Happy birthday Madhavan: തെന്നിന്ത്യയുടെ മനസ്സ് കവര്‍ന്ന നായകനടന്മാരില് ഒരാളാണ് മാധവന്. മണിരത്നത്തിന്റെ ‘അലൈപായുതേ’ (2000) എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ മാധവന് ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും പെണ്‍കുട്ടികളുടെ ‘Heartthrob’ ആയി തന്നെ തുടരുന്നു. മാധവന്റെ ചില അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം.
Happy birthday Madhavan: ജൂണ്‍ 1, 1970ന് ജാംഷെഡ്പൂരിലാണ് മാധവന്റെ ജനനം. ബീഹാറില്‍ വളര്‍ന്ന മാധവന് കോളേജ് കാലത്ത് എന്സിസില് സജീവമായിരുന്നു. പിന്നീട് മുംബൈയില്‍ എത്തിയ അദ്ദേഹം പബ്ലിക് സ്പീക്കിംഗ് അധ്യാപകനായി. മോഡലിംഗ് രംഗത്ത് തത്പരനായിരുന്ന മാധവന് ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ഒരു പരസ്യ ചിത്ര ചിത്രീകരണത്തിനിടെ മാധവനെ കണ്ട ക്യാമറാമാന് സന്തോഷ് ശിവനാണ് മണിരത്നത്തിന്റെ ‘അലൈപായുതേ’ ചിത്രത്തിലേക്ക് മാധവനെ സജസ്റ്റ് ചെയ്യുന്നത്. ശാലിനി നായികയായ പ്രണയ ചിത്രമായിരുന്നു ‘അലൈപായുതേ’. ചിത്രം ബോക്സോഫീസില്‍ വലിയ വിജയം നേടി.
Happy birthday Madhavan: തുടര്‍ന്ന് വന്ന അനേകം പ്രണയ ചിത്രങ്ങളിലും (ഗൌതം മേനോന്റെ ‘മിന്നലെ’, അഴകം പെരുമാളിന്റെ ‘ഡും ഡും ഡും’, കെ ബാലചന്ദറിന്റെ ‘പാര്‍ത്താലേ പരവസം’, ലിങ്കുസ്വാമിയുടെ ‘റണ്‍’ തുടങ്ങിയവ) മാധവന് നായകനായി. മണിരത്നത്തിന്റെ ‘കന്നത്തില്‍ മുത്തമിട്ടാല്‍’ ആണ് ചോക്ലേറ്റ് നായകനില്‍ നിന്നും മാധവന് മോചനം നേടിക്കൊടുത്ത വേഷം.
അപ്പോഴേക്കും തമിഴിനോടൊപ്പം തന്നെ ഹിന്ദിയിലും ശ്രദ്ധേയനായി തുടങ്ങിയിരുന്നു മാധവന്. മലയാളത്തിലും അദ്ദേഹം ഒരു ചിത്രത്തില്‍ അഭിനയിചിട്ടുണ്ട്. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ‘മേഡ് ഇന്‍ യു എസ് എ’യിലാണ് മാധവന് അഭിനയിച്ചത്.
Happy birthday Madhavan: അഭിനയത്തില്‍ നിന്നും ഇപ്പോള്‍ സംവിധാനത്തിലേക്കും തിരിഞ്ഞിരിക്കുകയാണ് മാധവന്. ഐഎസ്ആര്‍ഓ ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന്റെ ജീവിതകഥയാണ് മാധവന് സിനിമയാക്കുന്നത്. കേന്ദ്ര കഥാപാത്രമായ നമ്പി നാരായണനെ അവതരിപ്പിക്കുന്നതും മാധവന് തന്നെ. ‘റോക്കറ്ററി: ദ നമ്പി എഫക്റ്റ്’ എന്നാണ് ചിത്രത്തിന്റെ പേര്.
‘റോക്കറ്ററി’ തനിക്ക് ഒരു ബാധ പോലെയായിരുന്നുവെന്നാണ് മാധവന് തന്നെ മുൻപു പറഞ്ഞിട്ടുണ്ട്. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ആനന്ദ് മഹാദേവന് നമ്പി നാരായണനെക്കുറിച്ച് തന്നോടു പറഞ്ഞപ്പോള്‍ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ജയിലില്‍ കിടക്കുക വഴി കടുത്ത അനീതിക്കിരയായ ഒരു മനുഷ്യന്റെ കഥയായാണ് തനിക്ക് അനുഭവപ്പെട്ടതെന്നും മാധവന് പറഞ്ഞു.
Read more: നമ്പി ആര്?: ‘റോക്കട്രി’യ്ക്കായി മാധവന്റെ പരകായ പ്രവേശം
“അതിനു ശേഷം ഞാന്‍ ഈ സിനിമയ്ക്ക് തിരക്കഥയെഴുതാന്‍ ആരംഭിച്ചു. ഏഴുമാസമെടുത്താണ് ഞാന്‍ അത് പൂര്‍ത്തിയാക്കിയത്. തിരക്കഥയുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഞാന്‍ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. അപ്പോഴൊക്കെ അദ്ദേഹം തന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കാറേ ഇല്ലായിരുന്നു. പിന്നീടാണ് ഞാന്‍ തിരിച്ചറിഞ്ഞത് ഞാന്‍ ചോദിച്ചതു മുഴുവന്‍ അദ്ദേഹത്തിന്റെ കേസിനെ കുറിച്ചായിരുന്നു, അത് നീതിയല്ലെന്ന്. ചിലപ്പോഴൊക്കെ ഒരു മനുഷ്യനോട് ചെയ്യുന്ന തെറ്റ് ഒരു ജനതയോട് തെറ്റ് ചെയ്യുന്നതിന് തുല്യമാണെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് നീതി വാങ്ങിക്കൊടുക്കുന്നതിലൂടെ ഈ രാജ്യത്തിനോട് തന്നെയാണ് നാം നീതി പുലര്‍ത്തുന്നത്. അതുകൊണ്ട് ഏഴുമാസത്തോളം എഴുതിയ തിരക്കഥ ഞാന്‍ വലിച്ചെറിഞ്ഞു. പിന്നീട് ഒന്നര വര്‍ഷമെടുത്താണ് പുതിയ തിരക്കഥ എഴുതിയത്. ആനന്ദ് മഹാദേവനും മറ്റുള്ളവര്‍ക്കുമൊപ്പം ചേര്‍ന്നാണ് അത് പൂര്‍ത്തിയാക്കിയത്,” ചിത്രത്തിലേക്കുള്ള യാത്രയെ കുറിച്ച് മാധവൻ പറഞ്ഞതിങ്ങനെ.
“എനിക്കുറപ്പാണ് രാജ്യത്തെ 95 ശതമാനം ആളുകള്‍ക്കും നമ്പി നാരായണന് ആരെന്ന് അറിയില്ല. അത് തീര്‍ച്ചയായും ഒരു ക്രൈമാണെന്ന് ഞാന്‍ കരുതുന്നു. ഇനി അറിയാവുന്ന ബാക്കി അഞ്ച് ശതമാനം ആളുകള്‍ക്ക് അദ്ദേഹത്തിന്റെ മുഴുവന്‍ കഥയും എന്തെന്ന് അറിയില്ല,” മാധവന്റെ ഈ വാക്കുകൾ തന്നെയാണ് ‘റോക്കറ്ററി’ എന്ന ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതും.
സിനിമയില്‍ എത്തും മുന്‍പ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് സ്പീക്കിങ് എന്നിവയില്‍ കോഴ്സുകള്‍ നടത്തിയിരുന്ന സമയത്താണ് മാധവന് തന്റെ ശിഷ്യയും കൂടുകാരിയുമായിരുന്ന സരിത ബിര്‍ജെയെ വിവാഹം കഴിച്ചത്. ഒരേയൊരു മകനാണ് വേദാന്ത്. ഗോള്‍ഫ് കളിയില്‍ തൽപരനായ മാധവന് മെര്‍സിഡീസ് ട്രോഫി ഗോള്‍ഫ് മീറ്റിന്റെ ദേശീയ തലത്തില്‍ വരെ ക്വാളിഫൈ ചെയ്യപ്പെട്ടിട്ടുണ്ട്.
Read More: അച്ഛന്റെ അഭിമാനതാരം: ദേശീയ തലത്തില്‍ നീന്തലില്‍ സ്വര്‍ണ്ണം നേടി നടന് മാധവന്റെ മകന് വേദാന്ത്