scorecardresearch
Latest News

ഇന്ത്യന്‍ സിനിമയിലെ റാഡിക്കല്‍ ശബ്ദത്തിന് ഇന്ന് 68 വയസ്സ്

ശബാന ആസ്മി ഇന്ത്യയെ സംബന്ധിച്ച് ഒരു നടി മാത്രമല്ല. സമകാലിക ഇന്ത്യയിൽ ഉത്തരവാദിത്തമുള്ള കലാകാരിയായി എങ്ങനെ ജീവിക്കണം എന്നതിന്റെ ഉദാഹരണം കൂടിയാണ്

ഇന്ത്യന്‍ സിനിമയിലെ റാഡിക്കല്‍ ശബ്ദത്തിന് ഇന്ന് 68 വയസ്സ്

സമൂഹത്തിൽ മതപരമായ വിഭജനം കൂടി വരികയും കലാ- സാഹിത്യ- സിനിമാ രംഗങ്ങളിൽ പോലും ഫാസിസ്റ്റ് ആധിപത്യം കൂടുകയും ചെയ്യുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ബോളിവുഡിന്റെ കരുത്തരായ ശബ്ദങ്ങളൊക്കെ ഏറെക്കുറെ ആ ഫാസിസ്റ്റ് ശക്തികളോട് യോജിപ്പിലെത്തി കഴിഞ്ഞിരിക്കുന്നു എന്നു വേണമെങ്കില്‍ പറയാം. അത്തരമൊരു കാലത്ത് ‘റാഡിക്കൽ’ ശബ്ദമായി നിൽക്കുക എന്നത് അത്ര എളുപ്പമല്ല! അത്തരം സാഹചര്യങ്ങളിലും ഏറെ പ്രസക്തയാവുന്ന ഒരാളുടെ പിറന്നാളാണ് ഇന്ന്, ശബാന ആസ്മിയെന്ന ആർജ്ജവമുള്ള കലാകാരിയുടെ 68 ആം ജന്മദിനം.

നീണ്ട 45 വർഷത്തെ അഭിനയ ജീവിതം കൊണ്ട് അഭിനയ മികവിന്റെ പര്യായമായി മാറിയതിനൊപ്പം തന്നെ, സാമൂഹിക- മതനിരപേക്ഷ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ കൈകൊള്ളാനും അവർ മടിച്ചില്ല. ആ നിലപാടുകൾ ആവട്ടെ രാജ്യാന്തരതലത്തിൽ വരെ അവരെ ശ്രദ്ധേയയാക്കി. ഇന്ത്യൻ സിനിമയിലെ ഏറ്റവും റാഡിക്കൽ ശബ്ദങ്ങളിൽ ഒന്നാണ് ശബാന ആസ്മി. അതുകൊണ്ടുതന്നെ, ശബാന ആസ്മി ഇന്ത്യയെ സംബന്ധിച്ച് ഒരു നടി മാത്രമല്ല. സമകാലിക ഇന്ത്യയിൽ ഉത്തരവാദിത്തമുള്ള കലാകാരിയായി എങ്ങനെ ജീവിക്കണം  എന്നതിന്റെ ഉദാഹരണം കൂടിയാണ് അവർ.

ശബാന ആസ്മി

സ്വയം എങ്ങനെ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് “I’m an actor, I’m a Muslim, I’m a social activist” എന്നാണ് ശബാന ആസ്മി ‘ദി ഹിന്ദു’ പത്രത്തിലെ ഒരഭിമുഖത്തില്‍ ഉത്തരമേകിയത്. ഒരായുഷ്കാലം മുഴുവൻ മതത്തിന്റെ മേലാപ്പുകൾ അണിയാതെ ജീവിച്ച, പ്രോഗ്രസീവ് നിലപാടുകളിലൂടെ മുന്നോട്ടു പോയ ശബാന ആസ്മിയെ പോലൊരു കലാകാരിയ്ക്ക്, സാമൂഹ്യപ്രവർത്തകയ്ക്ക്, തന്റെ ‘ മുസ്‌ലിം ഐഡന്റിറ്റി’ ഊന്നി പറയേണ്ടി വരുന്ന അവസ്ഥ, സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ അവർ നേരിടുന്ന സമ്മർദ്ദങ്ങളിലേക്കു കൂടിയാണ് വിരൽ ചൂണ്ടുന്നത്.

എൻഡിടിവിക്ക് വേണ്ടി ബർഖാ ദത്ത് നടത്തിയ സംവാദത്തിൽ ശബാന ആസ്മിയെ ഇമാം ബുഖാരി അധിക്ഷേപിച്ചത് ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. ഫാസിസ്റ്റ് നിലപാടുകളോട് മാത്രമല്ല, ഇടുങ്ങിയ മതവികാരങ്ങളോടും തീവ്ര മുസ്‌ലിം വികാരങ്ങളോടും യുദ്ധം ചെയ്യേണ്ട അവസ്ഥയിലൂടെയാണ് ശബാനയുള്‍പ്പടെയുള്ള കലാ സമൂഹം​ കടന്നു പോവുന്നത്. സമകാലിക ഇന്ത്യയിൽ കലാകാരനായി ഇരിക്കുക എന്നത് ഒരു ഭാരമേറിയ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വത്തെ സധൈര്യം, ‘ഗ്രേസ്‌ഫുൾ ‘ ആയി  നിറവേറ്റുകയാണ്  ശബാന ആസ്മി.

ആൾക്കൂട്ട ബഹളങ്ങളിൽ നിലപാടുകൾ കൊണ്ടും ആർജ്ജവം കൊണ്ടും വേറിട്ടു നിൽക്കുന്ന,  എല്ലാവരും നടക്കുന്ന വഴിയെ നടക്കാതെ, തനതായ വഴിത്താരകൾ സ്വന്തമാക്കുന്ന,  ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ  ശബാന ആസ്മി.

രക്തത്തിൽ അലിഞ്ഞ പുരോഗമന ചിന്താഗതി

കമ്മ്യൂണിസ്റ്റ് അനുഭാവികളായ പ്രമുഖ ഉറുദു കവി കൈഫി ആസ്മിയുടെയും നാടക അഭിനേത്രിയായ ഷൗക്കത്ത് കൈഫിയുടെയും മകളായി ഹൈദരാബാദിലാണ് ശബാന ജനിച്ചത്. മാതാപിതാക്കളുടെ സാമൂഹിക നിലപാടുകൾ തന്നെയാണ് ശബാനയിലും ഉറച്ച സാമൂഹിക ബോധം ഉണ്ടാകാൻ പ്രചോദനമായത്. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം, പുണെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അഭിനയം പഠിച്ചു. അതിനു ശേഷമാണ് ഇന്ത്യൻ സിനിമയിലേക്കുള്ള ശബാനയുടെ കടന്നു വരവ്.

സമാന്തര സിനിമകളിലൂടെയും സാമൂഹികപ്രവർത്തനത്തിലൂടെയും കലാരംഗത്ത് തന്നെ അടയാളപ്പെടുത്തിയ ഈ കലാകാരിയെ തേടി അഞ്ച് തവണയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം (രജത് കമൽ അവാർഡ്)  എത്തിയത്. ഒരുപക്ഷേ ഇന്ത്യയില്‍ മറ്റൊരു നടിക്കും  കിട്ടാത്ത അംഗീകാരമാണ് ഇത്.

Shabana Azmi receiving 'Best Student Gold Medal' at FTII
പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ മികച്ച വിദ്യാര്‍ഥിയ്ക്കുള്ള സ്വര്‍ണ്ണ മെഡല്‍ ഏറ്റുവാങ്ങുന്ന ശബാന ആസ്മി, ചിത്രം. ജനസത്ത

ക്വാജ അഹമ്മദ് അബ്ബാസിന്റെ ‘ഫാൽസ’ ആയിരുന്നു ശബാന ആദ്യമായി അഭിനയിച്ച ചിത്രം. എന്നാൽ, ആദ്യം തിയേറ്ററുകളിൽ എത്തിയത് ശ്യാം ബെനഗലിന്റെ ‘അങ്കുർ’ ആയിരുന്നു. ‘അങ്കുറി’ലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ആദ്യമായി ശബാനയെ  തേടിയെത്തിയത്. പിന്നീട് ‘അര്‍ത്’, ‘ഖാന്ധഹാർ’, ‘പാർ’ എന്നിവയിലെ അഭിനയത്തിന് തുടർച്ചയായി മൂന്നു വർഷങ്ങളിൽ  മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശബാന സ്വന്തമാക്കി.   1999-ൽ ‘ഗോഡ് മദർ’ എന്ന സിനിമയിലെ അഭിനയത്തിനും ദേശീയ പുരസ്കാരം സ്വന്തമാക്കാൻ ശബാനയ്ക്ക് ആയി.

നീണ്ട 45 വർഷത്തെ അഭിനയ ജീവിതത്തിനിടയ്ക്ക് 120 നടുത്ത് സിനിമകളിലാണ് ശബാന അഭിനയിച്ചിരിക്കുന്നത്. സിനിമകളുടെ തിരഞ്ഞെടുപ്പിൽ ഏറെ സൂക്ഷ്മത പുലർത്തുന്ന അഭിനേത്രി കൂടിയാണ് ശബാന. “സിനിമയിലെ അശ്ലീലതയെ തമാശയായി കാണാൻ എനിക്കാവില്ല”, തുടങ്ങിയ ശബാനയുടെ ഉറച്ച നിലപാടുകൾ ശ്രദ്ധേയമാണ്.

1988ൽ രാജ്യം പത്മശ്രീ നൽകി ശബാനയെ ആദരിച്ചു. 1997 മുതൽ 2003 വരെ രാജ്യസഭ അംഗമായിരുന്നു. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ (യുഎൻപിഎഫ്എ) ഗുഡ്‌വിൽ അംബാസിഡർ കൂടിയാണ് ശബാന.

1996-ൽ ദീപ മേത്തയുടെ ‘ഫയർ’ എന്ന സ്വവര്‍ഗാനുരാഗികളുടെ കഥ പറഞ്ഞ സിനിമ പുറത്തിറങ്ങിയപ്പോൾ ദീപ മേത്തയ്ക്കൊപ്പം തന്നെ സിനിമയിൽ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ശബാനയ്ക്കും ഏറെ വിവാദങ്ങൾ നേരിടേണ്ടി വന്നു.  ഏകാന്തത അനുഭവിക്കുന്ന രാധ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ശബാന ‘ഫയറി’ൽ കാഴ്ചവച്ചത്. ലോകശ്രദ്ധയാകർഷിച്ച ഈ ചിത്രത്തിലെ അഭിനയത്തിന് ചിക്കാഗോ ചലച്ചിത്രോത്സവത്തിൽ മികച്ച നടിക്കുള്ള സിൽവർ ഹുഗോ അവാർഡും ലൊസാഞ്ചൽസിൽ നടന്ന ഔട്ട്ഫെസ്റ്റിൽ പ്രത്യേക ജൂറി പുരസ്കാരവും ശബാനയെ തേടിയെത്തി.

സാമൂഹികപ്രവർത്തനങ്ങളിലെ കരുത്താര്‍ന്ന വ്യക്തിത്വം

അഭിനേത്രി എന്നതിനപ്പുറം സാമൂഹിക പ്രവർത്തക എന്ന രീതിയിലും ശ്രദ്ധേയമായ സേവനങ്ങളാണ് ശബാന കാഴ്ച വയ്ക്കുന്നത്. എയ്ഡ്സിനെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങളിലെ കരുത്തയായ സാന്നിധ്യമാണ് ശബാന. ഇതിനായി തന്റെ തൊഴിൽ മേഖലയെത്തന്നെ ആയുധമാക്കിയാണ് ശബാനയുടെ പോരാട്ടങ്ങൾ. ഇന്ത്യാ ഗവൺമെന്റ് എയ്‌ഡ്‌സിനെതിരെ പുറത്തിറക്കിയ ഹ്രസ്വ ചിത്രത്തിലും ഇതേ വിഷയം പ്രമേയമായി വരുന്ന ‘മേഘ്ല ആകാശ്’ എന്ന ബംഗാളി സിനിമയിലൂടെയും ശബാന ഉയർത്തിപ്പിടിക്കുന്നത് എയ്ഡ്സിനെതിരെയുള്ള സന്ധിയില്ലാസമര നിലപാടുകൾ തന്നെയാണ്.

അനീതിക്കെതിരെയുള്ള പോരാട്ടങ്ങളിലും ഫാസിസ്റ്റ് വിരുദ്ധ നിലപാടുകളിലും മുൻപന്തിയിൽ തന്നെയുണ്ട് ശബാന ആസ്മി. വർഗീയതക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി നിരവധിയേറെ നാടകങ്ങളിലും പ്രകടനങ്ങളിലും ശബാന സജീവമായി പങ്കെടുത്തിരുന്നു. 1989-ൽ സ്വാമി അഗ്നിവേശും അസ്ഗർ അലി എഞ്ചിനീയറുമൊത്ത് ഡൽഹിയിൽ നിന്നും മീററ്റിലേക്ക് നടത്തിയ മതസൗഹാർദ്ദ മാർച്ച് അന്നേറെ ചർച്ച ചെയ്യപ്പെട്ട നിലപാടുകളിലൊന്നായിരുന്നു. 1993-ൽ മുംബൈ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോഴും മതതീവ്രവാദത്തിനെതിരെ ശക്തമായ പ്രതിരോധവുമായി ശബാന മുന്നിട്ടിറങ്ങിയിരുന്നു.

കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറാണ് ശബാനയുടെ ജീവിത പങ്കാളി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Happy birthday shabana azmi