Happy Birthday Fahadh Fazil: കോവിഡ്കാലം സിനിമാവ്യവസായത്തെയും പ്രതിസന്ധിയിലാക്കിയതിനാൽ ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും സിനിമാചർച്ചകളിൽ നിന്നും അകന്ന് വീടുകളിൽ കഴിയുകയാണ് താരങ്ങളെല്ലാം. സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ആരാധകരുമായി കണക്റ്റ് ചെയ്താൻ ശ്രമിക്കുകയാണ് താരങ്ങളെല്ലാം തന്നെ. നടി നസ്രിയ നസീം പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെശ്രദ്ധ കവരുന്നത്. തന്റെ ഹൃദയം കവർന്ന മനുഷ്യൻ എന്നാണ് നസ്രിയ ഫഹദിനെ വിശേഷിപ്പിക്കുന്നത്.
നാളെയാണ് ഫഹദിന്റെ 38-ാം ജന്മദിനം. താരത്തിന്റെ ജന്മദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകരും സുഹൃത്തുക്കളും കുടുംബവുമെല്ലാം. 1982 ആഗസ്ത് എട്ടിനായിരുന്നു ഫഹദിന്റെ ജനനം.
ചിത്രത്തിന് കമന്റുമായി ഫഹദിന്റെ സഹോദരൻ ഫർഹാനും രംഗത്ത് എത്തിയിട്ടുണ്ട്.
Read more: എന്നെ നടനാക്കിയ ഇര്ഫാന്: ഫഹദ് ഫാസില്‍ എഴുതുന്നു
മലയാളത്തിലെ മികച്ച നടനാര് എന്ന് ഇപ്പോള്‍ ചോദിച്ചാല്‍ ഏതൊരു സിനിമാ പ്രേമിയുടെയും മനസ്സില്‍ വരുന്ന ആദ്യ അഞ്ചു പേരുകളില്‍ ഒന്നായിരിക്കും ഫഹദ് ഫാസിലിന്റെത്. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്നിലെ നടനെ അടയാളപ്പെടുത്തുക മാത്രമല്ല, കാലം പോകും തോറും കൂടുതല്‍ കൂടുതല്‍ രാകി മിനുക്കുകയും ചെയ്യുന്നുണ്ട് ഈ ചെറുപ്പക്കാരന്.
താരസിംഹാസനങ്ങൾ ലക്ഷ്യമിട്ട് സഞ്ചരിക്കുന്ന ഒരു അഭിനേതാവല്ല ഫഹദ് എന്നു പറയേണ്ടി വരും, ഫഹദിന്റെ ഇതു വരെയുള്ള ‘ഫിലിമോഗ്രാഫി’ പരിശോധിക്കുമ്പോൾ. ഒരു നടന്റെ അഭിനയ സാധ്യതകളുടെ പുത്തൻ മേച്ചിൽപ്പുറങ്ങളാണ് ഓരോ കഥാപാത്രത്തിലും ഫഹദ് തേടുന്നത്. ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ മുതലിങ്ങോട്ട് പ്രകടമായി കാണാവുന്ന, വ്യത്യസ്ത കഥാപാത്രങ്ങൾക്കു പിറകെയുള്ള ഫഹദിന്റെ യാത്ര അടയാളപ്പെടുത്തുന്നതും ഫഹദിലെ ‘ഫ്ളെക്സിബിൾ’ ആയ നടനെ തന്നെയാണ്.
ഒരു നടനെന്ന നിലയിൽ തന്റെ തന്നെ പരിമിതികളെ മറികടക്കാനും തന്റെ പ്രതിഭയുടെ പുതിയ മാനങ്ങൾ കണ്ടെത്താനുമാണ് ഫഹദ് ശ്രമിക്കുന്നത് എന്നതു തന്നെയാവാം ഫഹദ് മലയാളിയ്ക്ക് മുന്നില്‍ കാഴ്ച വയ്ക്കുന്ന വൈവിധ്യങ്ങളുടെ അടിസ്ഥാനം. താരപദവിയുടെ തടവറകളിലേക്ക് ഒതുങ്ങാതെ, തന്നിലെ നടനെ കഥാപാത്രങ്ങൾക്കായി വിട്ടു കൊടുക്കുകയാണ് ഫഹദ്. ‘ഹീറോ’ പരിവേഷങ്ങളിലേക്ക് കൂടു മാറാതെ നടൻ എന്ന ‘പ്രിമൈസി’ൽ തന്നെ അയാൾ നിലയുറപ്പിക്കുന്നു എന്നതും സമകാലികരായ മറ്റു താരങ്ങളിൽ നിന്നും ഫഹദെന്ന നടനെ വ്യത്യസ്തനാക്കുന്നുണ്ട്. എന്നാല്‍ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണമെന്ന നിശ്ചയദാർഢ്യത്തിന്റെയും സിനിമാ സമീപന രീതികളുടെയും പ്രത്യേകത കൊണ്ട് ഫഹദ് എന്ന നടന് മെയിന്‍സ്ട്രീമിന്റെ വഴിയോരങ്ങളിലേക്ക് ചുരുക്കപ്പെടുന്നുമില്ല. മിനിമം ബോക്സ് ഓഫീസ് ഗ്യാരണ്ടിയുള്ള ഒരു ‘സിനിമാ കോംപോണന്റ്’ ആയി കൂടി തന്നെയാണ് ഫഹദ് ഫാസില്‍ മലയാള സിനിമയില്‍ തന്നെ അടയാളപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Read more: ഉലകനായകന്റെ ഇഷ്ട നടൻമാരിൽ ഫഹദ് ഫാസിലും; ഏറ്റെടുത്ത് ആരാധകർ