scorecardresearch

ഭാവാലാപനത്തിന്റെ രാജ്ഞി, എന്റെ അമ്മ; ജാനകിയമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ചിത്ര

ചിത്രയെ ചേർത്തുനിർത്തി ‘എനിക്ക് വേണ്ടി ഇനിയെന്‍റെ മകള്‍ പാടും’ എന്ന് പറഞ്ഞ് പാട്ടുജീവിതം അവസാനിപ്പിച്ച ജാനകിയമ്മ. പതിറ്റാണ്ടുകളുടെ പഴക്കമുള്ള അത്യപൂർവ്വമായ ആ സ്നേഹബന്ധത്തിന്റെ കഥ

K S Chithra, S Janaki, S Janaki birthday
K S Chithra and S Janaki

സൗത്തിന്ത്യയുടെ വാനമ്പാടി ജാനകിയമ്മയുടെ ജന്മദിനത്തിൽ ആശംസകൾ നേരുകയാണ് പ്രിയഗായിക കെ എസ് ചിത്ര. 25 ഭാഷകളിലായി 48,000 ഓളം ഗാനങ്ങൾ പാടിയ വിസ്മയഗായികയായ ജാനകിയമ്മയുടെ 85-ാം ജന്മദിനമാണ് ഇന്ന്. “ഏറ്റവും പ്രചോദിപ്പിക്കുന്ന, ഭാവാലാപനത്തിന്റെ രാജ്ഞിയായ, ഏറ്റവും എളിമയുള്ള ഞങ്ങളുടെ പ്രിയപ്പെട്ട അമ്മയ്ക്ക് ജന്മദിനാശംസകൾ. പ്രിയപ്പെട്ട ജാനകി അമ്മേ ..നിങ്ങളുടെ നല്ല ആരോഗ്യത്തിനും സന്തോഷത്തിനും ദീർഘായുസ്സിനും വേണ്ടി എപ്പോഴും ദൈവത്തോട് പ്രാർത്ഥിക്കുന്നു. അമ്മയ്ക്ക് മനോഹരമായ ജന്മദിനം ആശംസിക്കുന്നു,” എന്നാണ് ചിത്ര കുറിച്ചത്.

കെ എസ് ചിത്രയ്ക്ക് എസ് ജാനകി ആര് എന്ന ചോദ്യത്തിന് അമ്മ എന്നാവും ഉത്തരം. അമ്മയെ പോലെ താൻ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ജാനകിയമ്മ എന്ന് പലകുറി അഭിമുഖങ്ങളിൽ ചിത്ര വാചാലയായിട്ടുണ്ട്. ആദ്യമായി ജാനകിയമ്മയ്ക്ക് മുന്നിലിരുന്ന് കീർത്തനം പാടിയതു മുതൽ ഇന്നോളം തന്നെ പിൻതുടരുന്ന ആ സ്നേഹഗാഥയെ കുറിച്ച് പലവുരു ചിത്ര സംസാരിച്ചിട്ടുണ്ട്. സംഗീതം കോര്‍ത്തിണക്കിയ ആ സ്നേഹത്തെക്കുറിച്ച്, അത്യപൂര്‍വ്വമായ ഒരു കര്‍മ്മബന്ധത്തെക്കുറിച്ച് കെ എസ് ചിത്ര മുൻപൊരിക്കൽ ഐ ഇ മലയാളത്തോട് സംസാരിച്ചതിങ്ങനെ.

കുഞ്ഞു ചിത്രയുടെ നെറുകയിൽ വിരലുകൾ വച്ച് അനുഗ്രഹിച്ച ജാനകിയമ്മ

ഒരു നവരാത്രിക്കാലത്താണ് ഗായിക എസ് ജാനകിയുടെ വീട്ടിലേക്ക് ചിത്ര എന്നൊരു മലയാളി പെണ്‍കുട്ടി അവളുടെ അച്ഛനോടൊപ്പം കയറി ചെന്നത്.  സരസ്വതി പൂജയ്കായി വീട്ടില്‍ ‘ബൊമ്മക്കൊലു’ വച്ചിരിക്കുകയാണ്.  ആ പെണ്‍കുട്ടി അന്നവിടെയിരുന്ന് ഒരു കീര്‍ത്തനം പാടി.  അപ്പോള്‍ അവളുടെ മനസ്സ് നിറയെ, താന്‍ ആരാധിക്കുന്ന ഗായികയെ നേരില്‍ കണ്ടതിന്‍റെ സന്തോഷമായിരുന്നു.  മികച്ച ഒരു ഗായികയെ കേട്ടതിന്‍റെ സന്തോഷം ജാനകിക്കും ഉണ്ടായിരുന്നിരിക്കണം.  പോരാന്‍ നേരം, പ്രസാദത്തിന്‍റെ കൂടെ അവരവള്‍ക്ക് ചില സമ്മാനങ്ങളും നല്‍കി, നന്നായി പാടി എന്നും പറഞ്ഞു.

ഒരുപക്ഷെ അന്ന് തന്നെ എസ് ജാനകി മനസ്സില്‍ ചോദിച്ചിരുന്നിരിക്കണം, ‘ഈ കേട്ടത് എന്‍റെ തന്നെ തുടര്‍ച്ചയല്ലേ’ എന്ന്.  എന്നാല്‍ മൂന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് അവരത് അത് പുറത്തു പറഞ്ഞത്.  തന്‍റെ ‘പാട്ട് ജീവിതം’ അവസാനിപ്പിക്കുന്ന വിവരം ലോകത്തെ അറിയിച്ചപ്പോള്‍ – ‘എനിക്ക് വേണ്ടി ഇനിയെന്‍റെ മകള്‍ പാടും’ എന്ന്. കെ എസ് ചിത്ര എന്ന ആ പെണ്‍കുട്ടി അപ്പോഴേക്കും തെന്നിന്ത്യയുടെ അഭിമാനസ്വരമായും എസ് ജാനകിയുടെ മാനസപുത്രിയായും മാറിക്കഴിഞ്ഞിരുന്നു.   

‘പരിചയപ്പെട്ടത്‌ മുതല്‍ തന്നെ എന്നെ വലിയ കാര്യമാണ് ജാനകിയമ്മയ്ക്ക്.  പാട്ടില്‍ എന്തൊക്കെ നന്നാക്കാം, സ്റ്റേജിലും പ്ലേ ബാക്ക് പാടുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – ഇതൊക്കെ പറഞ്ഞും തിരുത്തിയും തന്നിട്ടുണ്ട്.  അതിനെക്കാളുമൊക്കെ അപ്പുറത്ത് ഒരു അമ്മയുടെ സ്നേഹം തന്നിട്ടുണ്ട്.’

ഓര്‍മ്മയുടെ പടവുകള്‍

ആദ്യമായി കണ്ടത് മദ്രാസില്‍ വച്ചാണ്.  ദാസേട്ടന്‍റെ മാനേജര്‍ ആയിരുന്ന കുഞ്ഞുണ്ണി ചേട്ടന്‍റെ വീട്ടില്‍ വച്ച്.  കുഞ്ഞുണ്ണി ചേട്ടന്‍ വയലിനിസ്റ്റും കൂടിയാണ്.  അദ്ദേഹത്തിന്‍റെ ഭാര്യ നന്ദിനി ചേച്ചി.  പണ്ട് മദ്രാസില്‍ റെക്കോര്‍ഡിംഗിന് പോകുമ്പോള്‍ ഞാന്‍ ഇടയ്ക്കു അവരുടെ വീട്ടില്‍ ചെന്നിരിക്കും.  നന്ദിനി ചേച്ചിക്ക് എന്നോട് വലിയ സ്നേഹമായിരുന്നു.  എനിക്ക് വയ്യാതെയാകുമ്പോള്‍ കഞ്ഞിയൊക്കെ വച്ച് തന്നു കൂടെയിരുന്നു പരിചരിക്കും.  നന്ദിനി ചേച്ചി കുറച്ച് വര്‍ഷം മുന്‍പ് മരിച്ചു.

നന്ദിനി ചേച്ചിയെയാണ് ‘ബൊമ്മക്കൊലു’ വിന് ജാനകിയമ്മ അന്ന് ക്ഷണിച്ചത്.  എനിക്കന്ന് അവരോട് ആരാധന മൂത്തിരിക്കുന്ന കാലം.  ആരാധന എന്നല്ല അതിനപ്പുറത്ത് വേറെ എന്തെങ്കിലും വാക്കുണ്ടെങ്കില്‍ അതാണ്‌ പറയേണ്ടത്.  ഞാനും കൂടെ ഒന്ന് വന്നോട്ടെ എന്ന് ചോദിച്ചു.  സരസ്വതി പൂജയ്ക്ക് വീട്ടില്‍ വരാന്‍ ചോദിക്കേണ്ട കാര്യമുണ്ടോ എന്ന് മറുപടി വന്നു.  അങ്ങനെയാണ് ഞാന്‍ അന്നവിടെ ചെല്ലുന്നത്.

പിന്നീട് പലപ്പോഴും പോയിട്ടുണ്ട്  അവരുടെ വീട്ടില്‍.  അവരുടെ കുടുംബത്തിലുള്ളവര്‍ക്കും എന്നെ വലിയ വിശ്വാസമാണ്.   ഒരിക്കല്‍ തിരുവനന്തപുരത്ത് ഒരു പ്രോഗ്രാം വന്നു.  അന്ന് അമ്മയുടെ കൂടെ ചെല്ലാന്‍ ആരുമില്ല.  അപ്പോള്‍ അവരുടെ മകന്‍ എന്നോട് ചോദിച്ചു, ‘ചേച്ചി നോക്കുമോ അമ്മയെ, എങ്കില്‍ ഞാന്‍ അയയ്ക്കാം’ എന്ന്.  ഉടന്‍ തന്നെ ഞാന്‍ പറഞ്ഞു ചെയ്യാമെന്ന്.  എനിക്ക് ഇതില്‍പരം സന്തോഷം വേറെയുണ്ടോ.

രണ്ടു ദിവസം തിരുവനന്തപുരത്തെ എന്‍റെ ഭര്‍ത്താവിന്‍റെ വീട്ടില്‍ അമ്മ വന്നു താമസിച്ചു.  എന്‍റെ അമ്മായിയമ്മ നന്നായി ഭക്ഷണം പാകം ചെയ്യും.  ജാനകിയമ്മയ്ക്കിഷ്ടപെട്ട വിഭങ്ങളെല്ലാം അന്ന് വീട്ടില്‍ ഒരുക്കി.  പ്രോഗ്രാം ഭംഗിയായി കഴിഞ്ഞു, അമ്മയെ ഞാന്‍ ഭദ്രമായി തിരികെ കൊണ്ട് ചെന്നാക്കി.

ഓര്‍മ്മയില്‍ നില്‍ക്കുന്ന മറ്റൊരു സംഭവം ശ്രീലങ്കയില്‍ വച്ചാണ്.  ജാനകിയമ്മയും ഞാനും ഉള്‍പ്പെടെയുള്ള ഇളയരാജ സാറിന്‍റെ  ഗ്രൂപ്പ്‌ യാത്ര ചെയ്ത് കൊളംബോയില്‍ എത്തിയപ്പോഴാണ് അറിയുന്നത് അമ്മയുടെ ബാഗേജ് ആ ഫ്ലൈറ്റില്‍ വന്നില്ല എന്ന്.  അമ്മയുടെ വസ്ത്രങ്ങളും മരുന്നുകളും ഒക്കെ അതിലായിരുന്നു.  അന്ന് അമ്മയുടെ കൂടെ വന്നത് അവരുടെ ഭര്‍ത്താവിന്‍റെ സഹോദരിയാണ്.  അവര്‍ അതന്വേഷിച്ചു പോയപ്പോള്‍ അമ്മയ്ക്ക് കൂട്ടിരുന്നത് ഞാനാണ്.  കാലിനൊക്കെ ചെറിയ പ്രശ്നമുണ്ട് അമ്മയ്ക്ക്.  വേദനിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ‘ഞാന്‍ തിരുമ്മിത്തരാമെന്ന്’, അങ്ങനെ ഒരു കുടുംബത്തിലെന്ന പോലെയുള്ള ബന്ധമാണ്.

പ്രോഗ്രാമിന് പോകാന്‍ നേരം എന്‍റെ പെട്ടിയിലെ സാധനങ്ങള്‍ എടുത്താണ് അമ്മ ഒരുങ്ങിയത്.  സ്റ്റേജില്‍ പറയുകയും ചെയ്തു, ‘ഞാനുടുത്തിരിക്കുന്ന സാരി മുതല്‍ തൊട്ടിരിക്കുന്ന പൊട്ട് വരെ ചിത്രയുടേതാണ്’ എന്ന്.

മറക്കാനാവാത്ത മറ്റൊരു സംഭവവും സ്റ്റേജില്‍ തന്നെയാണ്, അതും ശ്രീലങ്കയില്‍ തന്നെ.  ഞാൻ പൊതുവേ ഒരു നാണംകുണുങ്ങിയാണ്.  പാട്ടിനിടയില്‍ ചിരിക്കേണ്ടി വരുമ്പോഴൊക്കെ എങ്ങനെ അതൊഴിവാക്കാം എന്നാണു ഞാന്‍ നോക്കുന്നത്.

‘തേവര്‍ മകനി’ലെ ‘ഇഞ്ചി ഇടുപ്പഴഗാ’ എന്ന പാട്ട് സ്റ്റേജിൽ പാടാൻ എസ്‌ പി ബി സാർ എന്നെയും ജാനകിയമ്മയെയും വിളിച്ചു.  ആ പാട്ടിലെ ‘മറക്കമനം കൂടുതില്ലയേ’ എന്ന വരികൾ ജാനകിയമ്മ വളരെ റസ്റ്റിക് ആയി, ഒരു ഗ്രാമീണ എക്സ്പ്രഷൻ കൊടുത്ത് പാടി.  എനിക്ക് പക്ഷേ അങ്ങനെ പാടാന്‍ ഒരു ചമ്മൽ, ഞാൻ സ്ട്രൈറ്റ്‌ ആയി അതങ്ങ് പാടി.  അതുകേട്ടപ്പോൾ എസ് പി ബി സാര്‍ സ്റ്റേജില്‍ അത് ചൂണ്ടിക്കാട്ടി. ‘രണ്ടു ഗായികമാർ തമ്മിലുളള വ്യത്യാസം കണ്ടോയെന്ന്’.  ജാനകിയമ്മയ്ക്ക് അതു കേട്ടപ്പോൾ വിഷമമായി.  സ്റ്റേജിനു പുറകിൽ വന്നു ‘എന്നാലും ബാലു അങ്ങനെ പറയരുതായിരുന്നു, നീ വിഷമിക്കരുത്’ എന്ന് പറഞ്ഞു.

അന്നമ്മ എനിക്ക് പറഞ്ഞു തന്ന ഒരു പാഠമുണ്ട്.  ‘റെക്കോർഡിംഗ് സമയത്ത് മൈക്കിനു മുന്നിൽ നിന്ന് പാടുമ്പോൾ നമ്മളെ ആരും കാണുന്നില്ല.  അപ്പോൾ എക്സ്പ്രഷൻ കൊടുക്കേണ്ട സമയത്ത് കണ്ണുമടച്ച് കൊടുത്തേക്കണം.  ചിരിക്കേണ്ടി വന്നാൽ ചിരിക്കണം’. അമ്മ പറഞ്ഞപ്പോൾ എനിക്ക് ധൈര്യമായി.  അതിന് ശേഷമാണ്  ചെറുതായി എക്സ്പ്രഷനൊക്കെ കൊടുത്ത് ഞാൻ പാടാൻ തുടങ്ങിയത്.

ഇപ്പോള്‍ അമ്മ ഹൈദെരാബാദിലാണ് താമസം.  എയര്‍പോര്‍ട്ടിനടുത്താണ് വീട്.  അത് കൊണ്ട് അതിലെ പോകുമ്പോഴൊക്കെ അമ്മയെ കാണാന്‍ പോകാറുണ്ട്.  എന്നാല്‍ അങ്ങനെ പോരാ, ഇവിടെ വന്നു എന്‍റെ കൂടെ കുറച്ച് ദിവസം നില്‍ക്കണം എന്ന് അമ്മ പറയുന്നു.  ഞാന്‍ പോയാല്‍ പിന്നെ അമ്മ തന്നെ അടുക്കളയില്‍ കയറി പാചകം തുടങ്ങും.  എനിക്ക് കുക്കിംഗ്‌ അത്ര പിടിയില്ല.  അത് കൊണ്ട് സഹായിക്കാനും പറ്റില്ല.  അമ്മ ഒറ്റയ്ക്ക് ഇതെല്ലാം കൂടി ചെയ്യും.  അതൊഴിവാക്കാനാണ് പലപ്പോഴും പെട്ടന്ന് മടങ്ങുന്നത്.

സ്വരം നന്നായിരിക്കുമ്പോള്‍ നിര്‍ത്തുന്ന പാട്ട്

കുറെയായി അമ്മ പറയുന്നുണ്ടായിരുന്നു, ഇനി പാടുന്നില്ല എന്ന്.  ഞങ്ങളൊക്കെ സ്നേഹപൂര്‍വ്വം പറഞ്ഞത് കൊണ്ടാണ് നിര്‍ത്താതിരുന്നത്.  പ്രായത്തിന്റെതായ ചില പ്രശ്നങ്ങളൊഴിച്ചാല്‍ പാടാന്‍ അമ്മയ്ക്ക് വേറെ പ്രയാസങ്ങളൊന്നുമില്ല.  പിന്നെ എല്ലാ ദിവസവും ഒരു പോലെ പാടാന്‍ പറ്റി എന്ന് വരില്ല.  എല്ലാ ഗായകര്‍ക്കും ഉള്ളതാണത്.  വോയിസ്‌ വിചാരിച്ച പോലെ ആയില്ലെങ്കില്‍ റെക്കോര്‍ഡിംഗ് മാറ്റി വച്ച് വേറെ ഒരു ദിവസം റെക്കോര്‍ഡ്‌ ചെയ്യും.  അങ്ങനെ ഒന്ന് രണ്ട് തവണ സംഭവിച്ചപ്പോളാണ് അമ്മ നിര്‍ത്താം എന്ന് പറഞ്ഞു തുടങ്ങിയത്.

എങ്കിലും അമ്മ പൂര്‍ണ്ണമായും സംഗീതത്തില്‍ നിന്നും മാറി നില്‍ക്കും എന്ന് കരുതുന്നില്ല.  ഭക്തി ഗാനങ്ങളും കമ്പോസിംഗും ഒക്കെ തുടര്‍ന്നും ചെയ്യും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.  മ്യൂസിക്‌ അറിയുന്ന ഒരാള്‍ക്ക്‌ അങ്ങനെ പാടാതിരിക്കാന്‍ കഴിയില്ല.  മരണം വരെ പാടണം എന്ന് തന്നെയാവും ഓരോ സംഗീതജ്ഞനും വിചാരിക്കുന്നത്.

സംഗീതത്തിന്‍റെ തുടര്‍ച്ച, സ്നേഹത്തിന്‍റെയും

എന്‍റെ സംഗീതം ഇനി ചിത്ര മുന്നോട്ട് കൊണ്ട് പോകും എന്നമ്മ പറഞ്ഞു കേള്‍ക്കുന്നത് സന്തോഷമാണ്.  അതൊരു വലിയ ഉത്തരവാദിത്തവും കൂടിയാണ്.  കാരണം എസ് ജാനകിയെപ്പോലെ പാടുക എന്നത് എളുപ്പമുള്ള കാര്യമല്ല.  അവര്‍ പിന്‍വാങ്ങുമ്പോള്‍ വരുന്ന വിടവ് അത്ര പെട്ടന്നൊന്നും നികത്താന്‍ പറ്റും എന്നും ഞാന്‍ കരുതുന്നില്ല.

പല ഭാഷകളില്‍ പാടുമ്പോഴും, അതിന്‍റെ തനതു സ്വഭാവം നിലനിര്‍ത്തും എന്നതാണു അവരുടെ പാട്ടിന്‍റെ പ്രത്യേകത.  നമുക്കറിയാത്ത ഭാഷയാണെങ്കില്‍ കൂടി, ജാനകിയമ്മ പാടുമ്പോള്‍, അവരുടെ ഉച്ചാരണത്തില്‍ വരുന്ന സ്വാഭാവികത കാരണം, വരികളുടെ അര്‍ത്ഥം നമുക്ക് മനസ്സിലാകും.  ഓരോ വാക്കിനും കൊടുക്കുന്ന ഭാവം അത്ര പെര്‍ഫെക്റ്റ്‌ ആയിരിക്കും.

അമ്മയോടൊപ്പം ഞാന്‍ ചില പാട്ടുകള്‍ പാടിയിട്ടുണ്ട്.  അമ്മ ഒരു ഭാഷയില്‍ പാടിയതിന്റെ മറ്റു ഭാഷാ പകര്‍പ്പുകള്‍ ഞാന്‍ പാടിയിട്ടുണ്ട്.  ഉദാഹരണത്തിന് മണിരത്നം സംവിധാനം ചെയ്ത് മമ്മൂട്ടിയും രജനികാന്തും അഭിനയിച്ച ‘ദളപതി’ എന്ന സിനിമയിലെ ‘സുന്ദരി കണ്ണാല്‍ ഒരു സെയ്തി’ എന്ന പാട്ട് അമ്മയാണ് തമിഴില്‍ പാടിയത്.  അതിന്‍റെ തെലുങ്ക്‌ പകര്‍പ്പ് ഞാനും പാടി.  അമ്മ ഹൈദെരാബാദില്‍ ആണ് താമസം എന്ന് പറഞ്ഞല്ലോ.  അപ്പോള്‍ തെലുങ്ക് പാട്ടുകള്‍ ആവും കൂടുതല്‍ കേള്‍ക്കുന്നത് എന്നുള്ളത് കൊണ്ടാകാം, അമ്മ  കൂടുതല്‍ കേട്ടിരിക്കുന്നത് ഞാന്‍ പാടിയ തെലുങ്ക് പതിപ്പാണ്‌. തമിഴില്‍ ഇതേ പാട്ട് പാടിയത് അമ്മ മറന്നു പോയി എന്ന് തോന്നുന്നു.  ഞാന്‍ പിന്നീട് ഓര്‍മ്മിപ്പിച്ചു, അമ്മയും പാടിയിട്ടുണ്ട് ഇതേ പാട്ട് എന്ന്.

ഇഷ്ടഗാന ലിസ്റ്റ്

ജാനകിയമ്മ പാടിയ പാട്ടുകളില്‍ എനിക്കിഷ്ടപ്പെട്ട പാട്ടുകള്‍ എന്ന് ചോദിച്ചാല്‍ ഒരു വലിയ ലിസ്റ്റ് തരേണ്ടി വരും.  എല്ലാ പാട്ടുകളും ഇഷ്ടമാണ് എന്നാണ് പറയേണ്ടത്.  പാട്ടുകളോളം തന്നെ ഇഷ്ടമാണ് അവര്‍ പാടിയ പാട്ടുകള്‍ പഠിക്കുന്നത്.  അതൊരു പ്രത്യേക അനുഭവമാണത്.  അതിപ്പോഴും ചെയ്യാറുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Happy birthday janakiamma singer k s chithra wishes

Best of Express