Happy Birthday Prabhas: തെന്നിന്ത്യയിലെ ഏറ്റവും ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് പ്രഭാസ്. ഇന്ന് നാൽപ്പതാം പിറന്നാൾ ദിനം ആഘോഷിക്കുകയാണ് ഈ ബാഹുബലി താരം. പ്രഭാസിന്റെ പിറന്നാൾ ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള പ്രഭാസ് ആരാധകര്‍. ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച ‘സാഹോ’ ലണ്ടന്‍ ആല്‍ബേര്‍ട്ട് ഹാളില്‍ പ്രദര്‍ശിപ്പിക്കാനും ആരാധകർ ശ്രമിക്കുന്നുണ്ട്. പ്രഭാസിന്റെ ലണ്ടന്‍ സന്ദര്‍ശനത്തിനിടയിലാണ് ഇത്തവണത്തെ പിറന്നാള്‍ എന്നതാണ് മറ്റൊരു വസ്തുത
‘ബാഹുബലി’ക്ക് പിന്നാലെ ‘സാഹോ’യും വിജയമാക്കിയ പ്രഭാസിനെ ‘കിംഗ് ഓഫ് ഹേര്‍ട്ട്’ എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. തെന്നിന്ത്യയിലെ മോസ്റ്റ് എവൈലബിൾ ബാച്ച്ലേഴ്സിൽ മുൻപന്തിയിൽ നിൽക്കുന്ന താരം കൂടിയാണ് പ്രഭാസ്. എന്നാണ് പ്രഭാസിന്റെ വിവാഹം എന്നാണ് പ്രേക്ഷകരുടെ മറ്റൊരു ആകാംക്ഷ. ‘ബാഹുബലി’യിൽ അനുഷ്കയ്ക്ക് ഒപ്പം അഭിനയിച്ചതു മുതൽ ഗോസിപ്പ് കോളങ്ങളിലെ താരങ്ങളാണ് ഇരുവരും. ചിത്രത്തിലെ രണ്ടുപേരുടെയും കെമിസ്ട്രി ഏറെ ഇഷ്ടപ്പെട്ട ആരാധകർ ‘ബാഹുബലി’ താരങ്ങൾ ജീവിതത്തിലും ഒന്നിക്കണം എന്നാണ് താരത്തോട് അഭ്യർത്ഥിക്കുന്നത്. പ്രഭാസും അനുഷ്കയും ലോസ് ഏഞ്ചൽസിൽ ഒരു വീട് വാങ്ങാൻ ഒരുങ്ങുന്നു എന്നുവരെ ഇടയ്ക്ക് വാർത്തകളുണ്ടായിരുന്നു. എന്നാൽ പ്രഭാസ് ഈ വാർത്തകളെയെല്ലാം നിഷേധിച്ചിരുന്നു.
പ്രഭാസിന്റെ പിറന്നാൾ ദിനത്തിൽ പ്രഭാസിനെ കുറിച്ച് അധികം പ്രേക്ഷകർക്കൊന്നും അറിയാത്ത ചില കൗതുകകരമായ കാര്യങ്ങൾ എന്തെന്നു നോക്കാം.
പ്രഭാസ് എന്ന പേരാകും ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് പരിചയം. എന്നാൽ പ്രഭാസിന്റെ പൂർണനാമം വെങ്കിട്ട സത്യനാരായണ പ്രഭാസ് രാജു ഉപ്പലപ്പതി എന്നാണ്. തെലുങ്ക് ചലച്ചിത്ര നിർമ്മാതാവായ യു. സൂര്യനാരായണ രാജുവിന്റെയും ശിവ കുമാരിയുടെയും മൂന്ന മക്കളിൽ ഇളയവനായി ചെന്നൈയിലാണ് പ്രഭാസ് ജനിച്ചത്. തെലുങ്ക് സിനിമയിലെ ശത്രുഘ്നൻ സിൻഹ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഉപ്പലപ്പതി കൃഷ്ണം രാജുവിന്റെ മരുമകനാണ് പ്രഭാസ്.
ജി ക്യു മാഗസിൻ 2017 ൽ പുറത്തുവിട്ട, ഏറെ സ്വാധീനം ചെലുത്തിയ ചെറുപ്പക്കാരുടെ ലിസ്റ്റിൽ ആറാമനായി ഇടം പിടിച്ചത് പ്രഭാസ് ആയിരുന്നു. ബാഹുബലിയോടെ രാജ്യത്തെ ഓരോ കോണിലും പ്രശസ്തനായ ഒരാളായി പ്രഭാസ് മാറി. കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപോലെ തിരിച്ചറിയുകയും നെഞ്ചിലേറ്റുകയും ചെയ്യുന്ന ഒരു ഗ്ലോബ്ബൽ താരമായുള്ള പ്രഭാസിന്റെ വളർച്ച ഞൊടിയിടയിൽ ആയിരുന്നു.
‘ബാഹുബലി’യെന്ന ചിത്രമാണ് പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ ടേണിംഗ് പോയിന്റായി മാറിയത്. 10 ദിവസം കൊണ്ട് 1000 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രത്തിലെ നായകൻ എന്ന വിശേഷണവും ‘ബാഹുബലി’ പ്രഭാസിനു സമ്മാനിച്ചു. ഇന്ത്യയിൽ നിന്നും ആദ്യമായി 1500 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രം കൂടിയാണ് ബാഹുബലി. രസകരമായ മറ്റൊരു വസ്തുത, പ്രഭാസിന്റെ മൂന്നു ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ (ബാഹുബലി ഒന്ന്, രണ്ട്, സാഹോ) നിർമ്മാണച്ചെലവുകൾ കൂട്ടിയാൽ കൂടി ബജറ്റ് 800 കോടിയിൽ താഴെയാണ് എന്നുള്ളതാണ്. തെന്നിന്ത്യയിലെ ഏതു താരവും കൊതിക്കുന്ന ബോക്സ് ഓഫീസ് വിജയമാണ് പ്രഭാസ് ഇതുവഴി സ്വന്തമാക്കിയത്.
‘ബാഹുബലി’യ്ക്ക് വേണ്ടി വർഷങ്ങളോളമാണ് പ്രഭാസ് മാറ്റിവച്ചത്. കഥാപാത്രത്തിനു വേണ്ടി 20 കിലോയോളം ശരീരഭാരം കൂട്ടാനും പ്രഭാസ് തയ്യാറായി. മസിൽ കൂട്ടാനും മറ്റുമായി കണിശമായ ഡയറ്റ് പിന്തുടർന്ന പ്രഭാസ് ഒരു മാസം കൊണ്ട് 20 കിലോയോളം കൂട്ടി. 100 കിലോയായിരുന്നു ബാഹുബലിയിൽ അഭിനയിക്കുമ്പോൾ പ്രഭാസിന്റെ ശരീരഭാരം. ‘ബാഹുബലി’യിലെ കരുത്തനായ പോരാളിയായി മാറാൻ പ്രഭാസ് നടത്തിയ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്.
അമ്മാവൻ കൃഷ്ണം രാജു അഭിനയിച്ച തെലുങ്ക് ചിത്രം ‘ഭക്ത കണ്ണപ്പ’ (1976) ആണ് പ്രഭാസിന്റെ എക്കാലത്തെയും പ്രിയപ്പെട്ട തെലുങ്ക് ചിത്രം. രാജ് കുമാർ ഹിരാനിയുടെ ചിത്രങ്ങൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് പ്രഭാസ്. ‘മുന്നാഭായ് എംബിബിഎസ്’, ‘ത്രി ഇഡിയറ്റ്സ്’ തുടങ്ങിയ ചിത്രങ്ങൾ താൻ ചുരുങ്ങിയത് 20 തവണയിലേറെയെങ്കിലും കണ്ടിട്ടുണ്ടെന്ന് പ്രഭാസ് തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഹോളിവുഡ് താരമായ റോബർട്ട് ഡേ നിറോയുടെ ആരാധകനാണ് പ്രഭാസ്.
പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം രാധാകൃഷ്ണന് സംവിധാനം ചെയ്യുന്ന ‘ജാന്‍’ ആണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കാൻ ഇരിക്കുകയാണ്. 2020 ലാവും ചിത്രം റിലീസിനെത്തുക.