കല്‍ഹാസന്‍റെ സിനിമാ ജീവിതം അഞ്ചുപതിറ്റാണ്ട് പിന്നിട്ട വേളയില്‍ അദ്ദേഹത്തെ ആദരിക്കാന്‍ തമിഴ് സിനിമാ ലോകം ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അന്നത്തെ ചടങ്ങില്‍ രജനീകാന്ത് കമല്‍ഹാസനെക്കുറിച്ച് പറഞ്ഞ ശ്രദ്ധേയമായ ഒരു കാര്യത്തെ കുറിച്ച് എഴുത്തുകാരി കെ.ആര്‍ മീര ‘വലിയ കമല്‍ഹാസനും ചെറിയ അമ്മയും’ എന്ന കുറിപ്പില്‍ എഴുതിയിരുന്നു.

Kamal Haasan

‘ആ ചടങ്ങില്‍ തമിഴ്നാട്ടുകാരനല്ലെങ്കിലും തമിഴ് സംസ്‌കാരത്തില്‍ അലിഞ്ഞു ജീവിക്കുന്ന രജനീകാന്ത് ഇങ്ങനെ പറഞ്ഞു: ”ഞങ്ങള്‍ കലൈത്തായോടു (കലാമാതാവ്) ചോദിച്ചു, അമ്മേ കലൈ തായേ നീ ഞങ്ങളെയെല്ലാം കയ്യില്‍ പിടിച്ചു നടത്തുമ്പോള്‍ കമല്‍ഹാസനെ മാത്രം ഒക്കത്തെടുക്കുന്നു. എന്തുകൊണ്ടാണ് ഈ വിവേചനം? അതിനു കലൈ തായ് പറഞ്ഞു, നിങ്ങളെല്ലാം എനിക്ക് ഈ ജന്‍മത്തില്‍ ജനിച്ച മക്കള്‍. പക്ഷേ, കമല്‍ഹാസന്‍ ഏഴു ജന്‍മമായി എനിക്കു മകന്‍.’

Kamal Haasan

Kamal Haasan

അതെ, അതുകൊണ്ടാണല്ലോ സിനിമാലോകം അദ്ദേഹത്തെ ഉലകനായകന്‍ എന്നു വിളിക്കുന്നത്. 1960കളിലാണ് കമല്‍ തന്‍റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തില്‍ ബാലതാരമായി എത്തി, ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി.

എം.ജി.ആര്‍, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, നാഗേഷ് തുടങ്ങി തെന്നിന്ത്യയിലെ എല്ലാ പ്രമുഖര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. എഴുപതുകളില്‍ ‘കന്യാകുമാരി’ എന്ന മലയാള ചിത്രത്തില്‍ നായകനായി എത്തി. ‘പതിനാറു വയതിനിലേ’യില്‍ ബുദ്ധിമാന്ദ്യമുള്ള ചെറുപ്പക്കാരന്‍ തൊട്ട് പിന്നീടിങ്ങോട്ട് അഭിനയചക്രവര്‍ത്തിയുടെ മാജിക്ക് നമ്മള്‍ കണ്ടു. മൂന്നു ദേശീയ അവാര്‍ഡുകള്‍. നൂറ്റി എഴുപതിലേറെ ബഹുമതികള്‍ ( ലോക റെക്കോര്‍ഡ് ), ഡാന്‍സ് കമ്പോസര്‍, കൊറിയോഗ്രാഫര്‍, സിനിമാ നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്…  ഒറ്റവാക്കില്‍ ഇതിഹാസം.

അഞ്ചുപതിറ്റാണ്ടുകളില്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഏറെയാണ്. ‘സിഗപ്പു റോജാക്കള്‍, രാജ പാര്‍വൈ, ഏക് ദുജെ കെലിയെ ,മൂണ്ട്രാം പിറൈ, സാഗര സംഗമം, നായകന്‍, ഇന്ത്യന്‍, ഹേ റാം, തേവര്‍ മകന്‍, അവ്വൈ ഷണ്മുഖി, ഗുണ, മഹാനദി.  മൈക്കിള്‍ മദന കാമരാജനില്‍ നാലു വേഷങ്ങളും ദശാവതാരത്തില്‍ പത്തു വേഷങ്ങളിലും ഇതിഹാസം നമുക്കു മുന്നിലെത്തി.

പരീക്ഷണങ്ങള്‍ നടത്തുകയും, സ്വയം നവീകരിക്കുകയും പുതുക്കിപ്പണിയുകയും ചെയ്യുന്ന കാലാകാരന്, ഇന്ത്യന്‍ സിനിമയുടെ ഇതിഹാസത്തിന്, ഉലകനായകന് ഇനിയ പുറന്തനാള്‍ വാഴ്ത്തുകള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook