ഒമ്പത് പതിറ്റാണ്ടുകൾ നീളുന്ന മലയാള സിനിമാ ചരിത്രത്തിൽ നമ്മള്‍ ഇത്രമേല്‍ സ്നേഹിച്ച മറ്റൊരു നടിയുണ്ടോ എന്ന് സംശയമാണ്. പതിനേഴാം വയസ്സില്‍ സിനിമാ രംഗത്ത്‌ എത്തിയപ്പോഴും ഇരുപത്തിയൊന്നാം വയസ്സില്‍ വിവാഹിതയായി സിനിമാ രംഗത്ത്‌ നിന്നും വിടവാങ്ങിയപ്പോഴും, പിന്നീട് മുപ്പത്തിമൂന്നാം വയസ്സില്‍ തിരിച്ചു വന്നപ്പോഴുമെല്ലാം മലയാളി മനസ്സ് കൊണ്ട് ചേര്‍ത്ത് പിടിച്ചിരുന്നു മഞ്ജു വാര്യര്‍ എന്ന നടിയെ. മഞ്ജുവിനെ സ്നേഹിക്കാന്‍ പ്രായവും സമയവും ഒന്നും മലയാളിയ്ക്ക് തടസ്സമായിരുന്നില്ല, ഒരു കാലത്തും.

കാലാകാലങ്ങളായി മലയാള സിനിമാ പ്രേക്ഷകർ നടികളെ സ്നേഹിച്ചത് നിരവധിയേറെ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. പ്രായം, പരമ്പരാഗതമായ സൗന്ദര്യസങ്കൽപ്പങ്ങൾ, എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങൾ. ഈ മാനദണ്ഡങ്ങളെല്ലാം മഞ്ജുവിന്റെ കാര്യത്തിൽ അപ്രസക്തമായിത്തീര്‍ന്നു. നാൽപ്പതിൽ താഴെ പടങ്ങൾ മാത്രം ചെയ്ത ഈ അഭിനേത്രി മലയാളികൾക്ക് ഇന്ന് ലേഡീ സൂപ്പർസ്റ്റാർ ആണ്.  മമ്മൂട്ടി- മോഹൻലാൽ എന്നീ അഭിനയദ്വന്ദങ്ങളിൽ മാത്രം കുടുങ്ങികിടന്ന ‘സൂപ്പർസ്റ്റാർ’ പദവി നൽകി കൊണ്ടാണ് മലയാളി പ്രേക്ഷകർ 14 വർഷങ്ങൾക്കു ശേഷമുള്ള മഞ്ജുവിന്റെ രണ്ടാം വരവിനെ വരവേറ്റത്.

നാലു വർഷം മാത്രം സിനിമയിൽ അഭിനയിച്ച് ഒരു സുപ്രഭാതത്തിൽ മഞ്ജു സിനിമയോട് യാത്ര പറഞ്ഞ് കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങിയപ്പോൾ വിഷമത്തോടെയാണ് സിനിമാലോകവും പ്രേക്ഷകരും നടിയെ യാത്രയാക്കിയത്. വിവാഹ ശേഷവും മഞ്ജുവിന്റെ വിശേഷങ്ങളറിയാൻ മലയാളി ആഗ്രഹിച്ചു, പങ്കെടുക്കുന്ന പരിപാടികളിലെല്ലാം മഞ്ജു തന്നെയായി ക്യാമറക്കണ്ണുകളുടെ പ്രധാന ശ്രദ്ധാകേന്ദ്രം.

അതിനിടയിൽ നിരവധി നടികൾ വന്നു പോയി. ഓരോ തവണയും മലയാളി അവരെയെല്ലാം മഞ്ജുവുമായി താരതമ്യം ചെയ്തു. മഞ്ജു വാര്യർ എന്ന പ്രതിഭ, തന്റെ അസാന്നിധ്യത്തിലും നിരവധി യുവനടികൾക്ക് വെല്ലുവിളിയായി മാറിയ കാഴ്ചയായിരുന്നു അത്. അപ്പോഴെല്ലാം മലയാളികളുടെ മനസ്സിലെ ‘മഞ്ജു സിംഹാസനം’ ഒഴിഞ്ഞു തന്നെ കിടന്നു.

14 വർഷങ്ങൾക്കു ശേഷം അപ്രതീക്ഷിതമായി മഞ്ജു തിരിച്ചു വന്നപ്പോഴാകാട്ടെ, സ്വന്തം വീട്ടിലെ കുട്ടിയെ എന്ന പോലെ അത്യാഹ്ലാദത്തോടെ പ്രേക്ഷകർ മഞ്ജുവിനെ വരവേറ്റ്, മലയാളത്തിലെ ഒരു അഭിനേത്രിയ്ക്കും അതുവരെ നൽകാതെയിരുന്ന ‘ലേഡീ സൂപ്പർസ്റ്റാർ’ പദവി സ്നേഹത്തോടെ മഞ്ജുവിന് ചാർത്തി കൊടുത്തത്.

സൂപ്പർതാര സിനിമകളോടെല്ലാം തനിയെ നിന്ന് മത്സരിക്കാനുള്ള കരുത്തോടെ, നായികാ പ്രാധാന്യമുള്ള സിനിമകൾ മലയാളത്തിൽ ഉണ്ടാവാനുള്ള പ്രധാന കാരണം മഞ്ജുവായി. മഞ്ജു വാര്യരുടെ ചിത്രം എന്ന വിശേഷണത്തോടെ തന്നെ സിനിമകൾ മാർക്കറ്റ് ചെയ്യപ്പെട്ടു. മാറുന്ന മലയാള സിനിമയുടെ അമരക്കാരിയാവുക എന്നത് മഞ്ജുവിന് കാലം കാത്തു വച്ച നിയോഗമായിരിക്കണം.

സ്വയം കരുത്താർജ്ജിച്ച് മുന്നേറുമ്പോൾ തന്നെ, വിവാഹിതയും അമ്മയുമൊക്കെ ആവുമ്പോൾ നായികാസ്ഥാനങ്ങളിൽ നിന്നും സ്ഥാനഭ്രഷ്ടയാകുന്ന മലയാള സിനിമാനായികമാരുടെ തലവര കൂടിയാണ് മഞ്ജു തിരുത്തിയെഴുതിയത്.

‘പ്രായം സ്വപ്നങ്ങൾക്ക് പരിധി നിശ്ചയിക്കുന്നില്ല,​ അതൊരു നമ്പർ മാത്രമാണെന്ന്’ പറഞ്ഞ് ‘ഹൗ ഓൾഡ് ആർ യൂ’വിലൂടെ നിരുപമ രാജീവ് ഒരു സ്ത്രീയുടെ കരുത്തും ഇച്ഛാശക്തിയും എന്തെന്ന് കാണിച്ചു കൊടുത്തപ്പോൾ അതൊരുപാട് സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് ഉണർത്തുപാട്ടായി മാറി.

പക്വതയുള്ള കഥാപാത്രങ്ങളിലൂടെയും പെരുമാറ്റത്തിലൂടെയും മഞ്ജു ഒരു ഐക്കൺ ആയി മാറിയ കാഴ്ചയാണ് പിന്നീടങ്ങോട്ട് മലയാളികൾ കണ്ടത്. അപ്രതീക്ഷിതമായി ജീവിതത്തിലുണ്ടായ പ്രശ്നങ്ങളിൽ പകച്ചു നിൽക്കാതെ, നഷ്ടങ്ങൾക്ക് ആരെയും കുറ്റപ്പെടുത്താതെ, സ്വകാര്യതകൾ പരസ്യമാക്കാതെ, അഭിമാനത്തോടെ ജീവിതം കെട്ടിപ്പടുക്കുന്ന മഞ്ജു സ്വയമൊരു ഫീനിക്സ് പക്ഷിയായി മാറുകയായിരുന്നു.

അതുകൊണ്ടാകാം, “തിരിച്ചടിയുണ്ടായാല്‍ അതിജീവിക്കാന്‍ പറ്റും. എന്തു വന്നാലും പേടിച്ച് ജീവനൊടുക്കാന്‍ പാടില്ല. എല്ലാ മനുഷ്യരിലും ഈ ഒരു ശക്തിയുണ്ട്. നമ്മള്‍ അതിനെ വളര്‍ത്തിയെടുക്കുന്നതു പോലെയിരിക്കും” എന്ന് മഞ്ജു വാര്യര്‍ പ്രളയാനന്തര കേരളത്തോട് പറയുമ്പോൾ അതു മറ്റാരു പറയുന്നതിലും ആഴത്തിൽ മറ്റുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. വീണു പോകുന്നവരോട് ചേർന്നു നിന്ന് കരുത്തു പകരാനും കൈതാങ്ങാവാനും മഞ്ജുവിന് കഴിയുന്നതും താൻ ജീവിതത്തിൽ അതിജീവിച്ച ‘പ്രളയകാലം’ തന്ന കരുത്താവും.

ജന്മദിനാശംസകള്‍, മഞ്ജു!

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook