പെയ്‌സ് നിഷ ഇഷ്ടപ്പെടുന്നു” സണ്ണി പറയുന്നു.

മക്കള്‍ക്ക് അവരവരുടേതായ വ്യക്തി സ്വാതന്ത്ര്യമുണ്ടെന്ന് വിശ്വസിക്കുന്ന സണ്ണിയും വെബ്ബറും തങ്ങളുടെ മകള്‍ നിഷയെ ദത്തെടുത്തിനെ കുറിച്ച് അവളോട് മറച്ച് വെക്കാന്‍ ആഗ്രഹിക്കുന്നവരല്ല.

”ഈ വസ്തുത അവളോട് പറഞ്ഞേ തീരു. ദത്തെടുക്കലിന്റെ പേപ്പറുകള്‍ മുതല്‍ എല്ലാം അവളെ കാണിക്കും. അവളുടെ അമ്മ അവളെ ഉപേക്ഷിച്ചതല്ലെന്ന് നിഷ അറിയണം. അവരവളെ ഒമ്പത് മാസം വയറ്റില്‍ ചുമന്നതാണ്. ഞാനവളുടെ യഥാര്‍ത്ഥ അമ്മയല്ല. പക്ഷെ അവളുടെ ആത്മവുമായാണ് ഞാന്‍ ബന്ധപ്പെട്ടിരിക്കുന്നത്.” ഒരു അഭിമുഖത്തില്‍ സണ്ണി പറഞ്ഞത് ഇങ്ങനെയായിരുന്നു.

ദത്തു പുത്രിയാണെന്ന വസ്തുത അംഗീകരിക്കുമ്പോഴും സ്‌നേഹം കൊണ്ട് നിഷയുടെ അമ്മയായി മാറാന്‍ സണ്ണി ലിയോണ്‍ ആഗ്രഹിക്കുന്നുണ്ട്. ”അവള്‍ക്കായി എല്ലാം ഞങ്ങള്‍ക്ക് ചെയ്യണം. അവള്‍ക്ക് നഷ്ടമായതെല്ലാം തിരികെ നല്‍കണം. അവളുടെ മാതാപിതാക്കള്‍ എന്നും എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് നിഷ അറിയണം. ഇത് വളരെ സ്‌പെഷ്യലാണ്” എന്നാണ് സണ്ണി പറയുന്നത്.

ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളിലും ഒരുപാട് തിരക്കുള്ള താരമാണ് സണ്ണി ലിയോണ്‍. അതുകൊണ്ട് തന്നെ തിരക്കുകള്‍ക്കിടയില്‍ തന്റെ മക്കള്‍ക്കായി സമയം മാറ്റിവെക്കുക എന്നത് ഏറെ പ്രയാസകരമാണ്. എന്നാല്‍ തങ്ങളുടെ ജോലിയും കുടുംബവും തമ്മില്‍ കൂടികുഴയാതെ നോക്കാന്‍ സണ്ണി ലിയോണ്‍ ശ്രമിക്കുന്നുണ്ട്.

”ഞാനും വെബ്ബറും ഒരുപാട് ആഗ്രഹിച്ചാണ് മാതാപിതാക്കളായത്. അതുകൊണ്ട് തന്നെ മക്കള്‍ക്കൊപ്പം പരമാവധി സമയം ചിലവിടാറുണ്ട്. ഞങ്ങള്‍ അനുഗ്രഹിക്കപ്പട്ടവരാണെന്നാണ് തോന്നാറ്. ജോലി തിരക്കിനിടയിലും മക്കള്‍ എഴുന്നേല്‍ക്കുമ്പോള്‍ അവര്‍ക്ക് അരികിലുണ്ടാകാന്‍ ശ്രമിക്കാറുണ്ട്. ജോലി വേഗം തീര്‍ത്ത് അവര്‍ക്ക് അരികിലേക്ക് ഓടിയെത്തും. ദൂരെയുള്ള ഷൂട്ടിന് പോകുമ്പോള്‍ ആണ്‍കുട്ടികളെ കൂടെ കൊണ്ടു പോകും. പിന്നാലെ നിഷയും എത്തും.” സണ്ണി ലിയോണ്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook