Happy birthday Mammootty: മുഖം നോക്കി പ്രായം പറയുന്ന പുതിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എങ്ങനെയൊക്കെ നോക്കിയിട്ടും മമ്മൂട്ടിയുടെ പ്രായം അന്പതിലേക്ക് പോലും എത്തിയില്ല. ആപ്പിനെ കുറ്റം പറയാനാവില്ല. സ്ക്രീനിലും നേരിട്ടും കാണുന്നവര്‍ക്കും പോലും മമ്മൂട്ടിയുടെ പ്രായത്തെക്കുറിച്ച് തീര്‍ച്ചയുണ്ടാവില്ല. എന്തായാലും മമ്മൂട്ടിയെന്ന മമ്മൂക്കയ്ക്ക് ഇന്ന് പിറന്നാളാശംസകള്‍ നല്കുന്ന തിരക്കിലാണ് കേരളക്കര.
പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വര്‍ഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ഓരോ പിറന്നാള്‍ ആകുമ്പോഴും കേരളം ചോദിക്കുക. അതിനിടയിലും പ്രിയ താരം ‘ആയുരാരോഗ്യ സൗഖ്യത്തോടെ നീണാള്‍ വാഴട്ടേ’ എന്നും പ്രാര്‍ത്ഥിക്കുന്നുണ്ട് ആരാധകര്‍. ‘പതിനെട്ടാം പടി’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഇറങ്ങിയ പോസ്റ്ററുകളില്‍ മുടി പുറകോട്ട് കെട്ടി നില്ക്കുന്ന മമ്മൂട്ടിയെ കണ്ടവര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ചോദിച്ചു… ‘ഇങ്ങേരിതെന്ത് ഭാവിച്ചാ ?’
അഭിനയത്തിന്റെ നാല്‍പ്പത്തിയെട്ടാം വാര്‍ഷികമാഘോഷിച്ച് ഒരു മാസമാകുമ്പോഴാണ് മമ്മൂട്ടിയുടെ അറുപത്തിയെട്ടാം പിറന്നാള്‍. ചേട്ടനായും കുടുംബനാഥനായും പൊലീസുകാരനായും ജേര്‍ണലിസ്റ്റായും രാഷ്ട്രീയക്കാരനായും മാഷായും സാഹിത്യകാരനായും അടിയാനായും ഭൂതമായും ചരിത്രപുരുഷനായും അങ്ങനെ എളുപ്പത്തില്‍ എണ്ണി തീര്‍ക്കാനാവില്ല ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളെ. മകന് ഉള്‍പ്പെടെയുള്ള യുവതലമുറയുടെ കാലത്തും മമ്മൂട്ടിക്കായുള്ള കഥകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.
കഠിനാധ്വാനം കൊണ്ടും നിരന്തരപരിശ്രമം കൊണ്ടുമാണ് നാല് പതിറ്റാണ്ടായി ഒരേ ഇരിപ്പിടത്തില്‍ മമ്മൂട്ടിയെന്ന മഹാനടന് സ്വസ്ഥമായിരിക്കുന്നത്. ഇത്തവണത്തെ പിറന്നാളിനാണെങ്കില് ‘പേരന്‍പും’, ‘ഉണ്ടയും’, ‘യാത്ര’യുമൊക്കെയായി തെന്നിന്ത്യയുടെ മുഴുവന്‍ സ്നേഹത്തിന്റെ മധുരവുമുണ്ട്. 2019 തനിക്ക് പ്രിയപ്പെട്ട വര്‍ഷമാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുമുണ്ട്.
ഏറ്റെടുക്കുന്ന വേഷങ്ങളോട് ഈ നടന് കാണിക്കുന്ന ആത്മാര്‍ത്ഥത, ഏത് മേഖലയിലുള്ളവര്‍ക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്പര്യത്തിന്റെ തഴമ്പുകളില്ലാതെയെത്തിയ പി.ഐ.മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കി പിന്നെ മമ്മൂക്കയാക്കി മനസ്സില്‍ ഫ്രെയിം ചെയ്ത് വയ്ക്കുന്നതില്‍ നിന്നറിയാം മലയാളികള്‍ക്ക് അദ്ദേഹത്തോടുള്ള സ്നേഹം.
1951ന് സെപ്റ്റംബര്‍ 7ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്ത്, ഒരു സാധാരണ കുടുംബത്തില്‍ ഇസ്മയിലിന്റെയും ഫാത്തിമയുടെയും മൂത്ത മകനായിട്ടാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം. കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മാറിയ അദ്ദേഹം, സെന്റ് ആല്‍ബര്‍ട്ട് സ്കൂള്‍, ഗവണ്മെന്റ് ഹൈസ്കൂള്‍, മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങിളില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കി. നിയമപഠനത്തിന് ശേഷം രണ്ട് വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി നോക്കി. 1980ലായിരുന്നു സുല്ഫത്തുമായുളള വിവാഹം.
1971 ഓഗസ്റ്റ് ആറിന്, ‘അനുഭവങ്ങള്‍ പാളിച്ചകളെന്ന’ സിനിമയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ മമ്മൂട്ടി, അഭിനയ ജീവിതത്തില്‍ പാളിച്ചകളില്ലാതെ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ്. മികച്ച നടനുള്ള ദേശീയപുരസ്ക്കാര പട്ടികയിലും അവസാന റൌണ്ട് വരെ മമ്മൂട്ടിയുടെ പേരുണ്ടായ വര്‍ഷമാണ് ഇത്. സിനിമകളെന്ന പോലെ ഈ അഭിനയപ്രതിഭയ്ക്ക് ലഭിച്ചിട്ടുള്ള ദേശീയ,സംസ്ഥാന പുരസ്കാരങ്ങളും നിരവധിയാണ്. മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണയും ഏഴ് തവണ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും നേടി. ഫിലിം ഫെയര്‍ പുരസ്കാരം പന്ത്രണ്ട് തവണയാണ് മമ്മൂട്ടിയെ തേടിയെത്തിയത്. 1998ല്‍ പത്മശ്രീ ലഭിച്ചു. കേരള,കാലിക്കറ്റ് സര്‍വകലാശാലകള്‍ ഡോക്ടറേറ്റ് നല്കി ആദരിച്ചിട്ടുണ്ട്.
‘അനുഭവങ്ങള്‍ പാളിച്ചകളില്‍’ ക്യാമറയ്ക്ക് മുന്നില്‍ നില്ക്കാനായെങ്കിലും സംഭാഷണമുള്ള വേഷം ലഭിച്ചത്, 1973ല്‍ പുറത്തിറങ്ങിയ ‘കാലചക്രം’ എന്ന സിനിമയിലാണ്. 1980ല്‍ ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷം ചെയ്യുന്നത്. എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി ആസാദ് സംവിധാനം ചെയ്ത ഈ സിനിമയില്‍ അഭിനയിക്കുമ്പോഴാണ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, മുഹമ്മദ് കുട്ടിയ്ക്ക് മമ്മൂട്ടിയെന്ന പേര് നിര്‍ദ്ദേശിച്ചത്. ഈ സിനിമയില്‍ മമ്മൂട്ടിയ്ക്ക് ശബ്ദം നല്‍കിയത് ശ്രീനിവാസനാണ്. 1980ല്‍ ഇറങ്ങിയ കെ.ജി.ജോര്‍ജ്ജിന്റെ ‘മേള ‘എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷം ലഭിക്കുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
Read Here: മകനെ ഡോക്ടറാക്കണം എന്ന ബാപ്പയുടെ സ്വപ്നം വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി സഫലീകരിച്ചപ്പോള്‍
എണ്‍പതുകളിലെ സംവിധായകര്‍ തുടങ്ങി ന്യൂജെന്‍ സംവിധായകര്‍ വരെ ഏല്‍പ്പിക്കുന്ന കഥാപാത്രങ്ങളെ ഏറ്റവും ഭംഗിയാക്കാന്‍ ശ്രമിക്കുന്ന ആളാണ് മമ്മൂട്ടി. രണ്ട് തലമുറയിലെ സംവിധായകര്‍ക്കൊപ്പം ജോലി ചെയ്ത അദ്ദേഹത്തിന് മൂന്നാം തലമുറയിലെ സംവിധായകരുടെ കന്നി ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനും മടിയില്ല എന്നത് അടിവരയിട്ട് തന്നെ പറയേണ്ട കാര്യമാണ്. കച്ചവട സിനിമയ്ക്കൊപ്പം സമാന്തരസിനിമകളിലും കഴിവ് തെളിയിച്ചിട്ടുണ്ട് അദ്ദേഹം. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യ മുഴുവനും ഒരുപോലെ മമ്മൂട്ടിയെ ബഹുമാനിക്കുന്നതും അതു കൊണ്ടാണ്. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളില്‍ മമ്മൂട്ടി പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ‘ഗാനഗന്ധര്‍വ്വ’നാണ് മമ്മൂട്ടിയുടെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇതില്‍, ഗാനമേള വേദികളിലെ ഗായകനായ കലാസദന്‍ ഉല്ലാസിനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ‘രാക്കുയിലിന്‍ രാഗസദസ്സിലും’, ‘പല്ലാവൂര്‍ ദേവനാരായണനിലും’ കണ്ട പോലെ ഉള്ള ക്ലാസ്സിക് കലാകാരനല്ല, പകരം അടിപൊളി പാട്ടുകള്‍ പാടുന്നയാളാണ് കലാസദന്‍ ഉല്ലാസ്.
Read Here: ഇതേതാ ഈ യൂത്തൻ? ‘ഗാനഗന്ധർവ്വൻ’ മമ്മൂട്ടിയെ കണ്ട് ഞെട്ടി ആരാധകർ
കൃത്യമായ രാഷ്ട്രീയനിലപാടുകള്‍ ഉള്ള മമ്മൂട്ടി, മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിലും മടിയില്ലാത്തയാളാണ്. ചെയ്യുന്ന സഹായങ്ങള്‍ക്ക് അധികം പബ്ലിസിറ്റിയും ആഗ്രഹിക്കുന്നില്ല. പ്രളയകാലത്ത് ചുറ്റുമുളളവരെ കൈപിടിച്ച് ഉയര്‍ത്താനുളള സഹായങ്ങളില്‍ മമ്മൂട്ടിയും മുന്‍നിരയിലുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ ഉള്ളതെല്ലാം വാരി നല്കിയ നൌഷാദിനെ ഫോണില്‍ വിളിച്ച് അഭിനന്ദിക്കാനും, രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മരിച്ച യുവാവിന്റെ അമ്മയെ ആശ്വസിപ്പിക്കാനുമൊക്കെ ഈ താരം മടി കാണിച്ചില്ല.
താരത്തിന്റെ ഓരോ പിറന്നാളും ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയില്‍ ആഘോഷിക്കുന്നവരാണ് ആരാധകര്‍. പിറന്നാള്‍ ദിനത്തില്‍ ട്രോളുകളിറക്കിയും ഫാന്‍സ് ആഘോഷമാക്കാറുണ്ട്. അതിലൊരു ട്രോളില്‍ പറഞ്ഞത് അല്പം ഗൌരവത്തിലെടുക്കാവുന്നതാണ്. ഒന്നുകില്‍ മമ്മൂട്ടിയെ കണ്ടാല്‍ 68 വയസ്സ് തോന്നിക്കണം, അല്ലെങ്കില്‍ 68 വയസ്സായവരൊക്കെ മമ്മൂട്ടിയെ പോലെ ഇരിക്കണം. ഇത് രണ്ടും അത്ര എളുപ്പമല്ലാത്തതിനാല്‍, ആ അസൂയ മനസ്സില്‍ തന്നെ വച്ച് നമുക്ക് ആശംസിക്കാം… ഹാപ്പി ബര്‍ത്ത് ഡേ മമ്മൂക്ക.