ഒട്ടുമിക്ക സെലിബ്രിറ്റികൾക്കും ആരാധകർക്കൊപ്പം തന്നെ വലിയൊരളവിൽ വിമർശകരും ഹേറ്റേഴ്സും കൂടി കാണും. എന്നാൽ അത്തരത്തിൽ ഹേറ്റേഴ്സ് ഇല്ലെന്നു തന്നെ പറയാവുന്ന ഒരു പ്രതിഭയാണ് മലയാളികൾക്ക് ചിത്ര. ചിത്രയുടെ പാട്ടിനോട് മാത്രമല്ല, ആ ലാളിത്യം നിറഞ്ഞ പെരുമാറ്റത്തിനോടും വ്യക്തിത്വത്തോടും വല്ലാത്തൊരിഷ്ടമുണ്ട് മലയാളികൾക്ക്.
കേരളക്കരയ്ക്ക് ചിത്ര മലയാളത്തിന്റെ സ്വന്തം വാനമ്പാടിയാണ്. തമിഴർക്ക് ചിന്ന കുയിൽ, ആന്ധ്രക്കാർക്ക് സംഗീത സരസ്വതി, കർണാടകക്കാർക്ക് കന്നഡ കോകില, മുംബൈക്കാർക്ക് പിയ ബസന്തി… പാടിയ ഭാഷകളിലെല്ലാം ആസ്വാദകരുടെ ഇഷ്ടം ഒരുപോലെ കവരാൻ കഴിഞ്ഞു എന്നതും ചിത്രയെ വ്യത്യസ്തയാക്കുന്നു. കെ എസ് ചിത്രയുടെ ജന്മദിനമാണിന്ന്. പിറന്നാൾ ദിനത്തിൽ പ്രിയഗായികയെ സ്നേഹം കൊണ്ടും ആശംസകൾ കൊണ്ടും മൂടുകയാണ് ആരാധകർ.
പദ്മശ്രീ, പദ്മഭൂഷൺ പുരസ്കാരങ്ങൾ, ആറ് ദേശീയ പുരസ്കാരങ്ങൾ, പതിനാറ് തവണ കേരള സംസ്ഥാന സര്‍ക്കാർ പുരസ്കാരം, തമിഴ്നാട്, ആന്ധ്രാ സര്‍ക്കാരുകളുടെ പുരസ്കാരങ്ങൾ വേറെ… 243 ലേറെ അവാർഡുകൾ, വിവിധ ഇന്ത്യൻ ഭാഷകളിലായി 25,000ത്തിലേറെ ഗാനങ്ങൾ.
സംഗീതത്തിൽ മാത്രമല്ല, വ്യക്തിപ്രഭാവം കൊണ്ടും അത്ഭുതപ്പെടുത്തുകയാണ് ഈ കലാകാരി. നേട്ടങ്ങളുടെയും പ്രശസ്തിയുടെയും ഉത്തുംഗശൃംഗത്തിൽ നിൽക്കുമ്പോഴും എളിമ കൊണ്ടും വിനയം കൊണ്ടും ഏവർക്കും മാതൃകയാവുന്ന ഗായികയാണ് ചിത്ര.

1979-ല്‍ സംഗീത സംവിധായകന് എം.ജി.രാധാകൃഷ്ണന് സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്തേയ്ക്ക് ചിത്രയെത്തിയത്. എന്നാല്‍ ‘നവംബറിന്റെ നഷ്ടം’ എന്ന ചിത്രത്തിലെ ‘അരികിലോ അകലെയോ’ എന്ന ഗാനമായിരുന്നു ചിത്രയ്ക്ക് ശ്രദ്ധ നേടികൊടുത്തത്. 1983ല്‍ പുറത്തിറങ്ങിയ ‘മാമ്മാട്ടിക്കുട്ടിയമ്മ’ എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ഹിറ്റ് ആയതോടെ ചിത്രയെ തേടി നിരവധി അവസരങ്ങൾ എത്തി.
തമിഴില്‍ ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ച ‘നീ താനേ അന്നക്കുയില്‍’ എന്ന ചിത്രത്തില്‍ പാടാൻ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ഗാനരംഗത്തും ചിത്ര ചുവടുറപ്പിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി ചിത്ര 25,000ത്തിലേറെ ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്.
1983ല്‍ ‘സിന്ധുഭൈരവി’ എന്ന ചിത്രത്തിലെ ‘പാടറിയേ പഠിപ്പറിയേ’ എന്ന ഗാനത്തിലൂടെയാണ് ചിത്രയ്ക്ക് ആദ്യമായി ദേശീയ പുരസ്കാരം ലഭിക്കുന്നത്. കെ.ബാലചന്ദ്രർ സംവിധാനം ചെയ്ത ചിത്രം മൂന്നു ദേശീയ പുരസ്കാരമാണ് നേടിയത്. മികച്ച നടിക്കുളള അവാർഡ് സുഹാസിനിയും മികച്ച സംഗീത സംവിധായകനുളള അവാർഡ് ഇളയരാജയും മികച്ച ഗായികയ്ക്കുളള അവാർഡ് ചിത്രയും നേടി.
Read Here: പാടാതിരിക്കാനാവുമോ ജാനകിയമ്മയ്ക്ക്: കെ എസ് ചിത്ര
1987 ൽ ‘നഖക്ഷതങ്ങൾ’ ചിത്രത്തിലെ ‘മഞ്ഞൾ പ്രസാദവും’ എന്ന ഗാനത്തിന് ചിത്രയ്ക്ക് രണ്ടാമത്തെ ദേശീയ പുരസ്കാരം ലഭിച്ചു. എം.ടി.വാസുദേവൻ നായർ കഥയും തിരക്കഥയും രചിച്ച ചിത്രം സംവിധാനം ചെയ്തത് ഹരിഹരനായിരുന്നു. വിനീത്, മോനിഷ, സലീമ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
1989 ൽ മൂന്നാമത്തെ ദേശീയ പുരസ്കാരം ചിത്രയെ തേടിയെത്തി. ‘വൈശാലി’ ചിത്രത്തിലെ ‘ഇന്ദുപുഷ്പം ചൂടി നിൽക്കും’ എന്ന ഗാനത്തിനായിരുന്നു പുരസ്കാരം. പുരാണ കഥയെ ആസ്പദമാക്കി ഭരതൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. സുപർണ ആനന്ദ്, സഞ്ജയ് മിത്ര, ഗീത, ബാബു ആന്റണി എന്നിവരായിരുന്നു പ്രധാന താരങ്ങൾ.
‘മിൻസാരക്കനവ്’ എന്ന തമിഴ് ചിത്രത്തിലെ ‘മാന മധുരൈ’ എന്ന ഗാനത്തിലൂടെ 1996 ൽ ചിത്രയ്ക്ക് നാലാമത്തെ ദേശീയ പുരസ്കാരം ലഭിച്ചു. എ.ആർ.റഹ്മാനായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ. രാജീവ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭുദേവ, അരവിന്ദ് സ്വാമി, കജോൾ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ.
1997 ൽ ഹിന്ദി ചിത്രം വിരാസത്തിലെ ‘പായലേ ചുൻ മുൻ’ എന്ന ഗാനത്തിന് അഞ്ചാമത്തെ ദേശീയ പുരസ്കാരം നേടി. പ്രിയദർശനായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. അനിൽ കപൂർ, തബു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. കമൽ ഹാസൻ അഭിനയിച്ച തമിഴ് ചിത്രം തേവർ മകന്റെ റീമേക്ക് ആയിരുന്നു ഈ ചിത്രം.
2004 ൽ തമിഴ് ചിത്രം ഓട്ടോഗ്രാഫിലൂടെ ചിത്രയ്ക്ക് ആറാമത്തെ ദേശീയ പുരസ്കാരം ലഭിച്ചു. ‘ഒവ്വൊവ്വൊരു’ പൂക്കളുമേ എന്ന ഗാനത്തിനായിരുന്നു ചിത്രയ്ക്ക് പുരസ്കാരം.