ഇന്ന് നിവിന്‍ പോളിയുടെ പിറന്നാളാണ്.  34 വയസ്സ് തികയുന്ന നാളില്‍ സിനിമാ ജീവിതത്തിലെ സുപ്രധാനമായ ഒരു കഥാപാത്രവുമായി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുകയാണ് ഈ നടന്‍.  ‘കായംകുളം’ കൊച്ചുണ്ണിയെന്ന ഐതിഹാസിക കള്ളന്റെ കഥയുമായി ‘കായംകുളം കൊച്ചുണ്ണി’ ഇന്ന് തിയേറ്ററുകളിൽ​ എത്തുമ്പോൾ അത് നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വേഷങ്ങളിലൊന്നു കൂടിയാവുകയാണ്.

2010ല്‍ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്ന് വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ നടന്‍.  ഈ കാലത്തിനിടയില്‍ വ്യത്യസ്തമായ പല വേഷങ്ങള്‍ അവതരിപ്പിച്ച ഈ നടന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രവും കൂടിയാണ് ‘കായംകുളം കൊച്ചുണ്ണി’.  ചരിത്രവും ഐതിഹ്യവും കൂടിക്കലര്‍ന്ന ഈ ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തുമ്പോള്‍ നിവിന്‍ പോളി എന്ന ചെറുപ്പക്കാരന് തന്റെ അഭിനയ ജീവിതത്തിന്റെ ഒരു മൈല്‍സ്റ്റോണ്‍ കൂടി കടക്കാനാവുമോ എന്ന ആകാംക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍.

നിവിന്‍ പോളി എന്ന നടനെ ചിത്രത്തിലേക്ക് തിരഞ്ഞടുത്തതിനെക്കുറിച്ച്, അണിയറ പ്രവര്‍ത്തകര്‍ക്ക് ആകാംക്ഷയെക്കാള്‍ ഉപരി അഭിമാനമാണുള്ളത്‌.  ‘കായംകുളം കൊച്ചുണ്ണി’ എന്ന സിനിമ പ്ലാൻ ചെയ്യുമ്പോൾ മുതൽ സംവിധായകനായ റോഷൻ ആൻഡ്രൂസിന്റെയും തിരക്കഥാകൃത്തുക്കളായ ബോബി- സഞ്ജയ്‌മാരുടെയും മനസ്സിൽ തെളിഞ്ഞ ഒരേ ഒരു മുഖവും നിവിൻ പോളിയുടേതായിരുന്നു.

“കായംകുളം കൊച്ചുണ്ണിയുടെ കാസ്റ്റിങ്ങിനെ കുറിച്ച്​ ആലോചിച്ചപ്പോൾ ആദ്യം മനസ്സിലേക്ക് വന്നത് നിവിൻ പോളി തന്നെയായിരുന്നു. കാരണം നിവിൻ​ എന്ന നടന്റെ ‘വൾനറബിളിറ്റി’ ഞങ്ങൾക്ക് ആവശ്യമായിരുന്നു. കായംകുളം കൊച്ചുണ്ണി ഒരു സൂപ്പർ ഹീറോ ആയിട്ടല്ല ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. സാധാരണ മനുഷ്യനാണ് അയാൾ. അയാൾക്ക് പ്രണയമുണ്ട്. അയൽപ്പക്കത്തെ പയ്യനായിരുന്നു അയാൾ. അതിന് നിവിൻ തന്നെയാവും അനുയോജ്യൻ എന്നു തോന്നി”, കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ സഞ്ജയ് ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.

“യുവാവിൽ നിന്ന് ഒരു പൂർണ പുരുഷനിലേക്കുള്ള ഒരു ട്രാൻസ്ഫർമേഷൻ ഉണ്ട് കഥയിൽ. കഥാപാത്രം ചെറുപ്പക്കാരനായി വരുമ്പോൾ ഒരു ബോയിഷ് ലുക്ക് വേണം. അതേസമയം പ്രായമായി വരുമ്പോൾ മുതിർന്ന ഒരാളായും തോന്നണം. ഈ രണ്ടു ക്രൈറ്റീരിയകളെയും തൃപ്തിപ്പെടുത്തുന്ന ആളായിരുന്നു നിവിൻ. ക്ലീൻ ഷേവ് ചെയ്തു വരുമ്പോൾ നിവിനിൽ ഒരു ബോയ് ഉണ്ട്. അതേസമയം റിയൽ കഥാപാത്രമായി വരുമ്പോൾ അയാൾ ശരിക്കും ഒരു മുതിർന്ന പുരുഷനാണ്. എല്ലാ നടന്മാർക്കും ആ പരിവര്‍ത്തനം അത്ര എളുപ്പമല്ല. സാധാരണ മുതിർന്ന ഒരാളെ ബോയ് ആയി കാണിക്കുമ്പോൾ അതിലൊരു ഏച്ചുക്കെട്ടൽ തോന്നും. നിവിനിൽ അതില്ല. നിവിനെന്ന ആർട്ടിസ്റ്റിന്റെ ഒരു പ്രത്യേകതയാണ് ആ റേഞ്ച്. കഥയ്ക്ക് യോജിച്ച നടൻ എന്ന രീതിയിലാണ് നിവിനെ തീരുമാനിക്കുന്നത്,” ബോബി കൂട്ടിച്ചേർത്തു.

Read More: നിവിന്‍ തന്നെയാണ് ‘കായംകുളം കൊച്ചുണ്ണി’യായി ആദ്യം മനസ്സില്‍ വന്നത്

Happy Birthday Nivin Pauly Kayamkulam Kochunni Malayalam Movie 2018 1

19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പാവങ്ങളുടെ ‘ദൈവ’മായിരുന്ന കായംകുളം കൊച്ചുണ്ണിയാവാൻ ഏറെ തയ്യാറെടുപ്പുകൾ നിവിൻ നടത്തിയിട്ടുണ്ട്. ചിത്രത്തിനായി ശരീരഭാരം കൂട്ടുകയും കുതിരസവാരി അഭ്യസിക്കുകയും വാൾപയറ്റ് പഠിക്കുകയും  ചെയ്തിരുന്നു.

“എന്റെ കരിയറിലെ​ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിൽ ഒന്നാണ് ‘കായംകുളം കൊച്ചുണ്ണി’യിലേത്. ഈ ചിത്രത്തിൽ ഒരുപാട് ആക്ഷൻ സീനുകളുണ്ട്. ഈ ചിത്രത്തിനു വേണ്ടി ഞാൻ ഹോഴ്സ് റൈഡിംഗ് പഠിച്ചു. ഒരുപാട് സമയവവും എടുത്താണ് ഈ സിനിമയ്ക്കു വേണ്ടിയുള്ള സജ്ജീകരണങ്ങൾ നടത്തിയത്,” ഐഎഎൻഎസിനു നൽകിയ അഭിമുഖത്തിൽ നിവിൻ പറയുന്നു.

Read in English: Nivin Pauly: Actors should push themselves by crossing boundaries

മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന പടങ്ങളിൽ​ ഒന്നു കൂടിയാണ് ‘കായംകുളം കൊച്ചുണ്ണി’. ബിഗ് സ്കെയിലിൽ ഒരുക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണച്ചെലവ് 45 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാംഗ്ലൂർ, ഉഡുപ്പി, ഗോവ, ശ്രീലങ്ക എന്നിവിടങ്ങളിലായി 9 മാസം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.

“കളിമണ്ണു പോലെയായിരുന്നു നിവിൻ എന്ന നടൻ.​ ഏതു രീതിയിലേക്കും എനിക്ക് മോൾഡ് ചെയ്തെടുക്കാനുള്ള സാധ്യതകൾ സമ്മാനിച്ചിരുന്നു. ഹ്യൂമർ അടക്കം നിരവധി ഇമോഷനുകൾ മനോഹരമായി കൈകാര്യം ചെയ്യാൻ കഴിവുള്ള ബ്രില്ല്യന്റായ നടനാണ് നിവിൻ. അത്ഭുതകരമായ പ്രകടനമാണ് നിവിൻ കാഴ്ച വെച്ചിരിക്കുന്നത്,” സംവിധായകന്റെ റോഷൻ ആൻഡ്രൂസ് പറയുന്നു. ഗൾഫ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു റോഷന്റെ ഈ വിലയിരുത്തൽ.

ചിത്രത്തിന്റെ പാക്കപ്പ് വേളയില്‍ നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും

മോഹന്‍ലാല്‍ ഇത്തിക്കരപ്പക്കിയുടെ വേഷത്തില്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.  നിവിനും മോഹന്‍ലാലും ഒന്നിച്ചുള്ള രംഗങ്ങള്‍ ട്രെയിലറില്‍ കണ്ടു തന്നെ ത്രില്ലടിച്ചിരിക്കുകയാണ് ആരാധകര്‍.

മോഹൻലാലിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞു എന്നതാണ് കായംകുളം കൊച്ചുണ്ണി തന്ന മറ്റൊരു ഭാഗ്യം എന്നാണ് നിവിൻ പറയുന്നത്, “12 ദിവസത്തോളം ലാലേട്ടൻ ഞങ്ങൾക്കൊപ്പം വർക്ക് ചെയ്തിരുന്നു. ഓരോ തവണയും അദ്ദേഹത്തിൽ നിന്നും എന്തെങ്കിലും പഠിക്കാനുണ്ടാകും. ആ 12 ദിവസങ്ങൾ എന്റെ ജീവിതത്തിലെയും മറക്കാനാവാത്ത ദിവസങ്ങളാണ്”. നിവിന്‍ കൂട്ടിച്ചേര്‍ത്തു.

Read More: ഇത്തിക്കരപ്പക്കി: കഥയും കഥാപാത്രവും

mohanlal as ithikarapakki in kayamkulam kochunni

ഇത്തിക്കരപ്പക്കിയെക്കുറിച്ച് പ്രാദേശിക ചരിത്രം വിവരിക്കുന്നത് കഥകളിലും സ്വപ്നങ്ങളിലും പേടിയിലും ഇഷ്ടത്തിലും നിറഞ്ഞു നില്‍ക്കുന്ന അലൗകികനായ കള്ളനായിട്ടാണ്. നദിക്ക് മുകളിലൂടെ പക്കി നടന്നിട്ടുണ്ടെന്നാണ് ഒരു കഥ. പട്ടിണിപാവങ്ങള്‍ക്കായി അരി മോഷ്ടിച്ചു കൊണ്ടു വരുമ്പോഴാണ്, ഇത്തിക്കരയാറിന്റെ മാറിലൂടെ പക്കി നടന്നത്. ഇതിന് മുന്‍പ് ക്രിസ്തു മാത്രമാണ് ജലത്തിന് മുകളില്‍ നടന്നതായി നമ്മള്‍ കേട്ടിട്ടുള്ളത്.

പക്കി കുമ്പിടിയാണ്, ചാത്തന്‍മാരെ പോലെയും ഗന്ധര്‍വ്വന്‍മാരെ പോലെയുമാണ്. ഒരേ സമയം പല സ്ഥലത്ത് കാണാമെന്നും നാട്ടു കഥകള്‍ പറയുന്നു. പല രൂപത്തിലും പക്കി പ്രത്യക്ഷപ്പെടും മാനായും മനുഷ്യനായും പക്ഷിയായും. പക്കി പല ഭാഷ സംസാരിക്കും. ഉറുദുവും തമിഴും മലയാളവും അങ്ങിനെ പലതും പക്കിക്ക് വഴങ്ങും.

1980ല്‍ ‘ഇത്തിക്കരപ്പക്കി’ എന്ന പേരില്‍ ഒരു ചലച്ചിത്രം ജെ ശശികുമാറിന്റെ സംവിധാനത്തില്‍ പുറത്തു വന്നിട്ടുണ്ട്. പ്രേം നസീര്‍ ആണ് ഇത്തിക്കരപ്പക്കിയുടെ വേഷം ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook