മലയാളത്തിന്‍റെ അഭിനയപ്പെരുമയ്ക്ക് അന്‍പത്തിയെട്ട് വയസ്സാവുകയാണിന്ന്. പതിനെട്ടാം വയസ്സില്‍ തുടങ്ങിയ അഭിനയജീവിതം നാല് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും തിളക്കമൊട്ടും കുറയുന്നില്ല. നിരൂപകര്‍ക്കും ബോക്സ് ഓഫീസിനും ഒരു പോലെ പ്രിയപ്പെട്ടവന്‍. മോഹന്‍ലാല്‍, കേരളത്തിന്‍റെ ലാലേട്ടന്‍.

‘ഏട്ടന്‍’ എന്ന് ചേര്‍ത്ത് വിളിച്ചു മലയാളി ചേര്‍ത്ത് പിടിച്ച ആദ്യ നടനായിരിക്കും ഒരുപക്ഷേ മോഹന്‍ലാല്‍.

അദ്ദേഹത്തിന്‍റെ കാലത്തിന് മുന്‍പുണ്ടായിരുന്ന ഇഷ്ടതാരങ്ങളെ നസീര്‍ സാര്‍, മധു സാര്‍ എന്നും സോമന്‍, സുകുമാരന്‍, ജയന്‍ എന്നുമൊക്കെയാണ് കേരളം അഭിസംബോധന ചെയ്തിരുന്നത്. മമ്മൂട്ടി-മോഹന്‍ലാല്‍ കാലം മുതലാണ്‌ മമ്മുക്കയെന്നും ലാലേട്ടനെന്നും വിളിച്ചു താരങ്ങളെ സ്ക്രീനില്‍ നിന്നും താഴെയിറക്കി, പ്രേക്ഷകര്‍ തങ്ങളുടെ അടുത്ത് നിര്‍ത്താന്‍ തുടങ്ങിയത്. ഇരുവരുടേയും ആരാധകവൃന്ദം ഈ വിളികളെ ഏറ്റെടുത്ത് സ്ഥിരപ്പെടുത്തുകയും ചെയ്തു.

മലയാളി ‘ഏട്ടാ’ എന്ന് വിളിച്ചു പോയതില്‍ മോഹന്‍ലാലിന്‍റെ ആദ്യ കാല കഥാപാത്രങ്ങള്‍ക്കും വലിയ പങ്കുണ്ട്. അതില്‍ പലതിലും പ്രേക്ഷകന്‍ അവനവനെത്തന്നെ കണ്ടിരുന്നു പലപ്പോഴും. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ പലതും വലിയ വിജയം കണ്ടു, മറക്കാനാവാത്ത കാഴ്ചാനുഭവങ്ങളായി. അതോടൊപ്പം വളര്‍ന്ന നടന്‍ സൂപ്പര്‍ താരമായി, ചിലപ്പോള്‍ സ്ക്രീനില്‍ അതിമാനുഷനായി. മലയാളി ഭാവുകത്വത്തിന് ദഹിക്കാന്‍ പ്രയാസമായിരുന്നു അവയില്‍ ചിലത് എങ്കിലും ലാലേട്ടനെ ഒരിക്കല്‍ പോലും തള്ളിപ്പറഞ്ഞില്ല സഹൃദയര്‍. കാരണം മോഹന്‍ലാല്‍ എന്ന നടന്‍ അതിനും മേലെയാണ് എന്ന് തെളിഞ്ഞ എത്രയോ സന്ദര്‍ഭങ്ങളിലൂടെ വാര്‍ത്തെടുത്തതാണ് മലയാളിക്ക് അദ്ദേഹത്തോടുള്ള സ്നേഹം.

മോഹന്‍ലാലിന് ശേഷം ഒരു വലിയ താര നിര തന്നെ മലയാളത്തില്‍ രംഗപ്രവേശം ചെയ്തുവെങ്കിലും, അവരുടെ പ്രതിഭ അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ മലയാളം സിനിമ നല്‍കിയെങ്കിലും, അഭിനയം എന്നാല്‍ മലയാളിക്ക് ഇപ്പോഴും മോഹന്‍ലാല്‍ തന്നെ.

മലയാളത്തിലും (ഒരു ചെറിയ അളവില്‍) തമിഴ്-തെലുങ്ക്‌-ഹിന്ദി എന്നീ ഭാഷാ ചിത്രങ്ങളിലും സാന്നിദ്ധ്യമറിയിച്ച അദ്ദേഹത്തിന് ഹോളിവുഡ് ഉള്‍പ്പടെയുള്ള അഭിനയത്തിന്‍റെ വലിയ സാധ്യതകള്‍ തേടിപ്പോകാമായിരുന്നു. മലയാളി ഇരു കൈകളും കൊണ്ട് ചേര്‍ത്ത് പിടിച്ചു വച്ചത് കൊണ്ടാവണം മോഹന്‍ലാല്‍ അത് ചെയ്തില്ല. എന്ന് മാത്രമല്ല, മലയാളത്തിലേക്ക് തന്നെ കൂടുതല്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. നിര്‍മ്മാതാവും വിതരണക്കാരനുമായി.

ജീവിതത്തിന്‍റെ രണ്ടാം പാദത്തിലേക്ക് അദ്ദേഹം ചുവടു വയ്ക്കുന്ന ഈ വേളയിലെങ്കിലും മലയാളി ആലോചിക്കണം. ആ നടനോട് നമ്മള്‍ എന്താണ് ചെയ്യുന്നത് എന്ന്.

സ്നേഹം കൊണ്ടും ആരാധന കൊണ്ടും ഒരേ വാര്‍പ്പ് മാതൃകകളിലെ മോഹന്‍ലാലിനെത്തന്നെ നമ്മള്‍ വീണ്ടും വീണ്ടും ഉണ്ടാക്കിക്കൊണ്ടിരിക്കുകയല്ലേ എന്ന്. അങ്ങനെ നമുക്ക് കാണാനായി മാത്രം നമ്മുടെ ചുറ്റുവട്ടത്ത് സൂക്ഷിക്കേണ്ട പ്രതിഭയാണോ മോഹന്‍ലാല്‍ എന്ന്.

ഈ പിറന്നാള്‍ അദ്ദേഹം ആഘോഷിക്കുന്നത് ലണ്ടനിലാണ്. അവിടെ വച്ച് ലോക സിനിമയിലെ ഏതെങ്കിലും മികച്ച സംവിധായകന്‍ മോഹന്‍ലാലിനെ കാണട്ടെ എന്നും അത് വഴി അദ്ദേഹം സിനിമയുടേയും അഭിനയത്തിന്‍റെയും പുതിയ ലോകങ്ങളിലേക്ക് കടക്കട്ടെ എന്നുമാണ് ഈ പിറന്നാള്‍ ദിനത്തില്‍ ആശംസിക്കാന്‍ തോന്നുന്നത്. കാലങ്ങളോളം മലയാളിക്ക് കണ്ടു രസിക്കാനുള്ളത് ചെയ്തു കഴിഞ്ഞല്ലോ. ഇനി ലോകം നിങ്ങളെ കാണട്ടെ ലാലേട്ടാ. അത് ഇവിടിരുന്ന് കണ്ട് കൈയ്യടിക്കാന്‍ കൊതിയാകുന്നു.

ചിത്രം: ഫേസ്ബുക്ക്‌

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ