scorecardresearch

Mohanlal Birthday Highlights: അശോകനും അപ്പുക്കുട്ടനും ചേര്‍ന്നൊരു പിറന്നാള്‍ ആഘോഷം: ഓര്‍മ്മച്ചിത്രം പങ്കു വച്ച് ആക്ഷന്‍ ഡയറക്ടര്‍

Malayalam Cinema Actor Mohanlal Birthday: നേപ്പാളിലെ ‘യോദ്ധ’ ലൊക്കേഷനില്‍ വച്ച് നടന്ന മോഹന്‍ലാലിന്‍റെ പിറന്നാള്‍ ആഘോഷ ചിത്രമാണ് ആക്ഷന്‍ സംവിധായകനായ ഷാം കൌശല്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുന്നത്

Mohanlal Birthday Highlights: അശോകനും അപ്പുക്കുട്ടനും ചേര്‍ന്നൊരു പിറന്നാള്‍ ആഘോഷം: ഓര്‍മ്മച്ചിത്രം പങ്കു വച്ച് ആക്ഷന്‍ ഡയറക്ടര്‍
Mohanlal and Jagathy Sreekumar in Yodha

മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍. മലയാളത്തിന്റെ നടന വിസ്മയത്തിനു ഇന്ന് അന്‍പത്തിയൊന്‍പതു വയസ്സ് തികയും.  പ്രായം കൂടുംതോറും അഭിനയത്തിളക്കവും കൂടി വരുന്ന മലയാളത്തിന്റെ മഹാനടന്‍, തുടക്കം കുറിച്ച് മുപ്പതു വര്‍ഷത്തിലേറെ കടന്നിട്ടും ജനപ്രീതിയില്‍ മുന്നില്‍ തന്നെ.

‘മലയാള സിനിമാ ബോക്സ് ഓഫീസിന്റെ ഒരേ ഒരു രാജാവ്’ എന്ന വിശേഷണത്തിനും അര്‍ഹനാണ് മോഹന്‍ലാല്‍.  കഴിഞ്ഞ എത്രയോ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലാണ്.  തകര്‍ക്കാന്‍ കഴിയാത്ത പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും.

അദ്ദേഹം സംവിധാനത്തിലേക്ക് തിരിയുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ വര്‍ഷത്തിന്.  ജിജോ പുന്നൂസിനൊപ്പം ചേര്‍ന്നാണ് അദ്ദേഹത്തിന്റെ സംവിധാന സംരംഭം.  ‘ബറോസ്’ എന്നാണു ചിത്രത്തിന്റെ പേര്. ‘ബറോസി’ന്റെ ലൊക്കേഷൻ അന്വേഷിച്ചുള്ള യാത്രയിലാണ് താരമിപ്പോൾ.

Read More: മോഹൻലാൽ ചിത്രം’ബറോസ്സി’നൊപ്പം വാർത്തകളിൽ നിറയുന്ന ജിജോ പുന്നൂസ്

ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ ആരാധകര്‍ മോഹന്‍ലാലിന്‍റെ പിറന്നാള്‍ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു.  സോഷ്യല്‍ മീഡിയയില്‍ ഈ ദിവസത്തിനായി നിര്‍മ്മിച്ച പ്രത്യേക കാര്‍ഡുകളും പ്രൊഫൈല്‍ പിക്കുകളും ഒക്കെ തയ്യാറാക്കിയിരുന്നു.

സിനിമാ ലോകത്തെ പ്രമുഖരും ഇന്ന് രാവിലെ മുതല്‍ ലാലിന് ആശംസകളുമായി എത്തുന്നുണ്ട്.  മോഹന്‍ലാലിന്‍റെ പിറന്നാള്‍ വിശേഷങ്ങള്‍ ഇവിടെ വായിക്കാം.

Live Blog

Happy Birthday Mohanlal: മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍. സിനിമാ ലോകത്തെ പ്രമുഖരും ഇന്ന് രാവിലെ മുതല്‍ ലാലിന് ആശംസകളുമായി എത്തുന്നുണ്ട്.  മോഹന്‍ലാലിന്‍റെ പിറന്നാള്‍ വിശേഷങ്ങള്‍ ഇവിടെ വായിക്കാം.


16:25 (IST)21 May 2019

അശോകനും അപ്പുക്കുട്ടനും ചേര്‍ന്നൊരു പിറന്നാള്‍ ആഘോഷം: ഓര്‍മ്മചിത്രം പങ്കു വച്ച് ആക്ഷന്‍ ഡയറക്ടര്‍

മോഹന്‍ലാലും ജഗതി ശ്രീകുമാറും ചേര്‍ന്ന് അഭിനയിച്ചനശ്വരമാക്കിയ ചിത്രമാണ് സംഗീത് ശിവന്‍ സംവിധാനം ചെയ്ത ‘യോദ്ധ’. നേപ്പാളിലെ ‘യോദ്ധ’ ലൊക്കേഷനില്‍ വച്ച് നടന്ന മോഹന്‍ലാലിന്‍റെ പിറന്നാള്‍ ആഘോഷ ചിത്രമാണ് ആക്ഷന്‍ സംവിധായാനായ ഷാം കൌശല്‍ മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിവസമായ ഇന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുന്നത്.

13:25 (IST)21 May 2019

ഇതെന്റെ ജീവചരിത്രം; മുഖരാഗത്തെ പരിചയപ്പെടുത്തി മോഹൻലാൽ

“മുഖരാഗം’ എന്റെ ജീവചരിത്രമാണ്. നാൽപ്പത് വർഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്തകം.  2020ൽ പൂർത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാർക്ക് മുന്നിൽ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം,” ട്വിറ്റർ സന്ദേശത്തിലൂടെ തന്റെ ജീവചരിത്രപുസ്തകം പരിചയപ്പെടുത്തുകയാണ് മോഹൻലാൽ. ഭാനുപ്രകാശ് ആണ് പുസ്തകമെഴുതുന്നത്.

11:48 (IST)21 May 2019

പ്രിയകൂട്ടുകാരന് സൗഖ്യം നേർന്ന് എംജി ശ്രീകുമാർ

മോഹൻലാലിന്റെ ശബ്ദവുമായി ഏറ്റവും സാമ്യമുള്ള ഗായകൻ ആരെന്ന ചോദ്യത്തിന് എംജി ശ്രീകുമാർ എന്നാവും ഉത്തരം. മോഹൻലാൽ നായകനായ സിനിമകളിലെ പാട്ടുകളാണ് ആദ്യകാലത്ത് എംജി ശ്രീകുമാർ എന്ന പിന്നണിഗായകന് ഏറെ ജനശ്രദ്ധ നേടികൊടുത്തത്. ഒരുമിച്ച് സിനിമ സ്വപ്നം കണ്ടു വളർന്ന തന്റെ പ്രിയസുഹൃത്തിന് ജന്മദിനാശംസകൾ നേരുകയാണ് എംജി ശ്രീകുമാർ. 

മോഹൻലാലിനൊപ്പം എംജി ശ്രീകുമാറും ഭാര്യയും

11:27 (IST)21 May 2019

ഈ ഇതിഹാസത്തെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല: ഉണ്ണി മുകുന്ദൻ

“നാലു പതിറ്റാണ്ടുകൾ ആയി മലയാളി ജീവിതത്തെ സ്വന്തം ആത്മാവിലേക്കാവാഹിക്കുന്ന മഹാനടൻ. സ്വഭാവികാഭിനയത്തിന്റെ കൊടുമുടി താണ്ടിയ അഭിനയ കുലപതി. താര സ്വരൂപത്തിന്റെ പൂർണ്ണതയിൽ എത്തിയ വിസ്മയ താരം. ഈ ഇതിഹാസത്തെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല. എന്റേയും ഓരോ മലയാളികളുടേയും ജീവിതത്തിൽ സന്തോഷവും ചിരിയും അത്ഭുതവും ആവേശവും അഭിമാനവും നിറച്ച ഏട്ടന്, ലാലേട്ടന്… ഈ അനുജന്റെ ഹൃദയം നിറഞ്ഞ സ്നേഹവും പ്രാർത്ഥനയും ഒരായിരം ജന്മദിന ആശംസകളും,” ഉണ്ണി മുകുന്ദൻ കുറിക്കുന്നു. 

11:21 (IST)21 May 2019

ലാലുവിന് പിറന്നാൾ ആശംസകളുമായി പ്രിയദർശൻ

സിനിമാജീവിതത്തിനും മുൻപ് തുടങ്ങിയ സൗഹൃദമാണ് മോഹൻലാലും പ്രിയദർശനും തമ്മിലുള്ളത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇരുവരുടെയും സിനിമാസ്വപ്നങ്ങളോളം തന്നെ പഴക്കമുണ്ട് ലാൽ- പ്രിയൻ സൗഹൃദത്തിനും. മോഹൻലാൽ തന്റെ ജീവിതവുമായി  എത്രത്തോളം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് പലകുറി പ്രിയൻ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.  തന്റെ തലവര മാറ്റിയത് മോഹൻലാൽ ആണെന്നാണ് പ്രിയദർശന്റെ തുറന്നുപറച്ചിൽ. ‘ പ്രിയദര്‍ശനെന്ന സംവിധായകന്‍ ഇല്ലെങ്കിലും മോഹന്‍ലാല്‍ എന്ന നടനുണ്ടാകുമായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഇല്ലാതെ പ്രിയന്‍ എന്ന സംവിധായകന്‍ ഉണ്ടാകില്ലായിരുന്നു. കുട്ടിക്കാലം മുതലുള്ള ബന്ധമായിരിക്കാം, ഞാന്‍ എന്ത് വിചാരിക്കുന്നുവോ അത് ലാല്‍ മനസ്സിലാക്കു’മെന്നാണ് ഒരിക്കൽ ഒരു എഫ്​ എം റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ  പ്രിയദർശൻ പറഞ്ഞത്. 

Read more: ദാമോദരൻ മാസ്റ്റർ പോയി, പക്ഷേ ‘മരക്കാർ’ തിരിച്ചുവന്നു: മോഹൻലാൽ 

10:56 (IST)21 May 2019

പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ് മലയാളികൾക്ക് മോഹൻലാലും മമ്മൂട്ടിയും.  സിനിമയ്ക്ക് അപ്പുറം തീവ്രമായൊരു സൗഹൃദം കാത്തുസൂക്ഷിക്കുന്ന മഹാനടന്മാർ. മോഹൻലാലിന് പിറന്നാളാശംസകൾ നേരുകയാണ് മമ്മൂട്ടി.

പ്രേം നസീർ യുഗത്തിലെ താരങ്ങളിൽ നിന്നും ബാറ്റൺ ഏറ്റെടുത്ത് മലയാളസിനിമയെ നാലു പതിറ്റാണ്ടിലേറെയായി മുന്നോട്ട് നയിക്കുന്ന ഈ താരങ്ങൾ ദൃഢമായൊരു സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. ഞങ്ങളുടെ ഏട്ടന്‍/ഇക്ക എന്ന് ഇരുവരുടെയും ഫാൻസുകൾ പോർവിളികൾ നടത്താറുണ്ടെങ്കിലും അതിനുമപ്പുറമാണ് ഇരുവരും തമ്മിലുള്ള സൗഹൃദം. ‘നീലനുണ്ടായതു കൊണ്ട് മാത്രമാണ് മുണ്ടയ്ക്കൽ ശേഖരനുണ്ടായതെന്ന’ രഞ്ജിത്ത് ചിത്രം ‘രാവണപ്രഭു’വിലെ നെപ്പോളിയൻ കഥാപാത്രത്തിന്റെ തിരിച്ചറിവു പോലെയൊരു പരസ്പരപൂരകമായ ദ്വന്ദമാണത്.

മമ്മൂട്ടിയും മോഹൻലാലും

Read more: സൗഹൃദം പങ്കിട്ട് മമ്മൂട്ടിയും മോഹൻലാലും ഒരേ വേദിയിൽ; ചിത്രങ്ങൾ 

10:45 (IST)21 May 2019

ഗോവയിലൊരു പിറന്നാളാഘോഷം

ഗോവയിൽ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ് ഇപ്പോൾ. ‘ബറോസ്സ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ടിംഗിനായി ഗോവയിലാണ് മോഹൻലാൽ. 

ഗോവയിലൊരു പിറന്നാളാഘോഷം

Read more: ഒരു നല്ല പിക്‌നിക് പോലെയായിരിക്കണം സംവിധായകൻ കാര്യങ്ങൾ കൊണ്ടുപോകേണ്ടത്: മോഹൻലാൽ

10:30 (IST)21 May 2019

മലയാളത്തിന്റെ പ്രൗഢിക്ക് ജന്മദിനാശംസകൾ: മഞ്ജു വാര്യർ

‘മലയാളത്തിന്റെ പ്രൗഢിക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു! ജന്മദിനാശംസകൾ ലാലേട്ടാ!’ മോഹൻലാലിന് ജന്മദിനാശംസകൾ നേരുകയാണ് മഞ്ജുവാര്യർ.

‘ആറാം തമ്പുരാൻ’ മുതൽ റിലീസ് ചെയ്യാനിരിക്കുന്ന ‘കുഞ്ഞാലി മരയ്ക്കാർ’ വരെ നീളുന്ന എട്ടോളം ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച മഞ്ജുവിന്റെ രണ്ടാം വരവിലെ അഞ്ചു ചിത്രങ്ങളും മോഹൻലാലിനൊപ്പമായിരുന്നെന്നതും ശ്രദ്ധേയമാണ്. 

Read more: ഇത് കാലത്തിന്റെ കൈനീട്ടം; മോഹൻലാലിന് ആശംസകളുമായി മഞ്ജു വാര്യർ

10:20 (IST)21 May 2019

എന്റെ ലൂസിഫറിന് ജന്മദിനാശംസകൾ: പൃഥ്വിരാജ്

‘നന്ദി. നന്ദി ‘ലൂസിഫർ’. നന്ദി സ്റ്റീഫൻ. നന്ദി ഖുറേഷി അബ്രഹാം. നിങ്ങൾ നിങ്ങളായിരിക്കുന്നതിന് നന്ദി. ജന്മദിനാശംസകൾ ചേട്ടാ,’ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് പൃഥ്വിരാജ് കുറിക്കുന്നു.  മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുക്കെട്ടിന്റെ ‘ലൂസിഫർ’ മലയാള സിനിമയുടെ തന്നെ ചരിത്രത്തിലെ വേറിട്ടൊരു അധ്യായമാണ്. മലയാളത്തിൽ നിന്നും ആദ്യമായി 200 കോടി കളക്റ്റ് ചെയ്ത ചിത്രം എന്നു കൂടിയാണ് ‘ലൂസിഫർ’ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നത്.   

Read more: ഇരുനൂറ് കോടി കടക്കുന്ന ആദ്യ മലയാള ചിത്രമായി ‘ലൂസിഫര്‍’

09:15 (IST)21 May 2019

Happy Birthday Mohanlal one of the greatest (few) actors: Radhika Sarath Kumar

മോഹന്‍ലാലിനു ആശംസകള്‍ നേര്‍ന്ന് രാധികാ ശരത്കുമാറും.  വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുകയാണ് ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’ എന്ന ചിത്രത്തില്‍.  ‘ഗ്രേറ്റസ്റ്റ് നടന്മാരില്‍ (അങ്ങനെ അധികം പേരില്ല’ ഒരാളായ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍,’ എന്നാണു രാധിക കുറിച്ചത്

Read More: നിങ്ങളില്ലെങ്കിൽ ഈ സിനിമ ചെയ്യില്ലെന്ന് മോഹൻലാൽ പറഞ്ഞു: രാധിക ശരത്കുമാർ

08:31 (IST)21 May 2019

‘ഏട്ടന്‍’ എന്ന് വിളിച്ചു നമ്മള്‍ ചേര്‍ത്ത് പിടിച്ച ആദ്യ നടന്‍, മോഹന്‍ലാല്‍

‘ഏട്ടന്‍’ എന്ന് ചേര്‍ത്ത് വിളിച്ചു മലയാളി ചേര്‍ത്ത് പിടിച്ച ആദ്യ നടനായിരിക്കും ഒരുപക്ഷേ മോഹന്‍ലാല്‍. അദ്ദേഹത്തിന്‍റെ കാലത്തിന് മുന്‍പുണ്ടായിരുന്ന ഇഷ്ടതാരങ്ങളെ നസീര്‍ സാര്‍, മധു സാര്‍ എന്നും സോമന്‍, സുകുമാരന്‍, ജയന്‍ എന്നുമൊക്കെയാണ് കേരളം അഭിസംബോധന ചെയ്തിരുന്നത്. മമ്മൂട്ടി-മോഹന്‍ലാല്‍ കാലം മുതലാണ്‌ മമ്മുക്കയെന്നും ലാലേട്ടനെന്നും വിളിച്ചു താരങ്ങളെ സ്ക്രീനില്‍ നിന്നും താഴെയിറക്കി, പ്രേക്ഷകര്‍ തങ്ങളുടെ അടുത്ത് നിര്‍ത്താന്‍ തുടങ്ങിയത്. ഇരുവരുടേയും ആരാധകവൃന്ദം ഈ വിളികളെ ഏറ്റെടുത്ത് സ്ഥിരപ്പെടുത്തുകയും ചെയ്തു.

Read More: ‘ഏട്ടന്‍’ എന്ന് വിളിച്ചു നമ്മള്‍ ചേര്‍ത്ത് പിടിച്ച ആദ്യ നടന്‍, മോഹന്‍ലാല്‍

08:28 (IST)21 May 2019

തലമുറകള്‍ക്ക് പ്രചോദനമായ മനുഷ്യന് ജന്മദിനാശംസകള്‍: നിവിന്‍ പോളി

“തലമുറകള്‍ക്ക് പ്രചോദനമായ മനുഷ്യന് ജന്മദിനാശംസകള്‍.  ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ.  തന്ന ഓര്‍മ്മകള്‍ക്ക് നന്ദി,” നിവിന്‍ പോളി ട്വിറ്റെറില്‍ പറഞ്ഞു.

Here’s wishing the man who’s been an inspiration for generations, Lalettan a very happy birthday!! Wish you good health & happiness! Thank you for the memories! @Mohanlal #HBDLegendMohanlal pic.twitter.com/NJEGYP7UC3

മലയാള ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന നടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ പൂർണ്ണനാമം മോഹൻലാൽ വിശ്വനാഥൻ നായർ എന്നാണ്. മേയ് 21, 1960നു പത്തനംതിട്ട ജില്ലയില്‍ ജനിച്ചു. അച്ഛന്‍ വിശ്വനാഥന്‍ നായര്‍, അമ്മ ശാന്തകുമാരി. തിരുവനന്തപുരത്ത് പഠനം. പഠനകാലത്ത് തന്നെ സുഹൃത്തുക്കളായ പ്രിയദര്‍ശന്‍, സുരേഷ് കുമാര്‍ എന്നിവരുമായി ചേര്‍ന്ന് സിനിമാ പ്രവര്‍ത്തനം ആരംഭിച്ചു.

അശോക്‌ കുമാര്‍ സംവിധാനം ചെയ്ത ‘തിരനോട്ടം’ ആണ് ആദ്യ ചിത്രം. ഫാസില്‍ സംവിധാനം ചെയ്ത ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ’ മുഖ്യധാരാ രംഗപ്രവേശം. അവിടെ നിന്നും മൂന്നു പതിറ്റാണ്ടുകളായി തുടരുന്ന അഭിനയ സപര്യയില്‍ അനേകം സൂപ്പര്‍ഹിറ്റുകള്‍, പുരസ്കാരങ്ങള്‍ എന്നിവ നേടി. കേരളം സ്നേഹത്തോടെ ലാലേട്ടന്‍ എന്ന പദവി ചാര്‍ത്തിക്കൊടുത്തു.

സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനായ മോഹന്‍ലാല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി കരുതപ്പെടുന്നു.

mohanlal, mohanlal birthday, mohanlal age, happy birthday mohanlal, happy birthday laletta, iemalayalam, മോഹന്‍ലാല്‍
മോഹന്‍ലാല്‍

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Happy birthday mohanlal colleagues and wish mohanlal on his 59th birthday