Happy Birthday Mammootty: തീവ്രമായ ആഗ്രഹങ്ങളാണ് മനുഷ്യനെ ഊർജ്ജസ്വലമായി മുന്നോട്ടു നയിക്കുന്നത്. മമ്മൂട്ടിയെ സംബന്ധിച്ച് അത് സിനിമയാണ്. അഞ്ചു പതിറ്റാണ്ടോളമായി അഭിനയരംഗത്ത് സജീവമായ അദ്ദേഹത്തിന്റെ പ്രായം തട്ടാത്ത ‘ലുക്ക്’ എല്ലായ്പ്പോഴും ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. എന്നാല്‍ അതിലും പ്രധാനമാണ് അദ്ദേഹത്തിനു അഭിനയത്തോടുള്ള ആര്‍ജ്ജവം. 1951 സെപ്റ്റംബർ ഏഴിന് ജനിച്ച മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിക്ക് ഇന്ന് 71 വയസ്സ് തികയുകയാണ്.
മമ്മൂട്ടി തന്നെ പല അവസരങ്ങളിലും അത് പറഞ്ഞിട്ടുമുണ്ട് – സിനിമയോടും അഭിനയത്തോടുമുള്ള പാഷനാണ് തന്നെ ഇവിടം വരെ എത്തിച്ചത് എന്ന്. ചെറുപ്പക്കാരെപ്പോലും അസൂയപ്പെടുത്തുന്ന ഓജസ്സിനു ഉടമയായ അദ്ദേഹത്തിനെ ഡ്രൈവ് ചെയ്യുന്നത് സിനിമയോടുള്ള അടങ്ങാത്ത ആവേശമാണ്. അത് തന്നെയാണ് മമ്മൂട്ടിയുടെ ഓരോ ചിത്രം വരുമ്പോഴും ആരാധകര്‍ ആഘോഷിക്കുന്നത്.
മെഗാസ്റ്റാറിന്റെ ജന്മദിനവും ആഘോഷമാക്കുകയാണ് സിനിമാലോകം. താരത്തിനായി ആശംസകൾ നേരുന്ന തിരക്കിലാണ് സഹപ്രവർത്തകരും ആരാധകരും സിനിമാപ്രേക്ഷകരുമെല്ലാം.
മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് രമേഷ് പിഷാരടി ഷെയർ ചെയ്ത വീഡിയോ ആണ് കൂട്ടത്തിൽ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുടെ കാർ കണ്ട് ഓടുന്ന സൈക്കിളിൽ ബാലൻസ് ചെയ്ത് പടം പിടിക്കുകയാണ് ഒരു ആരാധകൻ. ആരാധകന്റെ സ്നേഹം കണ്ട് നിറഞ്ഞ മനസ്സോടെ പുഞ്ചിരിക്കുന്ന മമ്മൂട്ടിയേയും വീഡിയോയിൽ കാണാം.
‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. 1971 ഓഗസ്റ്റ് ആറാം തീയതിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഈ ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലാണ് അദ്ദേഹം എത്തിയത്. എം ടി വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന മലയാള ചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. കെ ജി ജോർജ് സംവിധാനം ചെയ്ത ‘മേള’ എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. പിന്നീടങ്ങോട്ട് നിരവധി വേഷപ്പകർച്ചകൾ.
ചേട്ടനായും കുടുംബനാഥനായും പൊലീസുകാരനായും ജേര്‍ണലിസ്റ്റായും രാഷ്ട്രീയക്കാരനായും അധ്യാപകനായും സാഹിത്യകാരനായും അടിയാനായും ഭൂതമായും ചരിത്രപുരുഷനായും അങ്ങനെ എളുപ്പത്തില്‍ എണ്ണി തീര്‍ക്കാനാവില്ല ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളെ.
കഠിനാധ്വാനം കൊണ്ടും നിരന്തരപരിശ്രമം കൊണ്ടുമാണ് നാല് പതിറ്റാണ്ടായി ഒരേ ഇരിപ്പിടത്തില്‍ മമ്മൂട്ടിയെന്ന മഹാനടന് സ്വസ്ഥമായിരിക്കുന്നത്. ഏറ്റെടുക്കുന്ന വേഷങ്ങളോട് ഈ നടന് കാണിക്കുന്ന ആത്മാര്‍ത്ഥത, ഏത് മേഖലയിലുള്ളവര്‍ക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്പര്യത്തിന്റെ തഴമ്പുകളില്ലാതെയെത്തിയ പി.ഐ.മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കി പിന്നെ മമ്മൂക്കയാക്കി മനസ്സില്‍ ഫ്രെയിം ചെയ്ത് വയ്ക്കുന്നതില്‍ നിന്നറിയാം മലയാളികള്‍ക്ക് അദ്ദേഹത്തോടുള്ള സ്നേഹം.